ചലച്ചിത്ര പുരസ്‌കാര വിതരണ ചടങ്ങിലെ മോഹന്‍ലാലിന്റെ തീപ്പൊരി പ്രസംഗത്തിന് നിറഞ്ഞ കൈയ്യടിയായിരുന്നു. മോഹന്‍ലാല്‍ ചടങ്ങില്‍ പങ്കെടുക്കരുതെന്ന് മുറവിളി കൂട്ടിയവര്‍ക്കുള്ള ചുട്ട മറുപടി കൂടിയായിരുന്നു അദ്ദേഹത്തിന്റെ പ്രസംഗം. എട്ടു മിനിറ്റോളം നീണ്ടു നിന്ന അദ്ദേഹത്തിന്റെ പ്രസംഗം ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായികഴിഞ്ഞു. അദ്ദേഹത്തിന്റെ പ്രസംഗത്തെ രൂക്ഷമായി വിമര്‍ശിച്ച് ഫെയ്‌സ്ബുക്കിലൂടെ രംഗത്തെത്തിയിരിക്കുകയാണ് കെ.എസ്.ബിനു. ഒരു കലാകാരന്‍ എത്ര കണ്ട് മഹത്തായൊരു മനുഷ്യനായിരിക്കണമെന്ന് പ്രകാശ് രാജ് കാണിച്ചു തന്നപ്പോള്‍ മോഹന്‍ലാല്‍ തന്റെ വിവരദോഷികളായ ഫാന്‍സിന്റെ കൈയ്യടി വാങ്ങാനും ചില കണക്കുകള്‍ തീര്‍ക്കാനും മാത്രമായാണ് ഈ അവസരം ഉപയോഗിച്ചതെന്ന് ബിനു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കെ.എസ്.ബിനുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്
സംസ്ഥാന അവാര്‍ഡ് വിതരണ ചടങ്ങിന്റെ മുഖ്യാതിഥിയായി ക്ഷണിക്കപ്പെടുക എന്നതൊക്കെ ഒരു കലാകാരനെ സംബന്ധിച്ച് എത്ര അപൂര്‍വ്വമായ അവസരമാണ്. ആ വിശിഷ്ട വേദിയില്‍ മുഖ്യാതിഥിയായി ചെന്ന് ശ്രീ മോഹന്‍ലാല്‍ ഏകദേശം എട്ട് മിനിട്ടോളം സംസാരിച്ചിട്ടുണ്ട്. സ്വന്തം ചരിത്രത്തിലും യാത്രയിലും തുടങ്ങിയ ലാല്‍ ആ എട്ടുമിനിട്ട് ആകെ മൊത്തം വിനിയോഗിച്ചത് ആ ഇടവും കൈയ്യേറിയ തന്റെ ഫാന്‍സിന്റെ കൈയ്യടിയുടെ അകമ്ബടിയോടെ ഞാനിവിടെത്തന്നെ കാണും എന്ന തന്റെ ടിപ്പിക്കല്‍ സൂപ്പര്‍ഹീറോ കഥാപാത്രങ്ങളുടെ ക്ലീഷേ മാസ്സ് ഡയലോഗ് അടിക്കാന്‍ മാത്രമാണ്. (അവിടെയെങ്കിലും ഈ ഫാന്‍സ് വെട്ടുക്കിളികള്‍ക്ക് അല്‍പം അലമ്ബ് കുറച്ചൂടേ? എന്തൊരു ബഹളം!) വേദി അതായതുകൊണ്ട് അദ്ദേഹം സ്വരത്തില്‍ അല്‍പം വിനയം കലര്‍ത്തിയെന്ന് മാത്രം. എങ്കിലും ആ പ്രസംഗത്തിന്റെ, ആ ഡയലോഗിന്റെ നെറ്റ് എഫക്‌ട് മാസ്സ് തന്നെയാണ്, മാത്രമാണ്.
തന്റെ പ്രവര്‍ത്തനരംഗം ഇത്രയധികം കലുഷിതമായിരുന്ന കഴിഞ്ഞ ഒരു വര്‍ഷക്കാലത്ത്, മിണ്ടേണ്ട സമയങ്ങളിലൊക്കെ ഉത്തരവാദപ്പെട്ട സ്ഥാനത്ത് പഴം വിഴുങ്ങിയിരുന്ന മനുഷ്യനാണ് ഇപ്പോള്‍ പൊതു സമക്ഷത്തില്‍ ഇത്ര പരിഹാസ്യമായ വീരസ്യം വിളമ്ബുന്നത്. ഒരുകാലത്ത് ഏറ്റവുമധികം ഇഷ്‌പ്പെടുകയും ആരാധന തോന്നുകയുമൊക്കെ ചെയ്തിരുന്ന കലാകാരനോട് ഇത്രയധികം അവജ്ഞ തോന്നുന്നതില്‍ സങ്കടമുണ്ട്. പക്ഷേ പറയാതെ വയ്യ, ഇതുപോലെ മറ്റൊരു വിശിഷ്ട വേദിയില്‍, കഴിഞ്ഞ IFFK യുടെ മുഖ്യാതിഥിയായി വന്ന്, ആ വേദിയുപയോഗിച്ച് പ്രകാശ് രാജ് പറഞ്ഞ ഹെവി രാഷ്ട്രീയം ഒക്കെ ഓര്‍ക്കുമ്ബോഴാണ് ഇയാളെയൊക്കെ എടുത്ത് കിണറ്റിലിടാന്‍ തോന്നുന്നത്!
താന്‍ നില്‍ക്കുന്ന വിലപ്പെട്ട വേദിയും തനിക്ക് ലഭിച്ച സ്ഥാനവും എത്ര മാഹാത്മ്യത്തോടെ, എത്ര ശ്രദ്ധയോടെ, എത്ര ആദരവോടെ വേണം ഉപയോഗിക്കേണ്ടതെന്നും, ഒരു കലാകാരന്‍ എത്രകണ്ട് മഹത്തായൊരു മനുഷ്യനായിരിക്കണമെന്നും പ്രകാശ് രാജ് കാണിച്ചു തന്നപ്പോള്‍ ഇവിടെയൊരാള്‍ തന്റെ വിവരദോഷികളായ ഫാന്‍സിന്റെ കൈയ്യടി വാങ്ങാനും ചില കണക്കുകള്‍ തീര്‍ക്കാനും മാത്രമായി ആ അവസരം ഉപയോഗിച്ച്, തന്നെയും, തന്റെ വേദിയെയും തന്നെ ക്ഷണിച്ചവരെയും തറയ്ക്ക് താഴേയ്ക്കും താഴ്ത്തി കളഞ്ഞിട്ട് ഞെളിഞ്ഞു നില്‍ക്കുന്നു!
Comments