ജവഹർലാൽ നെഹ്‌റു പൊതു ഫണ്ട് ഉപയോഗിച്ച് ബാബ്റി മസ്ജിദ് നിർമിക്കാൻ ആഗ്രഹിച്ചിരുന്നുവെന്നും എന്നാൽ സർദാർ വല്ലഭായ് പട്ടേൽ അതിന് അനുവദിച്ചില്ലെന്നും പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്. പട്ടേലിൻ്റെ മരണശേഷം സ്മാരകം പണിയുന്നതിനായി സ്വരൂപിച്ച ഫണ്ട് കിണറുകളും റോഡുകളും നിർമിക്കാൻ വിനിയോഗിക്കണമെന്ന് നെഹ്‌റു നിർദേശിച്ചതായും അദ്ദേഹം ആരോപിച്ചു.
സർദാർ പട്ടേലിൻ്റെ 150-ാം ജന്മവാർഷികത്തോടനുബന്ധിച്ച് വഡോദരയ്ക്കടുത്തുള്ള സാധ്‌ലി ഗ്രാമത്തിൽ നടന്ന യൂണിറ്റി മാർച്ചിൻ്റെ ഭാഗമായി നടന്ന സമ്മേളനത്തിലായിരുന്നു രാജ്നാഥ് സിങിൻ്റെ പരാമർശം. ഒരിക്കലും പ്രീണനത്തിൽ വിശ്വസിക്കാത്ത ഒരു യഥാർത്ഥ ലിബറലും മതേതരനുമായ വ്യക്തിയായിരുന്നു പട്ടേലെന്നും രാജ്സാനാഥ് സിങ് പ്രശംസിച്ചു.
പൊതുഫണ്ട് ഉപയോഗിച്ച് അയോധ്യയിൽ ബാബ്റി മസ്ജിദ് നിർമിക്കാനുള്ള തീരുമാനത്തെ എതിർത്തത് ഒരു ഗുജറാത്തി അമ്മയ്ക്ക് ജനിച്ച സർദാർ വല്ലഭായ് പട്ടേലായിരുന്നു. പൊതുഫണ്ട് ഉപയോഗിച്ച് ബാബ്റി മസ്ജിദ് നിർമിക്കുന്നതിനെ അദ്ദേഹം അനുകൂലിച്ചില്ല, അദ്ദേഹം പറഞ്ഞു.
ഗുജറാത്തിലെ സോമനാഥ ക്ഷേത്രം പുനഃസ്ഥാപിക്കുന്നതിനെ പറ്റി നെഹ്‌റു ചോദിച്ചപ്പോൾ ക്ഷേത്രത്തിൻ്റെ കാര്യം വ്യത്യസ്തമാണ് എന്നും പട്ടേൽ വ്യക്തമാക്കി. അതിൻ്റെ നവീകരണത്തിന് ആവശ്യമായ 30 ലക്ഷം രൂപ സാധാരണക്കാർ സംഭാവന ചെയ്തതാണെന്ന് പട്ടേൽ വ്യക്തമാക്കിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.
സർദാർ പട്ടേലിന് പ്രധാനമന്ത്രിയാകാമായിരുന്നുവെന്നും എന്നാൽ തൻ്റെ കരിയറിൽ ഒരു സ്ഥാനവും അദ്ദേഹം ആഗ്രഹിച്ചിട്ടില്ലെന്നും രാജ്നാഥ് സിങ് പറഞ്ഞു. 1946-ൽ നെഹ്‌റു കോൺഗ്രസ് പ്രസിഡൻ്റായത് പട്ടേൽ നാമനിർദേശം പിൻവലിച്ചതു കൊണ്ടാണെന്നും രാജ്നാഥ് സിങ് അവകാശപ്പെട്ടു. നെഹ്‌റുവുമായി പ്രത്യയശാസ്ത്രപരമായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നിട്ടും, മഹാത്മാഗാന്ധിക്ക് വാഗ്ദാനം നൽകിയതു കൊണ്ടു മാത്രമാണ് അദ്ദേഹം നെഹ്റുവിനൊപ്പം പ്രവർത്തിച്ചതെന്നും പ്രതിരോധ മന്ത്രി പറഞ്ഞു.
നെഹ്‌റുജി സ്വയം ഭാരതരത്‌ന നൽകി ആദരിച്ചപ്പോൾ എന്തുകൊണ്ടാണ് സർദാർ വല്ലഭായ് പട്ടേലിനെ ഭാരതരത്‌ന നൽകി ആദരിക്കാതിരുന്നതെന്നും രാജ്നാഥ് സിങ് ചോദിച്ചു. പട്ടേലിൻ്റെ പ്രതിമ നിർമിച്ചുകൊണ്ട് സർദാർ പട്ടേലിനെ ഉചിതമായി ആദരിക്കാൻ തീരുമാനിച്ചത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അഭിനന്ദനീയമായ പ്രവർത്തിയാണെന്നും രാജ്നാഥ് സിങ് പറഞ്ഞു.



