നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ പുറത്താക്കപ്പെട്ട നടന്‍ ദിലീപിനെ തിരിച്ചെടുത്തതിന്റെ പേരില്‍ വന്‍ വിവാദങ്ങളാണ് ഉണ്ടായിട്ടുള്ളത്. പിന്നീട് ഭാരവാഹി തിരഞ്ഞെടുപ്പിന്റെയും പേരില്‍ 'അമ്മ'യില്‍ കലാപമുയര്‍ന്നു. ഇതിന് പിന്നാലെ പലകോണുകളില്‍നിന്നും അമ്മയുടെ പ്രത്യേക യോഗം ചേരണമെന്ന ആവശ്യം ഉയര്‍ന്നു. ദിലീപിനെ തിരിച്ചെടുത്തതുള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നായിരുന്നു പ്രധാന ആവശ്യം. ഇപ്പോഴിതാ പ്രത്യേക നിര്‍വാഹക സമിതി യോഗം ചേരാന്‍ താരസംഘടന തീരുമാനിച്ചിരിക്കുന്നതായി റിപ്പോര്‍ട്ട്. ജൂലൈ 19ന് നിര്‍വാഹക സമിതി ചേരാന്‍ ധാരണയായെന്നാണ് വിവരം.
ഇതോടൊപ്പം ചലച്ചിത്ര മേഖലയിലെ വനിതാ കൂട്ടായ്മയായ വിമന്‍ ഇന്‍ സിനിമാ കലക്ടീവ് (ഡബ്ല്യുസിസി) അംഗങ്ങളുമായും ചര്‍ച്ച നടത്തും. 'പ്രാധാന്യമുള്ള' വിഷയം ചര്‍ച്ചയ്ക്കുണ്ടെന്നു കാണിച്ച് നിര്‍വാഹക സമിതി അംഗങ്ങള്‍ക്കു സന്ദേശം ലഭിച്ചിട്ടുണ്ട്. ചര്‍ച്ചയ്ക്കു ക്ഷണിച്ച് ഡബ്ല്യുസിസിക്കും കത്തു നല്‍കും.
രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ക്കു ക്ഷണക്കത്ത് നല്‍കുമെന്നാണു സൂചന. മോഹന്‍ലാല്‍ ലണ്ടനില്‍ നിന്നെത്തിയാലുടന്‍ ഇതു സംബന്ധിച്ച അജന്‍ഡ തീരുമാനിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
അതിനിടെ അമ്മയില്‍ നിന്ന് രാജിവച്ച നടി രമ്യാ നമ്ബീശന്‍ നടനും എംഎല്‍എയുമായി ഗണേഷ് കുമാറിനെതിരേ രംഗത്തെത്തി. നടിമാരെ അപഹസിക്കുകയാണ് ഗണേഷ് കുമാര്‍ ചെയ്തതെന്നും. ഗണേഷിന്റെ വാക്കുകള്‍ മറുപക്ഷത്തിന്റെ നിലവാരമാണ് കാണിക്കുന്നതെന്നും രമ്യ പറഞ്ഞു. ദിലീപിനെ 'അമ്മ' സംഘടനയിലേക്ക് തിരിച്ചെടുത്തത് അതീവ രഹസ്യമായിട്ടെന്നും നടി രമ്യ നമ്ബീശന്‍ പറഞ്ഞു. തീരുമാനങ്ങള്‍ എക്‌സിക്യൂട്ടീവ് അംഗങ്ങളെ അറിയിക്കേണ്ടതാണ്. നേരത്തെ എടുത്ത തീരുമാനമാണെങ്കില്‍ എന്തുകൊണ്ട് അറിയിച്ചില്ല? സംഘടനയില്‍ ചിലര്‍ മാത്രം തീരുമാനം എടുക്കുകയാണെന്നും രമ്യ പറഞ്ഞു.
നേരത്തെ നടന്‍ സിദ്ധിഖ് മാദ്ധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും രമ്യ ആരോപിച്ചിരുന്നു. ദിലീപിനെ താരസംഘടനയായ എ.എം.എം.എയില്‍ നിന്നും പുറത്താക്കിയ നടപടി രമ്യ കൂടി പങ്കെടുത്ത കമ്മിറ്റിയാണ് മരവിപ്പിച്ചതെന്ന സിദ്ധിഖിന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് അവര്‍ രംഗത്തെത്തിയത്.
ആ യോഗത്തില്‍ താനും പൃഥ്വിരാജും പങ്കെടുത്തിട്ടില്ല. യോഗം ഉണ്ടെന്ന് അറിയിച്ചിരുന്നുവെങ്കിലും ചിത്രീകരണത്തിരക്ക് ഉണ്ടായിരുന്നതിനാല്‍ എത്താന്‍ സാധിച്ചില്ല. യോഗം കഴിഞ്ഞതിന് ശേഷമുള്ള തീരുമാനങ്ങളും അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ഇവര്‍ നടത്തുന്ന പ്രസ്താവനകള്‍ മാദ്ധ്യമങ്ങളെയും ജനങ്ങളെയും തെറ്റിദ്ധരിപ്പിക്കുകയാണെന്നും രമ്യ പറഞ്ഞു.
സംഘടനയെ പിളര്‍ത്തണം എന്നൊന്നും ഞങ്ങള്‍ ഉദ്ദേശിച്ചിട്ടില്ല. രാജിവച്ചത് അതുകൊണ്ടല്ല. എന്നാല്‍ സംഘടനയില്‍ നടക്കുന്ന ചില കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാകില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു.
അമ്മയില്‍ നിന്ന് രാജിവച്ച നടിമാര്‍ കുഴപ്പക്കാരാണെന്നും ഇപ്പോഴത്തെ വിവാദങ്ങളില്‍ താരസംഘടനയിലെ അംഗങ്ങളാരും പ്രതികരിക്കേണ്ടെന്നും ഗണേഷ് കുമാര്‍ ജനറല്‍ സെക്രട്ടറി ഇടവേള ബാബുവിന് അയച്ച ശബ്ദസന്ദേശമാണ് ഏതാനും ദിവസം മുന്‍പ് പുറത്തെത്തിയത്. വാര്‍ത്തകളും ഫേസ്ബുക്ക് പോസ്റ്റുകളും കണ്ട് ഭയപ്പെടരുതെന്നും രാജി വച്ച നാല് പേര്‍ അമ്മയോട് ശത്രുത പുലര്‍ത്തുന്നവരും സ്ഥിരമായി കുഴപ്പങ്ങളുണ്ടാക്കുന്നവരാണെന്നും ഗണേഷ് സന്ദേശത്തില്‍ പറഞ്ഞിരുന്നു. ഇങ്ങനെ വാദപ്രതിവാദങ്ങള്‍ ശക്തമാകുന്നതിനിടെയാണ് ഡബ്ല്യുസിസി അംഗങ്ങളെ അമ്മ ചര്‍ച്ചയ്ക്ക് വിളിച്ചിരിക്കുന്നത്. ഏവരും ആകാംക്ഷയോടെ കാണുന്ന ചര്‍ച്ചയിലൂടെ തര്‍ക്കങ്ങള്‍ക്ക് പരിഹാരമാകുമെന്നാണ് പ്രതീക്ഷ.
Comments