ശബരിമലയിൽ തീർത്ഥാടകരുടെ തിരക്ക് തുടരുന്നു. ഇന്നലെ രാത്രി 11 മണി വരെയുള്ള തീർത്ഥാടകരുടെ എണ്ണം 80,000 ത്തിലധികം. അവധി ദിവസങ്ങളുടെ ഇടവേളയ്ക്ക് ശേഷമാണ് ഭക്തജനത്തിരക്ക് തുടർച്ചയായി കൂടുന്നത്. മണ്ഡലകാലം 17 ദിവസം പിന്നിടുമ്പോൾ ദര്‍ശനം നടത്തിയ ആകെ ഭക്തരുടെ എണ്ണം പതിനാലര ലക്ഷം കടന്നു.
മണ്ഡലകാലം പതിനേഴാം ദിവസത്തിൽ എത്തുമ്പോൾ ശബരിമലയിലെത്തിയ തീർത്ഥാടകരുടെ എണ്ണം പതിനാലര ലക്ഷമാണ്. ഈയാഴ്ച്ചയിലെ അവധി ദിനങ്ങളിൽ തിരക്ക് തീരെ കുറവായിരുന്ന ശബരിമലയിൽ തുടർന്നുള്ള ദിവസങ്ങളിൽ തിരക്ക് വർധിക്കുന്നുണ്ട്. കഴിഞ്ഞയാഴ്ച്ച ഭക്തരുടെ തിരക്ക് കുറഞ്ഞതോടെ സ്പോട്ട് ബുക്കിംഗിലും നിയന്ത്രണങ്ങളിൽ ഇളവ് നൽകിയിട്ടുണ്ട്. അധികം കാത്തു നിൽക്കാതെ ദർശനം കിട്ടിയതിൻ്റെ സന്തോഷത്തിലാണ് ഭാഷാ ഭേദമില്ലാതെ ഭക്തർ.
വരും ദിവസങ്ങളിൽ തീർത്ഥാടകരുടെ തിരക്ക് വർധിക്കുമെന്ന് കരുതുന്ന ദേവസ്വം അധികൃതർ പമ്പയിലും സന്നിധാനത്തും എല്ലാ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്. കൂടുതൽ ഇടങ്ങളിൽ കുടിവെള്ളവും ലഘുഭക്ഷണവും ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിനിടെ സന്നിധാനത്ത് നടപ്പാക്കുമെന്ന് പ്രഖ്യാപിച്ച കേരളീയ അന്നദാന സദ്യ വൈകാതെ നടപ്പിലാക്കാനുള്ള ശ്രമങ്ങളിലാണ് ദേവസ്വം ബോർഡ്. 5 ന് നടക്കുന്ന ബോർഡ് യോഗത്തിൽ ഇത് സംബന്ധിച്ചു അന്തിമ തീരുമാനമെടുക്കും.



