ഭിന്നശേഷി വിഭാഗത്തെ സാമൂഹ്യമായി ഉള്‍ച്ചേര്‍ക്കേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളില്‍ ബോധവത്കരണം നടത്തുന്നതിനായി ഗോപിനാഥ് മുതുകാട് നടത്തിയ ഇന്‍ക്ലൂസീവ് ഇന്ത്യ ഭാരതയാത്രയുടെ ഫോട്ടോ പ്രദര്‍ശനം മാജിക് പ്ലാനറ്റില്‍ ആരംഭിച്ചു. എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നടത്തിയ പര്യടത്തില്‍ കണ്ടറിഞ്ഞ അനുഭവങ്ങളുടെ നേര്‍സാക്ഷ്യമാണ് ഫോട്ടോ പ്രദര്‍ശനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അവോക്കി എം.ഡി ഗണേഷ്‌കുമാര്‍ പൊതുജനങ്ങള്‍ക്കായി ഫോട്ടോ സെന്റര്‍ തുറന്നുകൊടുത്തു.
ലോക ഭിന്നശേഷി ദിനത്തില്‍ നടന്ന ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, മാജിക് പ്ലാനറ്റ് മാനേജര്‍ സുനില്‍രാജ് സി.കെ, ക്രിയേറ്റീവ് ഹെഡ് ഭരതരാജന്‍, സി.എഫ്.ഒ അശ്വതി നിഷാന്ത് തുടങ്ങിയവര്‍ പങ്കെടുത്തു. മാജിക് പ്ലാനറ്റിലെ സന്ദര്‍ശകര്‍ക്ക് സൗജന്യമായി സെന്റര്‍ സന്ദര്‍ശിക്കാം. പ്രേക്ഷകര്‍ക്ക് പുതു അനുഭവമാകുന്ന രീതിയിലാണ് ഫോട്ടോ ക്രമീകരണം നടത്തിയിരിക്കുന്നത്. ഫോട്ടോ ഗ്യാലറി കണ്ടാസ്വദിച്ച് മടങ്ങുന്ന സന്ദര്‍ശകര്‍ക്ക് വിമാന മാതൃകയിലുളള തീയേറ്ററില്‍ ഇന്‍ക്ലൂസീവ് ഇന്ത്യയുടെ വീഡിയോ പ്രദര്‍ശനവും ആസ്വദിക്കാം.
ഫോട്ടോ ജേര്‍ണലിസ്റ്റ് എ.കെ ബിജുരാജ് ആണ് ഫോട്ടോകള്‍ പകര്‍ത്തിയത്.
വിവിധ സംസ്ഥാനങ്ങളിലെ ഡി.ഇ.പി.ഡബ്ലിയു.ഡിയുടെ കീഴിലുള്ള ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍, ആര്‍മി കേന്ദ്രങ്ങള്‍, ഐ.ഐ.ടികള്‍, സര്‍വകലാശാലകള്‍, സംസ്ഥാന ഗവണ്‍മെന്റുകള്‍ക്ക് കീഴിലുള്ള ഹെല്‍ത്ത് ഡിപ്പാര്‍ട്ട്‌മെന്റുകള്‍ എന്നിവിടങ്ങളില്‍ പരിപാടി അരങ്ങേറിയിരുന്നു. ഭിന്നശേഷി വിഭാഗത്തിനായി രാജ്യത്തിന്റെ വിവിധയിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന സൗകര്യങ്ങളും സ്ഥാപനങ്ങളും പ്രവര്‍ത്തനങ്ങളുമൊക്കെ ഫോട്ടോ ഗ്യാലറിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
ഗോപിനാഥ് മുതുകാടിന്റെ നേതൃത്വത്തില്‍ നീണ്ട 14 വര്‍ഷങ്ങള്‍ക്കുശേഷമാണ് അഞ്ചാമത്തെ ഭാരതയാത്ര ഭിന്നശേഷി സമൂഹത്തിനായി നടത്തിയത്. യാത്രയ്ക്ക് കേന്ദ്ര സര്‍ക്കാരിന്റെ സാമൂഹ്യനീതി വകുപ്പിന് കീഴിലുള്ള ഡി.ഇ.പി.ഡബ്ലിയു.ഡിയില്‍ നിന്നും അനുമതി ലഭിച്ചിരുന്നു. 2024 ഒക്‌ടോബര്‍ 6ന് ലോക സെറിബ്രല്‍ പാഴ്‌സി ദിനത്തില്‍ കന്യാകുമാരിയില്‍ നിന്നാരംഭിച്ച യാത്ര ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3ന് ഡല്‍ഹിയില്‍ സമാപിച്ചു.


