കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ് പ്രശാന്തിനെ എസ്‌ഐടി വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിനായി വൈകാതെ ഹാജരാകണമെന്ന് പ്രശാന്തിനെ പ്രത്യേക അന്വേഷണസംഘം അറിയിച്ചു. ഇന്നലെയാണ് എസ്‌ഐ ടി പ്രശാന്തിനെ ബന്ധപ്പെട്ടത്.
അതേസമയം, ശബരിമലയിലെ ദ്വാരപാലക ശില്‍പങ്ങളിലെ സ്വര്‍ണപ്പാളി കടത്തിയ കേസില്‍ തന്ത്രി കണ്ഠരര് രാജീവരുടെ അറസ്റ്റ് ജയിലിലെത്തി രേഖപ്പെടുത്തും. കട്ടിളപ്പാളി കടത്തിയ കേസില്‍ ആയിരുന്നു നേരത്തെ അറസ്റ്റ് ചെയ്തത്. കേസില്‍ കെ പി ശങ്കരദാസിനെ ഇന്ന് റിമാന്‍ഡ് ചെയ്യും. ശങ്കരദാസ് ചികിത്സയിലുള്ള തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിയാകും കൊല്ലം വിജിലന്‍സ് കോടതി ജഡ്ജി നടപടികള്‍ പൂര്‍ത്തിയാക്കുക.
കെ പി ശങ്കരദാസിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതോടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ 12 പേരാണ് ഇതുവരെ അറസ്റ്റില്‍ ആയത്. കേസില്‍ പതിനൊന്നാം പ്രതിയാണ് കെ പി ശങ്കരദാസ്. ശങ്കരദാസിനെഅറസ്റ്റ്ചെയ്യാത്തതിനെ കഴിഞ്ഞ ദിവസം ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു. തുടര്‍ന്നാണ് എസ് പി ശശിധരന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘം ശങ്കര്‍ദാസിനെ ചികിത്സയില്‍ കഴിയുന്ന തിരുവനന്തപുരം ആശുപത്രിയിലെത്തി അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വിവരം കോടതിയെ അറിയിച്ചു.
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വകാര്യ ആശുപത്രിയിലെ ഐസിയുവിലായിരുന്നു ശങ്കരദാസ്. മുറിയിലേക്കു മാറ്റിയതിനു പിന്നാലെയാണ് അറസ്റ്റ്. പൊലീസ് അറസ്റ്റ് രേഖപ്പെടുത്തിയതോടെ ശങ്കര്‍ദാസിനെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റിയേക്കും. അതേസമയം, ഉണ്ണികൃഷ്ണന്‍ പോറ്റി സമര്‍പ്പിച്ച ജാമ്യ ഹര്‍ജി കോടതി തള്ളി. ദ്വാരപാലക, കട്ടിളപ്പാളി കേസുകളിലെ ജാമ്യഹര്‍ജിയാണ് കൊല്ലം വിജിലന്‍സ് കോടതി തള്ളിയത്.
ഇനിയും തൊണ്ടിമുതല്‍ കണ്ടെടുക്കാന്‍ ഉണ്ടെന്ന് എസ്‌ഐടി കോടതിയെ അറിയിച്ചു. രണ്ടാം തവണയാണ് ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ജാമ്യം നിഷേധിച്ചത്. 90 ദിവസമായി റിമാന്‍ഡില്‍ കഴിയുകയാണെന്നായിരുന്നു ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ വാദം.



