ശബരിമലയിൽ നിന്നും 2019ൽ ഇളക്കി കൊണ്ടു പോയ സ്വർണ്ണപ്പാളികൾക്ക് എന്ത് സംഭവിച്ചുവെന്നതിൽ അന്വേഷണം തുടങ്ങി മൂന്ന് മാസത്തോട് അടുക്കുമ്പോഴും എസ്ഐടിക്ക് സ്ഥിരീകരണമില്ല. പാളികളിൽ നിന്നും സ്വർണ്ണം വേർ തിരിച്ചെടുത്തു വിറ്റുവെന്ന സംശയത്തിലും, പാളികൾ അതേ പടി പുരാവസ്തു കള്ളക്കടത്തു സംഘത്തിന് വിറ്റുവെന്ന നിലയിലും അന്വേഷണം നടക്കുകയാണ്.
ശബരിമലയിൽ നിന്നും ശേഖരിച്ച സാമ്പിളുകൾ പങ്കജ് ഭണ്ഡാരിയിൽ നിന്നും ഗോവർദ്ധനിൽ നിന്നും പിടിച്ചെടുത്ത സ്വർണ്ണവുമായി നടത്തുന്ന ശാസ്ത്രീയ പരിശോധന ഫലം നിർണ്ണായകമാകും. പാളികളിൽ നിന്നും രാസ ലായിനി ഉപയോഗിച്ച് സ്വർണ്ണം വേർ തിരിച്ചെടുത്താൽ പാളി രാസ ലായിനിയിൽ നശിക്കുകയാണ് ചെയ്യുക. അങ്ങനെയെങ്കിൽ പഴയ പാളിയുടെ അളവിലുള്ള പുതിയ ചെമ്പ് പാളികളിൽ
വീണ്ടും സ്വർണ്ണം പൂശി ശബരിമലയിൽ സ്ഥാപിച്ചുവെന്നാണ് എസ്ഐടിയുടെ പ്രധാന സംശയം.
അതേസമയം ശബരിമലയിൽ കൂടുതൽ സ്വർണക്കൊള്ള നടന്നിട്ടുണ്ടെന്ന് പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട്. ശബരിമല ശ്രീകോവിൽ വാതിലിൻ്റെ കട്ടിളയിൽ ഘടിപ്പിച്ചിരിക്കുന്ന ദശാവതാരങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, രാശി ചിഹ്നങ്ങൾ ആലേഖനം ചെയ്തിരിക്കുന്ന രണ്ട് ചെമ്പ് പാളികളിലും, കട്ടിളപ്പാളികൾക്ക് മുകളിലെ ശിവരൂപത്തിലെ ഉൾപ്പെടെ ഏഴ് പാളികളിലെയും സ്വർണം നഷ്ടമായെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. കൊല്ലം വിജിലൻസ് കോടതിയിൽ എസ്ഐടി സമർപ്പിച്ച പകർപ്പിലാണ് സുപ്രധാന കണ്ടെത്തൽ.



