എസ്ഐആർ ജോലിക്കിടെ മരിച്ചവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ഇതുവരെ നാല് ബിഎൽഒമാർ അടക്കം 39 ആളുകൾ എസ്ഐആർ സൃഷ്ടിച്ച ഭയവും പരിഭ്രാന്തിയും മൂലം മരിച്ചെന്ന് മുഖ്യമന്ത്രി മമത ബാനർജി അറിയിച്ചു. മരിച്ച 39 പേരുടെ കുടുംബങ്ങൾക്ക് 2 ലക്ഷം ധനസഹായം നൽകുമെന്നും മമത ബാനർജി അറിയിച്ചു.
ജോലിക്കിടെ ശാരീരിക പ്രശ്നങ്ങൾ ഉണ്ടായ 13 ബിഎൽഒമാർക്ക് ഒരു ലക്ഷം രൂപ വീതവും ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. ഇവരിൽ പലരും ഡ്യൂട്ടിക്കിടെ കുഴഞ്ഞു വീഴുകയോ ഗുരുതരമായ രോഗം പിടിപെടുകയോ ചെയ്തിട്ടുണ്ട്. നവംബർ നാല് മുതൽ ആരംഭിച്ച എസ്ഐആർ നടപടിക്രമങ്ങൾ വലിയ ഭീതിയാണ് ജനങ്ങളിൽ ഉണ്ടാക്കിയിരിക്കുന്നതെന്നും മമത പറഞ്ഞു.
എസ്ഐആർ ഭീതിയിൽ മരിച്ചവരിൽ നാല് ബിഎൽഒമാരും ഉൾപ്പെടുന്നുണ്ട്. ഇതിൽ രണ്ട് പേരുടെ കുടുംബങ്ങൾക്ക് ഇതിനകം സർക്കാർ സാമ്പത്തിക സഹായം നൽകിയതായും മമത ബാനർജി വ്യക്തമാക്കി.
എസ്ഐആർ ആരംഭിച്ച ശേഷം പശ്ചിമ ബംഗാളിൽ നിരവധി വിവാദങ്ങൾ ഉയർവന്നു വന്നിരുന്നു. പിന്നാലെ കേന്ദ്ര സർക്കാരിനെതിരെ സംസ്ഥാന സർക്കാർ ഗുരുതര ആരോപണങ്ങൾ ഉയർത്തുകയും ചെയ്തിരുന്നു. എസ്ഐആർ ആരംഭിച്ച ശേഷം പലയിടങ്ങളിലും ആളുകൾ പരിഭ്രാന്തരും മാനസിക സമ്മർദത്തിലുമാണെന്നും മമത വ്യക്തമാക്കിയിരുന്നു. ജനങ്ങളെ ഭീതിയിലേക്ക് തള്ളിവിടില്ലെന്നും സംസ്ഥാന സർക്കാർ ജനങ്ങൾക്കൊപ്പം നിൽക്കുമെന്നും മമത ഉറപ്പു നൽകിയിട്ടുണ്ട്.



