ഐഫോൺ ആരാധകർക്ക് സന്തോഷവാർത്തയുമായി. ആപ്പിളിന്റെ ബജറ്റ്-സൗഹൃദ സ്മാർട്ട്ഫോണായ ഐഫോൺ 17e 2026 ഫെബ്രുവരിയിൽ അവതരിപ്പിക്കാൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്. വില കുറവാണെങ്കിലും, ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 17ന് സമാനമായ ക്യാമറ ഫീച്ചറുകൾ ഈ പതിപ്പിൽ ഉണ്ടാകുമെന്നാണ് സൂചന. ഫോട്ടോകളുടെ ചിത്രങ്ങളുടെ ഗുണനിലവാരം വർധിപ്പിക്കാൻ സഹായിക്കുന്ന ഒരു പുതിയ സെൽഫി സെൻസർ ഐഫോൺ 17eക്ക് ലഭിക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.
ഐഫോൺ 17e ക്ക് അതിന്റെ ഫ്ലാഗ്ഷിപ്പ് മോഡലായ ഐഫോൺ 17 സ്റ്റാൻഡേർഡ് മോഡലിലെ സമാനമായ സെൽഫി ക്യാമറ ലഭിക്കാൻ സാധ്യതയുണ്ട്. ഈ വർഷം 12 മെഗാപിക്സൽ ഫ്രണ്ട് ക്യാമറയ്ക്ക് പകരം ഐഫോൺ 17ൽ ഉൾപ്പെടുത്തിയ 18 മെഗാപിക്സൽ സെൽഫി സെൻസർ ഐഫോൺ 17eയിലും കൊണ്ടുവരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഈ സെൻസർ ഫോൺ തിരിക്കാതെ തന്നെ വെർട്ടിക്കൽ, ഹൊറിസോണ്ടൽ സെൽഫികൾ എടുക്കാൻ കഴിവുള്ളതായിരിക്കും.
പുതിയ എഐ19 ചിപ്പ്, ഡൈനാമിക് ഐലൻഡ് പോലുള്ള ഡിസൈൻ, ഹാർഡ്വെയർ അപ്ഗ്രേഡുകളും ഐഫോൺ 17eയിൽ പ്രതീക്ഷിക്കാമെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. മുൻ മോഡലിലേത് പോലുള്ള 6.1 ഇഞ്ച് OLED ഡിസ്പ്ലേയും 60 Hz റിഫ്രഷ് റേറ്റും ഐഫോൺ 17eയിലും അവതരിപ്പിക്കും. പിൻഭാഗത്തെ 48 മെഗാപിക്സൽ സിംഗിൾ ക്യാമറയിൽ മാറ്റമുണ്ടായേക്കില്ലെങ്കിലും അതിന്റെ പ്രകടനത്തിൽ ചില മെച്ചപ്പെടുത്തലുകൾ പ്രതീക്ഷിക്കുന്നുണ്ട്.
4,000 mAh ബാറ്ററിയും 20W വയേർഡ് ഫാസ്റ്റ് ചാർജിങ്ങും ഫോണിനുണ്ടാകും. എന്നാൽ, എല്ലാ ആപ്പിൾ ഉൽപ്പന്നങ്ങളെയും പോലെ, ഐഫോൺ 17eയുടെ മുഴുവൻ സവിശേഷതകളും ലോഞ്ച് ചെയ്യുന്ന സമയത്ത് മാത്രമേ കമ്പനി ഔദ്യോഗികമായി പുറത്തുവിടുകയുള്ളൂ.



