വിസ ദുരുപയോഗം ചെയ്യുന്നുവെന്ന് ആരോപിച്ച് പാകിസ്ഥാൻ, ബംഗ്ലാദേശ് എന്നിവിടങ്ങളിൽ നിന്നുള്ളവരുടെ കോളേജ് പ്രവേശനത്തിന് യുകെ നിയന്ത്രണം ഏർപ്പെടുത്തി. ഈ രാജ്യങ്ങളിൽ നിന്നുള്ള വിദ്യാർഥികളുടെ അപേക്ഷകളിൽ ആശങ്കാജനകമായ വർധന ഉണ്ടായതിനെ തുടർന്നാണ് നടപടിയെടുത്തിരിക്കുന്നത്. ഇത്തരത്തിൽ ഒമ്പതോളം സർവകലാശാലകളാണ് പ്രവേശനം നിർത്തിവച്ചുള്ള തീരുമാനമാനം എടുത്തിരിക്കുന്നതെന്ന് ഫിനാൻഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
യൂണിവേഴ്സിറ്റി ഓഫ് ചെസ്റ്റർ 2026ലെ ശരത് കാലം വരെ പാകിസ്ഥാനിൽ നിന്നുള്ള വിദ്യാർഥി പ്രവേശനം നിർത്തി വച്ചതായി പ്രഖ്യാപിച്ചിട്ടുണ്ട്. യൂണിവേഴ്സിറ്റി ഓഫ് വോൾവർഹാംപ്ടണും, യൂണിവേഴ്സിറ്റി ഓഫ് ഈസ്റ്റ് ലണ്ടനും പാകിസ്ഥാനും ബംഗ്ലാദേശും സ്വദേശികളിൽ നിന്ന് ബിരുദ പ്രവേശന അപേക്ഷകളും സ്വീകരിക്കുന്നത് നിർത്തിയിട്ടുണ്ടെന്ന് എൻഡിടിവി റിപ്പോർട്ടിൽ പറയുന്നു.
അതേസമയം, യുകെയിലെ വിദ്യാർഥി വിസ ചട്ടക്കൂടിൻ്റെ സമഗ്രത ഉയർത്തിപ്പിടിക്കുന്നതിനായി സൺഡർലാൻഡ്, കോവെൻട്രി യൂണിവേഴ്സിറ്റികൾ സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. അന്താരാഷ്ട്ര രാജ്യങ്ങളിലെ വിദ്യാർഥികളെ സ്പോൺസർ ചെയ്യുന്നതിനുള്ള ഒരു സ്ഥാപനത്തിൻ്റെ യോഗ്യത നിർണയിക്കുന്ന ബേസിക് കംപ്ലയൻസ് അസസ്‌മെന്റ് (ബിസിഎ) പരിധികൾ യുകെ സർക്കാർ കർശനമാക്കിയതിനെ തുടർന്നാണ് വ്യാപകമായ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്.
യുകെയിൽ പഠിക്കണം എന്നാഗ്രഹിക്കുന്ന ഒരുപാട് വിദ്യാർഥികൾക്ക് യുകെയുടെ ഈ തീരുമാനം ഹൃദയഭേദകം ആയിരിക്കുമെന്ന് ഫിനാൻഷ്യൽ ടൈംസിൻ്റെ റിപ്പോർട്ടിൽ പറയുന്നു. പുതിയ തീരുമാനത്തിൻ്റെ ഭാഗമായി തടഞ്ഞുവച്ച 60 ശതമാനം അപേക്ഷകളും ബംഗ്ലാദേശിൽ നിന്നുള്ളതാണ് എന്നാണ് റിപ്പോർട്ടിൽ പറയുന്നത്.



