ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ എൻഡിഎയിലേക്ക് പോകാൻ ചർച്ച നടത്തിയെന്ന അഭ്യൂഹങ്ങൾക്കിടെ ജെഎംഎം സർക്കാരിനെ രൂക്ഷമായി വിമർശിച്ച് ബിജെപി ദേശീയാധ്യക്ഷൻ. സോറൻ, വോട്ടിന് വേണ്ടി നുഴഞ്ഞുകയറ്റക്കാരെ പ്രോത്സാഹിപ്പിച്ചുവെന്ന് ജെപി നദ്ദ പറഞ്ഞു. സന്താൾ പർഗാനാസിലെ ഗോത്രജനസംഖ്യ ഇടിഞ്ഞത് നുഴഞ്ഞുകയറ്റം മൂലമെന്നും ഇതിന് കാരണം ജെഎംഎം ആണെന്നും നദ്ദ വിമർശിച്ചു. ബിജെപി നേതാക്കളെ കണ്ടെന്ന അഭ്യൂഹം തള്ളിക്കളയണമെന്ന് ജെഎംഎം നേതാക്കളും പ്രതികരിച്ചു.
ഇൻഡ്യാ സഖ്യത്തിൽ ഉറച്ചുനിൽക്കും ജെഎംഎം എന്ന കോൺഗ്രസ് പ്രതികരണത്തിന് പിന്നാലെയാണ് വഴങ്ങാൻ തയ്യാറല്ലെന്ന് ജെഎംഎം സോഷ്യൽമീഡിയയിലൂടെ വ്യക്തമാക്കിയത്. എൻഡിഎയുമായുള്ള നീക്കുപോക്ക് ചർച്ച സംബന്ധിച്ച വാർത്ത നേതാക്കൾ തള്ളിക്കളയുകയും ചെയ്തു. ഇത് ശരിവെക്കുന്ന തരത്തിലുള്ള വിമർശനം ബിജെപി കേന്ദ്രനേതൃത്വത്തിൽ നിന്ന് വരികയും ചെയ്തു.
ഹേമന്ത് സോറൻ സർക്കാരിനെ രൂക്ഷമായാണ് ബിജെപി ദേശീയാധ്യക്ഷനും കേന്ദ്രമന്ത്രിയുമായ ജെപി നദ്ദ ജാർഖണ്ഡിൽ വിമർശിച്ചത്. സംസ്ഥാനത്ത് ജെഎംഎമ്മിന്റെ ആശീർവാദത്തോടെയാണ് നുഴഞ്ഞുകയറ്റം നടക്കുന്നതെന്ന് നഡ്ഡ പറഞ്ഞു. സന്താൾ പർഗാനാസിൽ 1951 ലുണ്ടായിരുന്ന ട്രൈബൽ ജനസംഖ്യ 45 ശതമാനമായിരുന്നു. ഇന്നത് 28 ശതമാനമായി ചുരുങ്ങിയത് നുഴഞ്ഞുകയറ്റം മൂലമാണ്.
ജെഎംഎം വോട്ട് ബാങ്കിന് വേണ്ടിയാണ് ഇതിന് അരങ്ങൊരുക്കിയതെന്ന് ജെപി നദ്ദ വിമർശിച്ചു. ഗുംല ജില്ലയിലെ ദിയോഗഢിൽ ബിജെപി പ്രവർത്തക യോഗത്തിലാണ് നഡ്ഡ, ഹേമന്ത് സോറനെതിരെ തിരിഞ്ഞത്. ജെഎംഎമ്മിൽ നിന്നുള്ള ജനമുക്തിയാണ് ഝാർഖണ്ഡ് ജനതയ്ക്ക് ഇനി വേണ്ടത്. ട്രൈബൽ സംസ്ഥാനമായ ഝാർഖണ്ഡിനെ കുറ്റകൃത്യ കേന്ദ്രമാക്കി മാറ്റിയത് സോറൻ സർക്കാരാണെന്നും നദ്ദ വിമർശിച്ചു. സംസ്ഥാന അധ്യക്ഷൻ ബാബുലാൽ മറാണ്ഡി, നിഷികാന്ത് ദുബെ എംപി, ചമ്പയ് സോറൻ എന്നിവരും ഒപ്പമുണ്ടായി.
അതേസമയം ഡൽഹിയിൽ നിന്ന് മടങ്ങിയെത്തിയ സോറൻ നിയമസഭയുടെ ശീതകാല സമ്മേളനത്തിൽ പങ്കെടുത്തു. റാഞ്ചിയിൽ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഗോത്ര നേതാക്കളുമായി ചർച്ച നടത്തി. രാജ്യത്തെ ട്രൈബൽ വിഭാഗങ്ങൾ ഒരൊറ്റ ശക്തിയായി പൊരുതണമെന്നും ആദിവാസി സമൂഹങ്ങൾക്കിടെ ഐക്യം വേണമെന്നും സോറൻ ആഹ്വാനം ചെയ്തു. ഒഡിഷ, ഛത്തീസ്‌ഗഢ് മുഖ്യമന്ത്രിമാർ ആദിവാസികളിൽ നിന്നുണ്ടായ കാര്യം സോറൻ ഓർമിപ്പിച്ചു. എന്നാൽ ഡൽഹിയിൽ ബിജെപി നേതാക്കളുമായി ചർച്ച നടത്തിയെന്ന വാർത്തയോട് സോറൻ മൗനം പാലിച്ചു.



