വാഹനാപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ (40) അന്തരിച്ചു. പുലര്‍ച്ചെ ഒരു മണിയോടെ തിരുവനന്തപുരം അനന്തപുരി ആശുപത്രിയിലാണ് അന്ത്യം. 12.57നുണ്ടായ ഹൃദയാഘാതമാണ് മരണത്തിന് ഇടയാക്കിയതെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. വെന്റിലേറ്ററില്‍ ചികിത്സയിലായിരുന്ന ബാലഭാസ്‌കറിന്റെ നില മെച്ചപ്പെട്ടുവരുന്നതിനിടെയാണ് ഹൃദയാഘാതം ഉണ്ടായത്.
കഴിഞ്ഞ ചൊവ്വാഴ്ച പുലര്‍ച്ചെയായിരുന്നു ബാലഭാസ്‌കറും കുടുംബവും സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടത്. നിയന്ത്രണം നഷ്ടപ്പെട്ട കാര്‍ വലതുവശത്തേക്കു തെന്നിമാറി റോഡരികിലെ മരത്തില്‍ ഇടിക്കുകയായിരുന്നു. വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ബാലഭാസ്‌കറിന്റെ മകള്‍ രണ്ടു വയസുകാരി തേജസ്വിനി ബാല നേരത്തെ മരിച്ചിരുന്നു. തലച്ചോറിനും കഴുത്തെല്ലിനും നട്ടെല്ലിനും ശ്വാസകോശത്തിനും സാരമായി ക്ഷതമേറ്റ ബാലഭാസ്‌കറിനെ രണ്ടു ശസ്ത്രക്രിയകള്‍ക്കു വിധേയനാക്കിയിരുന്നു. ഗുരുതര പരുക്കുകളോടെ ഭാര്യ ലക്ഷ്മി (38), വാഹനം ഓടിച്ച സുഹൃത്ത് അര്‍ജുന്‍ (29) എന്നിവര്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. .
തിരുമല സ്വദേശി ചന്ദ്രന്‍ ( റിട്ട. പോസ്റ്റുമാസ്റ്റര്‍) ആണ് ബാലഭാസ്‌കറിന്റെ അച്ഛന്‍. അമ്മ ശാന്തകുമാരി (റിട്ട. സംസ്‌കൃത അധ്യാപിക, സംഗീത കോളജ് തിരുവനന്തപുരം). സഹോദരി. മീര. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനു ശേഷം ഇന്ന് സംസ്‌കരിക്കും. .
മകളുടെ പേരിലുള്ള വഴിപാടുകള്‍ക്കായി 23 നു തൃശൂര്‍ക്കു പോയ കുടുംബം ക്ഷേത്രദര്‍ശനം കഴിഞ്ഞ് 24 നു രാത്രിയോടെ തിരുമലയിലെ വീട്ടിലേക്കു മടങ്ങിയതാണ്. ബാലഭാസ്‌കറും മകളും മുന്‍സീറ്റിലായിരുന്നു. വാഹനത്തിന്റെ ഒരു ഭാഗം തകര്‍ത്തു പുറത്തെടുത്ത തേജസ്വിനിയെ പൊലീസ് വാഹനത്തില്‍ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഫലമുണ്ടായില്ല. മറ്റുള്ളവരെ ആംബുലന്‍സുകളില്‍ മെഡിക്കല്‍ കോളജിലും പിന്നീടു സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. .
സഹപാഠികളായിരുന്ന ബാലഭാസ്‌കറും ലക്ഷ്മിയും 2000ലാണ് വിവാഹിതരായത്. പതിനാറു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷമാണ് ഇവര്‍ക്ക് തേജസ്വിനി പിറന്നത്. തേജസ്വനിയുടെ പേരിലുള്ള വഴിപാട് നടത്താനായിരുന്നു ഇവര്‍ തൃശ്ശൂരിലേക്ക് പോയത്. .
ഫ്യൂഷന്‍ സംഗീതപരിപാടികളിലൂടെ ചെറുപ്രായത്തില്‍ തന്നെ ശ്രദ്ധേയനായ ബാലഭാസ്‌കര്‍ ചലച്ചിത്രങ്ങള്‍ക്കും ആല്‍ബങ്ങള്‍ക്കും സംഗീതസംവിധാനവും നിര്‍വഹിച്ചിട്ടുണ്ട്. കേന്ദ്ര സാഹിത്യ അക്കാദമിയുടെ ബിസ്മില്ല ഖാന്‍ യുവ സംഗീത്കാര്‍ പുരസ്‌കാര്‍ 2008ല്‍ ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. .
Comments