വൈറ്റ് കോളർ ജോലികൾക്ക് അടുത്ത 4-5 വർഷത്തിനുള്ളിൽ AI ഭീഷണിയാകുമെന്ന മുന്നറിയിപ്പുമായി മൈക്രോസോഫ്റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. ഈ ഭീഷണിയെ നേരിടാൻ സർക്കാരുകൾ ഇതുവരെ തയ്യാറായിട്ടില്ലെന്നും എൻഡി ടിവിക്ക് നൽകിയ അഭിമുഖത്തിനിടെ ബിൽഗേറ്റ്സ് വ്യക്തമാക്കി. എഐ പ്രതീക്ഷിച്ചതിലും വേഗതയിൽ തൊഴിൽ വിപണിയെ പുനർനിർമിക്കാൻ പോകുകയാണെന്നും ബിൽഗേറ്റ്സ് മുന്നറിയിപ്പ് നൽകി.
രോഗങ്ങൾ തിരിച്ചറിയുന്നത് മുതൽ വിദ്യാഭ്യാസ മേഖലകളിൽ വരെ AI യുടെ സംഭാവന അവഗണിക്കാനാവില്ലെങ്കിലും ഇത് നിയന്ത്രിച്ചില്ലെങ്കിൽ തൊഴിൽ ശക്തികൾ, നിയമന രീതികൾ, സാമ്പത്തിക നീതി എന്നിവയെ ഇത് ഗുരുതരമായി ബാധിക്കുമെന്നും ഗേറ്റ്സ് മുന്നറിയിപ്പ് നൽകി.
ഗേറ്റ്സിൻ്റെ ഏറ്റവും പുതിയ വാർഷിക കത്തിലും അദ്ദേഹം ഇത് പരാമർശിച്ചിട്ടുണ്ട്. എഐ മുൻകാല സാങ്കേതിക വിപ്ലവങ്ങളെക്കാൾ വേഗതയും ആഴവുമേറിയതാണെന്നും അത് സമൂഹത്തിൻ്റെ കൂടുതൽ കോണുകളിലേക്ക് എത്തിച്ചേരുന്നുവെന്നും, അഭൂതപൂർവമായ വേഗതയിൽ മാറ്റമുണ്ടാക്കുന്നതായും കത്തിൽ പറയുന്നു.
സോഫ്റ്റ്‌വെയർ വികസനത്തിൽ AI ഉപകരണങ്ങൾ ഇതിനകം തന്നെ ഉൽപ്പാദനക്ഷമത വർധിപ്പിക്കുന്നതായും ലോജിസ്റ്റിക്സിലും കോൾ സെൻ്ററുകളിലും കുറഞ്ഞ വൈദഗ്ധ്യം ആവശ്യമുള്ള ജോലികൾ ഏറ്റെടുക്കുന്നതായും ഗേറ്റ്സ് ചൂണ്ടിക്കാണിക്കുന്നു. ഈ മാറ്റം പരിഹരിക്കപ്പെട്ടില്ലെങ്കിൽ, അസമത്വം കൂടുതൽ രൂക്ഷമാകാനും, സമ്പത്തും അവസരങ്ങളും കുറച്ച് ആളുകളുടെ കൈകളിലേക്ക് മാത്രം കേന്ദ്രീകരിക്കാനും സാധ്യതയുണ്ടെന്നും ഗേറ്റ്സ് വ്യക്തമാക്കി.
ഈ വെല്ലുവിളികൾ അടിയന്തരമായി നേരിടാൻ ഏകോപിത നയവും അന്താരാഷ്ട്ര സഹകരണവും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു. വർധിച്ചുവരുന്ന ഭൗമരാഷ്ട്രീയ സംഘർഷങ്ങൾക്കിടയിൽ, ഇന്ത്യ-യുഎസ് പങ്കാളിത്തത്തിൻ്റെ പ്രാധാന്യത്തെ കുറിച്ചും ഗേറ്റ്സ് പ്രതീക്ഷ പങ്കുവെച്ചു.



