നെറ്റ്ഫ്ലിക്സ് സ്ട്രീമിങ്ങിൽ റെക്കോർഡ് നേട്ടവുമായി ‘സ്ട്രേഞ്ചർ തിങ്സ്’ സീസൺ 5. സ്ട്രീമിങ്ങ് തുടങ്ങി ആദ്യ ആഴ്ചയിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഇംഗ്ലീഷ് സീരീസുകളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണിപ്പോൾ സ്ട്രേഞ്ചർ തിങ്സ്. നെറ്റ്ഫ്ലിക്സ് പുറത്തുവിട്ട കണക്കുപ്രകാരം, ആദ്യ അഞ്ച് ദിവസങ്ങൾക്കുള്ളിൽ 59.6 മില്യൺ വ്യൂസാണ് സീരീസ് നേടിയത്. നെറ്റ്ഫ്ലിക്സ് ചരിത്രത്തിൽ ഇംഗ്ലീഷ് ഭാഷയിൽ റിലീസ് ചെയ്ത ഒരു സീരീസിന് ലഭിക്കുന്ന ഏറ്റവും മികച്ച ഓപ്പണിങാണിത്. ഡഫർ ബ്രദേഴ്സ് ക്രിയേറ്റ് ചെയ്ത സീരീസിന്റെ രണ്ടാംഭാഗം ഡിസംബർ 26നും അവസാനഭാഗം ജനുവരി ഒന്നിനും പുറത്തിറങ്ങും.
സീരീസ് പ്രേമികൾ ഏറെ ആകാംക്ഷയോടെ കാത്തിരുന്ന നെറ്റ്‌ഫ്ലിക്സ് ഷോ ‘സ്ട്രേഞ്ചർ തിങ്സ്: സീസൺ 5’ നവംബർ 27 പുലർച്ചെ 6.30 മുതൽ ആണ് സ്ട്രീമിങ് ആരംഭിച്ചത്. മൂന്ന് ഭാഗങ്ങളായാണ് സീരീസ് പുറത്തിറങ്ങുക. നാല് എപ്പിസോഡുകളുള്ള ആദ്യ വോള്യം ആണ് ഇപ്പോൾ റിലീസ് ആയിരിക്കുന്നത്. മൂന്ന് എപ്പിസോഡുകളാണ് രണ്ടാം വോള്യത്തിൽ ഉള്ളത്. ‘സ്ട്രേഞ്ചർ തിങ്സി’ന്റെ ‘ബെസ്റ്റ് എവർ’ സീസണ്‍ ആണ് ഇപ്പോൾ പുറത്തിറങ്ങിയതെന്നാണ് സീരീസ് കണ്ട പലരും സമൂഹമാധ്യമങ്ങളിലൂടെ അഭിപ്രായപ്പെടുന്നത്.
2016ൽ ആണ് ‘സ്ട്രേഞ്ചർ തിങ്സ്’ സ്ട്രീമിങ് ആരംഭിച്ചത്. അഭിനേതാക്കളുടെ മികച്ച പ്രകടനവും വ്യത്യസ്തമായ കഥപറച്ചിലും കൊണ്ട് വളരെ പെട്ടെന്ന് തന്നെ സീരീസ് വലിയ തോതിൽ ആരാധകരെ കണ്ടെത്തി. പിന്നാലെ 2017 ൽ രണ്ടാം സീസണും, 2019 ൽ മൂന്നാം സീസണും പുറത്തിറങ്ങി. 2022 ൽ റിലീസ് ആയ നാലാം സീസണ്‍ രണ്ട് ഭാഗങ്ങളായാണ് എത്തിയത്. ഈ ഫ്രാഞ്ചൈസിയുടെ അവസാന അധ്യായമാണ് അഞ്ചാം സീസണ്‍.


