ശബരിമല സ്വർണക്കൊള്ളയിൽ പ്രതിയായ ദേവസ്വം മുൻ കമ്മീഷണറും പ്രസിഡൻ്റുമായ എൻ. വാസുവിൻ്റെ റിമാൻഡ് കാലാവധി ഇന്ന് അവസാനിക്കും. റിമാൻഡ് നീട്ടുന്നതിനായി പ്രതിയെ കൊല്ലം വിജിലൻസ് കോടതിയിൽ ഹാജരാക്കും.
കട്ടിളപ്പാളി കേസിൽ മൂന്നാം പ്രതിയായ വാസു സമർപ്പിച്ച ജാമ്യാപേക്ഷ കൊല്ലം വിജിലൻസ് കോടതി ഡിസംബർ മൂന്നിന് തള്ളിയിരുന്നു. 2019ൽ ദേവസ്വം കമ്മീഷണറായിരുന്ന വാസുവിൻ്റെ ശുപാർശയിലാണ് കട്ടിളപ്പാളിയിലെ സ്വർണം ചെമ്പെന്ന് രേഖപ്പെടുത്തിയതെന്നാണ് എസ്ഐടിയുടെ കണ്ടെത്തൽ.
എന്നാൽ താൻ വിരമിച്ചതിന് ശേഷമാണ് പാളികൾ ഉണ്ണികൃഷ്ണൻ പോറ്റിക്ക് കൈമാറിയതെന്നും കുറ്റക്കാരനല്ലെന്നുമാണ് എൻ. വാസുവിൻ്റെ വാദം. പ്രായവും ആരോഗ്യസ്ഥിതിയും പരിഗണിക്കണമെന്ന് പ്രതിഭാഗം ആവശ്യപ്പെട്ടെങ്കിലും കോടതി ജാമ്യം നൽകിയില്ല.
അതേസമയം, ദ്വാരപാലക സ്വർണ മോഷണ കേസിലും എ. പത്മകുമാർ പ്രതിയെന്ന് കഴിഞ്ഞ ദിവസം കണ്ടെത്തി. അന്വേഷണ സംഘം ജയിലിലെത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. 14 ദിവസത്തേക്ക് കൂടി റിമാൻഡ് നീട്ടി കൊല്ലം വിജിലൻസ് കോടതി ഉത്തരവിട്ടു.



