You are Here : Home / വെളളിത്തിര

കത്തി താഴെയിടെടാ നിന്റച്ഛനാടാ പറയുന്നെ'

Text Size  

Story Dated: Sunday, July 07, 2019 03:46 hrs UTC

പൊലീസ് കോണ്‍സ്റ്റബിള്‍ അച്യുതന്‍ നായരും മകന്‍ സേതുമാധവനും മലയാളികളുടെ മനസിലിടം നേടിയിട്ട് മൂന്ന് പതിറ്റാണ്ടാകുന്നു. മോഹന്‍ലാലും തിലകനും അവിസ്മരണീയമാക്കിയ കഥാപാത്രങ്ങള്‍ മലയാളി മനസുകളില്‍ ഇന്നും ജീവിക്കുന്നു. ലോഹിതദാസ്- സിബിമലയില്‍ കൂട്ടുകെട്ടില്‍ 1989 ജൂലൈ 7ന് പുറത്തിറങ്ങിയ ചിത്രമാണ് കിരീടം. മക്കളെ നല്ല നിലയിലെത്തിക്കാന്‍ സ്വപ്നം കാണുന്ന മലയാളി അച്ഛനമ്മമാരുടെ പ്രതിനിധിയായിരുന്നതു കൊണ്ടാണ് അച്യുതന്‍നായരെ മലയാളികള്‍ ഇന്നും നെഞ്ചേറ്റാന്‍ കാരണം .

ദേശീയപുരസ്കാരങ്ങളിലേക്കുള്ള ചവിട്ടുപടി ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ആ വര്‍ഷത്തെ ദേശീയ ചലച്ചിത്ര അവാര്‍ഡുകളില്‍ പ്രത്യേക ജൂറി പരാമര്‍ശം ലഭിച്ചു. മികച്ച നടനുള്ള പുരസ്കാരത്തിനായി മമ്മൂട്ടിയോട് (മതിലുകള്‍, ഒരുവടക്കന്‍ വീരഗാഥ) ഇഞ്ചോടിഞ്ച് പോരാടി ഒരു വോട്ടിനാണ് മോഹന്‍ലാല്‍ പിന്നിലായത്. എന്നാല്‍, ചിത്രത്തിലെ പ്രകടനത്തിന് മോഹന്‍ലിലിന് രാഷ്ട്രപതിയില്‍ നിന്ന് ആദരം ലഭിച്ചു.

നടനായും നിര്‍മാതാവായും മോഹന്‍ലാല്‍ നേടിയ അഞ്ച് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളുടെയും ചവിട്ടുപടി കിരീടത്തിലെ അഭിനയത്തിന് ലഭിച്ച ജൂറിപരാമര്‍ശം തന്നെയായിരുന്നു.

അച്യുതന്‍ നായരെന്ന അച്ഛനും സേതു എന്ന മകനും മകനെ നല്ലൊരു പൊലീസ് ഓഫീസര്‍ ആക്കണമെന്ന് മോഹിക്കുന്ന അച്യുതന്‍നായരെന്ന അച്ഛനും അച്ഛന്റെ ആഗ്രഹം പോലെ പൊലീസ് ആകാന്‍ ആഗ്രഹിച്ച്‌ നടക്കുന്ന സേതുമാധവനെന്ന മകനും ഇന്നും ഒരു നൊമ്ബരമാണ്. അച്ഛനെ ആക്രമിക്കുന്ന ഗുണ്ടയില്‍ നിന്ന് അദ്ദേഹത്തെ രക്ഷിക്കാന്‍ ശ്രമിക്കുന്ന നിമിഷം ഇരുവരുടെയും ജീവിതം തന്നെ മാറ്റിമറിക്കുന്നു. സാഹചര്യങ്ങളുടെ സമ്മര്‍ദങ്ങള്‍ തെരുവുഗുണ്ട എന്ന കിരീടം സോതുമാധവന് ചാര്‍ത്തിക്കൊടുക്കുന്നു.

സിനിമ തിരക്കുകള്‍ കാരണം തിലകന്‍ വേണ്ടെന്നു വച്ചിരുന്ന കഥാപാത്രമായിരുന്നു ഇത്. എന്നാല്‍ തിലകനില്ലെങ്കില്‍ ചിത്രം മാറ്റിവയ്ക്കുമെന്ന നിര്‍മാതാവ് കൃഷ്ണകുമാറിന്റെ നിര്‍ബന്ധത്തിന് വഴങ്ങിയാണ് തിലകന്‍ അച്യതന്‍നായരായത്.

'കത്തി താഴെയിടെടാ നിന്റച്ഛനാടാ പറയുന്നെ' 

ചിത്രത്തിന്റെ ക്ലൈമാക്സ് സീനില്‍ അക്രമാസക്തനായി സമനില നഷ്ടപ്പെട്ട് കത്തിയും ഊരിപ്പിടിച്ച്‌ നില്‍ക്കുന്ന സേതുമാധവനോട് അച്ഛന്‍ പറയുന്ന ഈ ഒരൊറ്റ ഡയലോഗിലൂടെ നിസഹായനായ ഒരച്ഛന്റെ വൈകാരികത തിലകന്‍ പ്രേക്ഷകര്‍ക്ക് നല്‍കി. മകനോടുള്ള വാത്സല്യവും അതിനൊപ്പം മകനിലൂടെ കണ്ടിരുന്ന സ്വപ്നങ്ങള്‍ തകര്‍ന്ന അച്ഛന്റെ നിസംഗതയും ഈ ഡയലോഗില്‍ ആവാഹിക്കപ്പെട്ടിരിക്കുന്നു. വില്ലനെ അടിച്ചൊതുക്കുന്ന മോഹന്‍ലാലെന്ന സൂപ്പര്‍ നായകന്‍റെ ഫൈറ്റിന് കൈയ്യടിക്കുന്നതിനൊപ്പം സ്വപ്നങ്ങള്‍ തകര്‍ന്ന അച്ഛന്റെ വേദനയില്‍ പ്രേക്ഷകന് കണ്ണ് നിറഞ്ഞുപോകുന്നുണ്ട്.

പേര് വന്ന വഴി 

മമ്മൂട്ടി നായകനാക്കി ഐ വി ശശി ലോഹിതദാസ് കൂട്ടുകെട്ടില്‍ ഒരുക്കിയ മറ്റൊരു ചിത്രത്തിന് നല്‍കാനായി ലോഹിതദാസ് മനസില്‍ കണ്ടിരുന്ന പേരാണ് പിന്നീട് ഈ ചിത്രത്തിന് നല്‍കിയത്. സാധാരണ കുടുംബത്തില്‍ നിന്നുള്ള ഒരാള്‍ക്ക് ഐഎഎസ് കിട്ടുന്നതും ആ കിരീടം ഭാരമാകുന്നതും പ്രമേയമാക്കിയ ചിത്രത്തിനായിരുന്നു കിരീടം എന്ന പേര്
ലോഹിതദാസ് മനസില്‍ കരുതിയിരുന്നത്. എന്നാല്‍ പേര് ഐ വി. ശശിക്ക് ഇഷ്ടപ്പെട്ടില്ല. ഈ ചിത്രം പിന്നീട് മുക്തി എന്ന പേരില്‍ 1988ല്‍ പുറത്തിറങ്ങി. ഈ ചിത്രത്തിനായി കരുതിവെച്ച കിരീടം എന്ന പേര് സിബിമലയില്‍ തന്റെ ചിത്രത്തിനായി സ്വീകരിക്കുകയായിരുന്നു.

കീരിക്കാടന്‍ ജോസ് എന്ന വില്ലന്‍ 

നായകന്‍ സേതുമാധവനെപ്പോലെ വില്ലന്‍ കീരിക്കാടന്‍ ജോസും മലയാളിക്ക് പ്രിയങ്കരനാണ്. എയര്‍മോഹന്‍ രാജ് എന്ന കീരിക്കാടന്‍ ജോസിന് ഈ ഒറ്റ കഥാപാത്രത്തിലൂടെ സ്വന്തം പേര് തന്നെ നഷ്ടമായി. ഇന്നും മോഹന്‍രാജ് എന്നു പറഞ്ഞാല്‍ ആര്‍ക്കും അറിയില്ല. കീരിക്കാടന്‍ ജോസ് എന്നു പറഞ്ഞാല്‍ എല്ലാവരും അറിയും. കീരിക്കാടന്‍ ജോസ് എന്നതാണ് യഥാര്‍ഥ പേരെന്നാണ് പലരും കരുതിയിരിക്കുന്നത്.

കൃഷ്ണ കുമാര്‍ എന്ന കിരീടം ഉണ്ണി 

കൃപ ഫിലിംസിന്റെ ബാനറില്‍ എന്‍ കൃഷ്ണകുമാറും ദിനേഷ് പണിക്കരും ചേര്‍ന്നായിരുന്നു കിരീടം എന്ന ചിത്രം നിര്‍മ്മിച്ചത് . ചിത്രം സൂപ്പര്‍ ഹിറ്റ് ആയതിന് പിന്നാലെ ഉണ്ണി എന്നറിയപ്പെട്ടിരുന്ന എന്‍. കൃഷ്ണകുമാര്‍ കിരീടം ഉണ്ണിയായി. സെവന്‍ ആര്‍ട്സ് ആണ് വിതരണം ചെയ്തത്.

ഹിന്ദിയിലും തമിഴിലും റീമേക്കിംഗ് 

സംവിധായകന്‍ പ്രിയദര്‍ശന്‍ 1993-ല്‍ ഹിന്ദിയില്‍ ഈ ചലച്ചിത്രം പുനര്‍നിര്‍മ്മിക്കുകയുണ്ടായി. ജാക്കി ഷെറോഫ് നായകനായി അഭിനയിച്ച ഈ ചിത്രത്തിന്റെ പേര് ഗര്‍ദിഷ് എന്നായിരുന്നു. വേറിട്ടൊരു ക്ലൈമാക്സില്‍ ഒരുക്കിയ ചിത്രം ഒരു ഹിറ്റ് തന്നെയായിരുന്നു.

2007-ല്‍ഈചിത്രം തമിഴില്‍ പുനര്‍നിര്‍മ്മിക്കുകയുണ്ടായി അജിത് നായകനായി അഭിനയിച്ച ഈ ചിത്രത്തിന്റെ പേര് കിരീടം എന്നു തന്നെയായിരുന്നു.

ചെങ്കോല്‍ എന്ന രണ്ടാം ഭാഗം 

ഒരു ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുക എന്നതുപോലെ മറ്റൊരു വെല്ലുവിളി തിരക്കഥാകൃത്തിനും സംവിധായകനുമില്ല. പ്രത്യേകിച്ച്‌ കിരീടം പോലെ സൂപ്പര്‍ഹിറ്റായ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കുന്നത്. ആദ്യഭാഗമായ കിരീടം പ്രേക്ഷകരിലുണ്ടാക്കിയ സ്വാധീനം നഷ്ടപ്പെടുത്താത്ത തരത്തില്‍ തന്നെയാവണം രണ്ടാം ഭാഗം ഒരുക്കേണ്ടതും. അതിനായി നാല് വര്‍ഷങ്ങളാണ് സിബിമലയിലിനും ലോഹിതദാസിനും കാത്തിരിക്കേണ്ടി വന്നത്. 1993ലാണ് രണ്ടാം ഭാഗമായ ചെങ്കോല്‍ പുറത്തിറങ്ങിയത്. ചെങ്കോലും പ്രേക്ഷകര്‍ നെഞ്ചേറ്റി.

കിരീടം പാലം‌ 

സേതുമാധവന്റെ ആത്മനൊമ്ബരങ്ങള്‍ക്ക് സാക്ഷിയായ കിരീടം പാലം ഇന്നും മലയാളികള്‍ക്ക് പ്രിയപ്പെട്ടതാണ്. മോഹന്‍ലാലും പാര്‍വതിയും ശ്രീനാഥുമൊക്കെ കടന്നു പോകുന്ന പാലം സിനിമയുടെ വൈകാരികതയുമായി ബന്ധപ്പെട്ടുകിടക്കുന്നുണ്ട്. കണ്ണീര്‍ പൂവിന്റെ കവിളില്‍ തലോടി എന്ന ഗാനത്തിന്‍റെ കൂടുതല്‍ ഭാഗവും ചിത്രീകരിച്ചത് ഈ പാലത്തില്‍വെച്ചായിരുന്നു.

തിരുവനന്തപുരത്തെ വെള്ളയാണിയിലെ ശിവോദയം ക്ഷേത്രത്തിന് സമീപം കന്നുകാലിച്ചാലിന് കുറുകെ നിര്‍മ്മിച്ച ഈ പാലം പിന്നീട് അറിയപ്പെട്ടത് കിരീടം പാലം എന്നായിരുന്നു. തകര്‍ന്നുപോയ പാലം അടുത്തിടെ പുനര്‍ നിര്‍മിച്ചു. ഇത് നടന്‍ തിലകന്റെ സ്മാരകമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

തിരുവനന്തപുരത്തും സമീപപ്രദേശങ്ങളിലും വെച്ചാണ് ഈ സിനിമ ചിത്രീകരിച്ചത്. ആര്യനാട് ചന്തയില്‍ വെച്ചാണ് ക്ലൈമാക്സ് രംഗം ചിത്രീകരിച്ചത്.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.