രണ്ട് ദിവസത്തെ ഇടവേളയ്ക്ക് ശേഷം ശബരിമലയിൽ വൻ ഭക്തജനത്തിരക്ക്. ഇന്നലെ 90,000-ഓളം പേർ മല ചവിട്ടി. പമ്പയിലെയും സന്നിധാനത്തെയും തിരക്കനുസരിച്ചാണ് കൂടുതൽ പേർക്ക് സ്പോട്ട് ബുക്കിംഗ് അനുവദിക്കുക. പുലർച്ചെ നട തുറന്നത് മുതൽ തീർത്ഥാടകരുടെ തിരക്കാണ് ശബരിമലയിൽ അനുഭവപ്പെടുന്നത്.
കഴിഞ്ഞ വെള്ളിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് ദർശനത്തിനുള്ള തിരക്കു കുറഞ്ഞത്. ശനിയും ഞായറും ഇത് തുടർന്നു. തീർഥാടനം തുടങ്ങി 16 ദിവസം പിന്നിടുമ്പോൾ ദർശനം നടത്തിയ ഭക്തരുടെ എണ്ണം 13.36 ലക്ഷമായി ഉയർന്നു. എഡിജിപി എസ്.ശ്രീജിത്ത് സന്നിധാനത്ത് എത്തി പൊലീസിന്റെ ക്രമീകരണങ്ങൾ വിലയിരുത്തി.
അതേസമയം തീർഥാടകർക്കുള്ള ദേവസ്വം ബോർഡ് അന്നദാനത്തിൽ ഇന്ന് ഉച്ചമുതൽ കേരളീയ സദ്യ നൽകാനുള്ള തീരുമാനം ബോർഡ് അംഗങ്ങളുടെ തർക്കത്തെ തുടർന്നു നീട്ടി. 5ന് ചേരുന്ന ദേവസ്വം ബോർഡ് യോഗത്തിനുശേഷം ടെൻഡർ നടപടികൾ പൂർത്തിയാക്കി മാത്രമാണ് സദ്യ തുടങ്ങുക.
അതിനിടെ ശബരിമലയിലെ അടിസ്ഥാന സൗകര്യങ്ങളെ കുറിച്ച് നിലവിൽ പരാതികളില്ലെന്ന് ശബരിമല എഡിഎം ഡോ.അരുൺ എസ് നായർ പറഞ്ഞു. സന്നിധാനത്തെയും പമ്പയിലെയും തിരക്ക് അനുസരിച്ച് കൂടുതൽ സ്പോട്ട് ബുക്കിംഗ് അനുവദിക്കും. മരുന്നു കഴിക്കുന്നവരും അസുഖബാധിതരും സാവധാനം മലകയറണമെന്നും ഡോ.അരുൺ എസ് നായർ ഐഎഎസ് പറഞ്ഞു.



