പല ജനപ്രിയ സിനിമകളിലും അഭിനയിച്ച് മലയാളികളുടെ മനസ്സില്‍ ഇടംപിടിച്ച താരമാണ് കനിഹ. 2002ല്‍ ഫൈവ് സ്റ്റാര്‍ എന്ന തമിഴ് ചിത്രത്തിലൂടെയാണ് കനിഹ വെള്ളിത്തിരയിലെത്തുന്നത്. മലയാളം, തെലുങ്ക്, കന്നഡ തുടങ്ങീ ഭാഷകളില്‍ അഭിനയിച്ചിട്ടുണ്ടെങ്കിലും വിരളിലെണ്ണാവുന്ന ചിത്രങ്ങളിലാണ് കനിഹ വേഷമിട്ടിട്ടുള്ളത്. എണ്ണത്തില്‍ കുറവാണെങ്കിലും വിജയ ചിത്രങ്ങളുടെ ഭാഗമാകാന്‍ താരത്തിനായി. എന്നാല്‍ എണ്ണം കൂട്ടാനായി താരം സിനിമ ചെയ്യാറില്ല. കുടുംബത്തിന് കൂടി പ്രാധാന്യം നല്‍കുന്ന താരം നല്ല കഥാപാത്രങ്ങള്‍ നോക്കിയാണ് തിരഞ്ഞെടുക്കുന്നത്. ഏറ്റവും ഒടുവിലായി മമ്മൂട്ടിയ്‌ക്കൊപ്പം അബ്രഹാമിന്റെ സന്തതികളിലും മോഹന്‍ലാലിനൊപ്പം ഡ്രാമയിലും താരം മുഴുനീള കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു.
ഇപ്പോഴിതാ താരം സിനിമയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന മോശം സംഭവങ്ങളെ കുറിച്ച് തുറന്നു പറയുന്നു. സിനിമ മലയാളമായാലും ഹിന്ദിയായാലും തമിഴായാലും അത് പുരുഷകേന്ദ്രീകൃതമാണെന്നാണ് താരം പറയുന്നത്. തനിക്ക് ഇന്നേവരെ സിനിമാ മേഖലയില്‍ നിന്നൊരു മോശം അനുഭവം ഉണ്ടായിട്ടില്ല. അടുത്തിടെ സഹപ്രവര്‍ത്തകയ്ക്കുണ്ടായ അനുഭവം സ്ത്രീകളെയെല്ലാം വേദനിപ്പിക്കുന്നതാണെന്നും താരം പറയുന്നു.
കോടതിയിലുള്ള കേസിനെ കുറിച്ചൊന്നും കൂടുതല്‍ സംസാരിക്കുന്നില്ല. എന്നാല്‍ ആ സംഭവത്തില്‍ വല്ലാത്ത വിഷമമുണ്ട്.. അഭിനേതാവെന്ന നിലയിലും സ്ത്രീയെന്ന നിലയിലും വിഷമമുണ്ട്. പക്ഷേ സ്ത്രീ-പുരുഷന്‍ എന്ന് വര്‍ഗീകരിക്കുന്നതിന് പകരം മനുഷ്യജീവി എന്ന നിലയില്‍ കണ്ട് ആ വിഷയത്തെ സമീപിക്കണം. എന്തുകൊണ്ടാണ് അക്കാര്യത്തില്‍ വളരെ വേഗം നടപടികള്‍ ഉണ്ടാകാത്തത് എന്ന് മനസ്സിലാകുന്നില്ല. എന്തു തന്നെയായാലും അവസാനം കുറ്റവാളി ശിക്ഷിക്കപ്പെടും. കൂടുതല്‍ പേരും സൗഹൃദത്തിന്റെ ഭാഗത്താണ് നില്‍ക്കുന്നത്, ഞാന്‍ പറയുന്നത് മനുഷ്യത്വത്തിന്റെ ഭാഗത്ത് നില്‍ക്കണം എന്നാണ്. എല്ലാ തൊഴില്‍ മേഖലയിലും നല്ലതും ചീത്തയുമുണ്ടെന്നും താരം പറയുന്നു. അവനവന് പറ്റാത്ത കാര്യങ്ങള്‍ ആരെങ്കിലും അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി വിയോജിപ്പ് രേഖപ്പെടുത്തണം. സ്ത്രീകള്‍ സ്വന്തം കഴിവിനെ കുറിച്ചും അവകാശങ്ങളെ കുറിച്ചും ബോധമുള്ളവരാകണം. നോ പറയേണ്ട സ്ഥലങ്ങളില്‍ നോ പറയാനുള്ള ധൈര്യം കാണിക്കണമെന്നും കനിഹ പറയുന്നു.
Comments