ഇൻസ്റ്റാഗ്രാം പ്ലാറ്റ്‌ഫോമുകളിൽ പുത്തൻ മാറ്റത്തിനൊരുങ്ങി മെറ്റ. പോസ്റ്റുകൾക്ക് ഹാഷ് ടാഗ് പരിധി നിശ്ചയിക്കാനുള്ള ഒരുക്കത്തിലാണ് കമ്പനി എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. പുതിയ മാറ്റം നിലവിൽ വരുകയാണെങ്കിൽ ഒരു പോസ്റ്റിന് മൂന്നിൽ കൂടുതൽ ഹാഷ് ടാഗുകൾ ഉപയോഗിക്കാൻ സാധിക്കില്ല. അങ്ങനെ ഉപയോഗിക്കുകയാണെങ്കിൽ ഉടൻ ഒരു എറർ സന്ദേശം സ്‌ക്രീനിൽ പ്രത്യക്ഷപ്പെടും.
ഹാഷ്ടാഗ് നിയമങ്ങൾ മാറുന്നതുമായി ബന്ധപ്പെട്ട് ഇൻസ്റ്റാഗ്രാം ഇതുവരെ പ്രതികരണങ്ങൾ ഒന്നും നടത്തിയിട്ടില്ല. എന്നാൽ പുതിയ ഫീച്ചർ ലഭ്യമായതായി ചില ഉപയോക്താക്കൾ അഭിപ്രായപെടുന്നുമുണ്ട്. ഇത് ഫീച്ചർ ചിലരിൽ കമ്പനി പരീക്ഷിക്കുന്നതിന്റെ സൂചനയാകാമെന്നാണ് ടെക് വിദഗ്ധർ പറയുന്നത്.ഇൻസ്റ്റഗ്രാമിൽ കണ്ടന്റുകൾ സെർച്ച് ചെയ്യുന്നതിനായി ഉപയോക്താക്കൾ ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ഹാഷ് ടാഗുകളാണ്. റീച്ചുകൾ വർധിപ്പിക്കുന്നതിനായി കണ്ടന്‍റ് ക്രിയേറ്റേഴ്‌സ് 30 ഹാഷ്‌ടാഗുകൾ വരെ ഉപയോഗിക്കാറുണ്ട്. റീച്ച് വർധിപ്പിക്കുന്നതിൽ ഹാഷ്‌ടാഗുകൾ അത്ര ഫലപ്രദമല്ലെന്ന് ഇൻസ്റ്റഗ്രാം മേധാവി ആദം മൊസേരി നേരത്തെ വ്യക്തമാക്കിയിരുന്നു. ഹാഷ് ടാഗുകൾ ഉപയോഗിച്ച് കണ്ടന്റുകൾ തിരിച്ചറിയാൻ മാത്രമേ സാധിക്കൂ എന്നും അദ്ദേഹം മുൻപ് പറഞ്ഞിരുന്നു.
എന്തായാലും പരീക്ഷണാടിസ്ഥാനത്തിൽ പുതിയ മാറ്റങ്ങൾ കൊണ്ടുവരുന്ന ഇൻസ്റ്റഗ്രാമിന്‍റെ ഈ ഫീച്ചർ അധികം വൈകാതെ തന്നെ ഉപയോക്താക്കളിലേക്ക് എത്തിച്ചേരുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഹാഷ് ടാഗുകൾ വഴി കണ്ടന്റുകൾ സെർച്ച് ചെയ്ത് കണ്ടെത്തുന്നവർക്ക് പുതിയ നിയമം തിരിച്ചടി ആയേക്കാമെന്നും ടെക് വിദഗ്ധർ പറയുന്നു.


