ചെറിയൊരു ഇടവേളയ്ക്ക് ശേഷം ഫഹദ് ഫാസിലും അമല്‍ നീരദും ഒരുമിച്ചെത്തിയിരിക്കുകയാണ് വരത്തനിലൂടെ. സിനിമ ഇപ്പോള്‍ പ്രേക്ഷകരുടേതായി മാറിയിരിക്കുകയാണ്. വിദേശത്തുനിന്നും കേരളത്തിലേക്കെത്തുന്ന എബിക്കും പ്രിയയ്ക്കും നേരിടേണ്ടി വരുന്ന അനുഭവങ്ങളാണ് വരത്തന്റെ പ്രമേയം. തുടക്കം മുതല്‍ ഒടുക്കം വരെ സസ്‌പെന്‍സ് നിലനിര്‍ത്തുകയും വ്യത്യസ്തമായ രീതിയിലുള്ള ക്ലൈമാക്‌സുമാണ് സിനിമയിലെ പ്രധാന ആകര്‍ഷണീയതകള്‍. ചിത്രത്തില്‍ നായികയായി എത്തിയത് ഐശ്വര്യ ലക്ഷ്മിയാണ്. ഞണ്ടുകളുടെ നാട്ടില്‍ ഒരിടവേളയിലൂടെ സിനിമയില്‍ തുടക്കം കുറിച്ച നായികയുടെ മൂന്നാമത്തെ ചിത്രമാണിത്. ലൊക്കേഷനിലെ അനുഭവങ്ങളൊക്കെ രസകരമായിരുന്നുവെന്നും അടുത്ത സുഹൃത്തിനെപ്പോലെയാണ് നസ്രിയ സംസാരിച്ചതും ഇടപെട്ടതുമെന്നും താരം പറയുന്നു. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിനിടയിലാണ് താരം സിനിമയുടെ ചിത്രീകരണത്തിനിടയിലെ വിശേഷങ്ങള്‍ പങ്കുവെച്ചത്.
ഇന്ത്യന്‍ സിനിമയുടെ തന്നെ അഭിമാന താരങ്ങളിലൊരാളായ ഫഹദിനൊപ്പം അഭിനയിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട്. ചിത്രീകരണത്തിനിടയില്‍ ഇടയ്ക്ക് റീടേക്ക് പോവുമ്ബോള്‍ തുടക്കത്തില്‍ വല്ലാതെ പരിഭ്രമിച്ചിരുന്നുവെന്നും പിന്നീട് സംവിധായകനാണ് അതിന്റെ ആവശ്യകതയെക്കുറിച്ച് വ്യക്തമാക്കിയത്. പിന്നീടാണ് തനിക്ക് സമാധാനമായതെന്നും താരം പറയുന്നു. ഈ സിനിമയില്‍ നിന്നും താനൊന്നും പഠിച്ചില്ലെങ്കില്‍ ജീവിതത്തില്‍ ഒരിക്കലും പഠിക്കില്ലെന്നും അത്രയ്ക്കും മികച്ച അവസരമാണ് തനിക്ക് ലഭിച്ചതെന്നും ഐശ്വര്യ പറയുന്നു. ഇടയ്ക്ക് പ്രതികൂല കാലാവസ്ഥ കാരണം ചിത്രീകരണം മുടങ്ങിയപ്പോഴൊക്കെ എല്ലാവരെയും ആശ്വസിപ്പിച്ച് നസ്രിയ ഒപ്പമുണ്ടായിരുന്നു.
ഇടയ്ക്ക് പാലായില്‍ പോയി നല്ല ഭക്ഷണം കൊണ്ടുവരാറുണ്ട്. അത് പോലെ തന്നെ താരത്തിന്റെ രക്ഷിതാക്കള്‍ വരുമ്ബോളും നല്ല ഭക്ഷണം കൊണ്ടുത്തരാറുണ്ട്. താന്‍ ഈ സിനിമയുടെ നിര്‍മ്മാതാവാണെന്നും കണക്കൊക്കെ നോക്കണമെന്നും പറഞ്ഞ് ഇടയ്ക്ക് അമല്‍ നീരദ് ഓര്‍മ്മപ്പെടുത്തുമ്ബോഴാണ് നസ്രിയ അതോര്‍ക്കുന്നത്. ഓംശാന്തി ഓശാനയില്‍ കണ്ടത് പോലെ തന്നെ ആള്‍ വളരെ ജോളിയാണ്. വല്ലാത്തൊരു പോസിറ്റീവ് വൈബാണ് അപ്പോള്‍ ലഭിക്കുന്നത്. തിയേറ്ററുകളിലേക്കെത്തിയ സിനിമയെ എല്ലാവരും പിന്തുണയ്ക്കണമെന്നും താരം ഓര്‍മ്മപ്പെടുത്തിയിട്ടുണ്ട്.
Comments