ഒരു കാലത്ത് മലയാളത്തിന്റെ ഹിറ്റ് നിര്‍മ്മാതാക്കളില്‍ ഒരാളായിരുന്നു വി.ബി.കെ മേനോന്‍. താഴ്വാരം, അഭിമന്യു എന്നിങ്ങനെ ഒരുപിടി വിജയ ചിത്രങ്ങള്‍ സൂപ്പര്‍ താരങ്ങളെ വച്ചൊരുക്കിയ വി.ബി.കെ മേനോന്‍ എന്ന നിര്‍മ്മാതാവ് കഴിഞ്ഞ കുറച്ചു നാളായി സിനിമയെന്ന സ്വപ്ന ലോകത്ത് നിന്നും മാറി നില്‍ക്കുകയാണ്. പ്രതീക്ഷകളും സ്വപ്നങ്ങളും നിറച്ച സിനിമാ ലോകത്ത് നിന്നും നേരിട്ട അവഗണന മാതൃഭൂമിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ അദ്ദേഹം തുറന്നു പറയുന്നു.
സിനിമയില്‍ തനിക്ക് കടപ്പാടുള്ളത് രണ്ടുപേരോടാണ്. അത് എം ടി വാസുദേവനെന്ന വാസുവേട്ടനോടും മോഹന്‍ലാലിനോടുമാണ്. അതിനെക്കുറിച്ച് അദ്ദേഹം പറയുന്നത് ഇങ്ങനെ ..' ഈ വീട്ടില്‍ താമസിക്കുന്നതിനും കാരണക്കാരന്‍ എം.ടിയാണ്. അദ്ദേഹമാണ് ഈ വീട് വാങ്ങാന്‍ കാരണക്കാരന്‍. സിനിമയ്ക്ക് വേണ്ടി ഇത് നാലുപ്രാവശ്യം പണയം വെച്ചിട്ടുണ്ടുമുണ്ട്. ഇന്നും ഒരു തിരക്കഥ ചോദിച്ചാല്‍ വാസുവേട്ടന്‍ തരും. ഡേറ്റ് ചോദിച്ചാല്‍ കപ്പാസിറ്റിയുണ്ടെങ്കില്‍ ലാല്‍ തരും. നേരത്തേയും കണക്ക് പറഞ്ഞ് വാങ്ങുന്ന ബന്ധമല്ല ഞങ്ങളുടേത്. ഞാന്‍ കണ്ടറിഞ്ഞ് കൊടുക്കും. അധികമാണെങ്കില്‍ വേണ്ടെന്നു പറയും. ഇന്നും വിളിച്ചാല്‍ ഫോണെടുക്കും. സംസാരിക്കും. കണ്ടാല്‍ ഓടിവരും.
പക്ഷെ ഞാന്‍ കുഞ്ഞുനാളുമുതലേ ഏറെ സ്നേഹിച്ചിരുന്ന ഒരു പയ്യന്‍, അവനിന്ന് വലിയ സംവിധായകനും പാട്ടുകാരനും തിരക്കഥാകൃത്തുമെല്ലാമാണ്. ആദ്യമായാണ് ഞാനൊരാളെടുത്ത് മറ്റൊരാളെയും കൂട്ടി കഥ പറയാന്‍ പോയത്. അവിടെ നിന്നു കിട്ടിയ അവഗണന എന്നെ വല്ലാതെ തളര്‍ത്തി കളഞ്ഞു. സാധാരണ ഒന്നിലും കുലുങ്ങാത്ത ഞാന്‍ രണ്ട് ദിവസം സുഖമില്ലാതെ കിടന്നു പോയി. കാരണം അവനില്‍ നിന്നു ഞാനത് തീരെ പ്രതീക്ഷിച്ചില്ല. പറ്റില്ലെങ്കില്‍ പറ്റില്ലെന്നു പറഞ്ഞാല്‍ മതിയായിരുന്നു. ഇത് ഒരുമാതിരി ചിരിച്ചുകൊണ്ട് കഴുത്തറുക്കുന്നതുപോലെയായിപോയി. തെറ്റ് എന്റേതാണ്. അങ്ങിനെ പോവാന്‍ പാടില്ലായിരുന്നെന്ന് ഇപ്പോള്‍ എനിക്ക് മനസിലാവുന്നു.'
Comments