ഐപിഎൽ പത്തൊമ്പതാം സീസൺ മുന്നോടിയായിയുള്ള മിനി താരലേലത്തിന് രജിസ്റ്റർ ചെയ്ത് താരങ്ങൾ. 1355 താരങ്ങളാണ് ഇത്തവണ ലേലത്തിന് എത്തുന്നത്. ഓസ്ട്രേലിയൻ താരം കാമറൂൺ ഗ്രീൻ ഉൾപ്പെടെ 45 താരങ്ങൾക്ക് രണ്ട് കോടി രൂപയാണ് അടിസ്ഥാന വില. ഇന്ത്യൻ താരങ്ങളായ വെങ്കടേഷ് അയ്യരും രവി ബിഷ്ണോയിയും ഈ പട്ടികയിലുണ്ട്.
മിനി താരലേലത്തിൽ 237 കോടിയാണ് പത്ത് ഫ്രാഞ്ചൈസികൾക്കുമായി ചെലവഴിക്കാൻ ശേഷിക്കുന്ന തുക. മുൻ ചാംപ്യൻമാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ് ഏറ്റവും കൂടുതൽ തുക കൈവശമുള്ളത്.
അതേസമയം, ഓസ്ട്രേലിയൻ ഓൾറൗണ്ടർ ഗ്ലെൻ മാക്‌സ്‌വെൽ ഇത്തവണ ഐപിഎല്ലിനില്ല. താരലേലത്തിൽ നിന്ന് പിൻമാറിയെന്ന് മാക്സ്‌വെൽ അറിയിച്ചു. 14 വർഷം നീണ്ട ഐപിഎൽ യാത്രയിൽ ഇന്ത്യയോടുള്ള നന്ദി താരം സാമൂഹിക മാധ്യമങ്ങളിൽ കുറിച്ചു.
തൻ്റെ കരിയറിലും വ്യക്തി ജീവിതത്തിലും ഐപിഎൽ ഏറെ സ്വാധീനം ചെലുത്തിയെന്നും എക്കാലവും ഇന്ത്യ മനസിലുണ്ടാകുമെന്നും ആണ് കുറിപ്പ്. പഞ്ചാബ് താരമായ മാക്സ്‌വെല്ലിനെ ലേലത്തിന് മുന്നോടിയായി ടീം റിലീസ് ചെയ്തിരുന്നു.



