പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മകനെ സ്ഥാനാർഥിയാക്കാനുള്ള നീക്കവുമായി ബ്രസീല്‍ മുന്‍ പ്രസിഡന്‍റ് ജെയ്ർ ബോള്‍സനാരോ. പിതാവിന്‍റെ പിന്തുണ തനിക്കാണെന്ന് മകനായ ഫ്ലാവിയോ ബോള്‍സനാരോ തന്നെയാണ് പ്രഖ്യാപിച്ചത്. ബോള്‍സനാരോയുടെ വലതുപക്ഷ ലിബറല്‍ പാർട്ടിയും സ്ഥാനാർഥിത്വം സ്ഥിരീകരിച്ചു. രാഷ്ട്രത്തിന് വേണ്ടിയുള്ള നമ്മുടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകുക എന്ന ദൗത്യവുമായാണ് താൻ മുന്നോട്ട് പോകുന്നതെന്ന് ഫ്ലാവിയോ ബോള്‍സനാരോ പറഞ്ഞു.
അടുത്ത വർഷം നടക്കാനിരിക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലാണ് മകനെ സ്ഥാനാർഥിയാക്കാനുള്ള നീക്കവുമായി ബ്രസീല്‍ മുന്‍ പ്രസിഡന്‍റ് രംഗത്തെത്തിയിരിക്കുന്നത്. സാവോ പോളോ ഗവർണർ ടാർസിസിയോ ഡി ഫ്രീറ്റാസ് അടക്കം മുതിർന്ന നേതാക്കള്‍ പരിഗണനയിലുണ്ടെന്ന റിപ്പോർട്ടുകള്‍ക്കിടെയാണ് തീവ്ര വലതുപക്ഷത്തില്‍ ഒരു വിഭാഗത്തിന് അസംതൃപ്തിയുണ്ടാക്കുന്ന പ്രഖ്യാപനം വന്നത്. 2022 തെരഞ്ഞെടുപ്പ് അട്ടിമറി ഗൂഢാലോചന കേസില്‍ 27 വർഷം തടവിന് ശിക്ഷിക്കപ്പെട്ട ബോള്‍സനാരോ ഒരു മാസത്തിലധികമായി ഫെഡറല്‍ പൊലീസിന്‍റെ കസ്റ്റഡിയിലാണ്. 2030 വരെ തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കുന്നതിനും ബോൾസനാരോയ്ക്ക് വിലക്കുണ്ട്.
അതേസമയം, ജെയ്ർ ബോള്‍സനാരോയുടെ മുതിർന്ന മകനായ 44കാരൻ ഫ്ലാവിയോ ബോൾസോനാരോ 2018ലെ പൊതുതെരഞ്ഞെടുപ്പിലാണ് സെനറ്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. മുമ്പ് റിയോ ഡി ജനീറോയിൽ സംസ്ഥാന നിയമസഭാംഗമായി സേവനമനുഷ്ഠിച്ച സെനറ്റർ 2016ൽ റിയോ മേയർ സ്ഥാനത്തേക്ക് മത്സരിച്ച് പരാജയപ്പെട്ടിരുന്നു.



