വിവാദമായ കേസുകള്‍ ഏറ്റെടുത്ത് കുപ്രസിദ്ധി നേടിയ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ ആളൂര്‍ സിനിമാനിര്‍മാണ രംഗത്തേയ്ക്ക്. പത്തു കോടി മുതല്‍ മുടക്കിലാണ് ചിത്രം ഒരുങ്ങുന്നത്. നടന്‍ ദിലീപും ചിത്രത്തിന്റെ നിര്‍മാണത്തില്‍ പങ്കാളിയാവാന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. സലീം ഇന്ത്യയാണ് കഥയും സംവിധാനവും. തിരക്കഥയും സംഭാഷണവും അഡ്വ. ആളൂരാണ് നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ആളൂര്‍ സ്വന്തം പേരില്‍ തന്നെ അഭിനയിക്കുന്നുണ്ട്.
സൗമ്യ വധക്കേസില്‍ പ്രതി ഗോവിന്ദച്ചാമിക്കുവേണ്ടിയും ജിഷ വധക്കേസില്‍ പ്രതി അമീര്‍ ഉള്‍ ഇസ്ലാമിനുവേണ്ടിയും വാദിക്കുന്നത് മുംബൈ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന, തൃശൂര്‍ എരുമപ്പട്ടി സ്വദേശിയായ അഡ്വ. ബിജു ആന്റണി ആളൂര്‍ എന്ന ബി.എ ആളൂരാണ്. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിയുടെ അഭിഭാഷകനായിരുന്നു ആളൂര്‍. കഴിഞ്ഞ ദിവസമാണ് സുനിയുടെ വക്കാലത്ത് ഒഴിഞ്ഞത്.
ഒരു കൊലപാതകം പശ്ചാത്തലമായ ത്രില്ലര്‍ ചിത്രമായിരിക്കും ഇതെന്ന് ആളൂര്‍ മാതൃഭൂമി ഡോട് കോമിനോട് പറഞ്ഞു. താന്‍ മാനേജിങ് ഡയറക്ടറാകുന്ന നിര്‍മാണ കമ്ബനിയുടെ പേരില്‍ അഞ്ചു കോടി രൂപ സമാഹരിച്ച് ബാക്കി അഞ്ചു കോടി രൂപ നടന്‍ ദിലീപിന്റെ പങ്കാളിത്തത്തില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മമ്മൂട്ടിയെ ചിത്രത്തിനായി സമീപിച്ചിരുന്നുവെന്നും ചിത്രത്തില്‍ ദിലീപ് അതിഥിവേഷത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ആളൂര്‍ പറഞ്ഞു.
വിദ്യാ ബാലനെയും അനുഷ്‌ക ഷെട്ടിയേയും ചിത്രത്തിലെ അതിഥിവേഷത്തിനായി അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിട്ടുളളതായും വരലക്ഷ്മി ശരത്കുമാറും പരിഗണനയില്‍ ഉളളതായും അദ്ദേഹം വെളിപ്പെടുത്തി.
രാജ്യമാകെ ചര്‍ച്ചയായ സൗമ്യ വധക്കേസും ജിഷ വധക്കേസും ചിത്രത്തില്‍ പശ്ചാത്തലമായി വരുന്നുണ്ട്. ചിത്രത്തിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടന്നുവരികയാണ്.
Comments