സഞ്ജയ് ലീല ബന്‍സാലി ഒരുക്കിയ 'പത്മാവത്' എന്ന ചിത്രത്തിനു ശേഷം ദീപിക പദുക്കോണിന്റെ അടുത്ത ചിത്രത്തിനായി കാത്തിരിക്കുകയാണ് ആരാധകര്‍. കാത്തിരിപ്പിന് വിരാമമിട്ടുകൊണ്ട് ദീപികയുടെ അടുത്ത ചിത്രം പ്രഖ്യാപിച്ചു കഴിഞ്ഞു. ആസിഡ് ആക്രമണത്തെ അതിജീവിച്ച ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആസ്പദമാക്കി മേഘ്‌ന ഗുല്‍സാര്‍ ഒരുക്കുന്ന ചിത്രത്തിലായിരിക്കും ദീപിക ഇനി അഭിനയിക്കുക. ചിത്രത്തിന്റെ നിര്‍മ്മാണവും ദീപിക തന്നെയായിരിക്കും.
തന്റെ പതിനഞ്ചാം വയസിലാണ് ലക്ഷ്മി ആസിഡ് ആക്രമണത്തിന് ഇരയാകുന്നത്. ഇതേതുടര്‍ന്ന് നിരവധി ശസ്ത്രക്രിയകളിലൂടെ കടന്നുപോയി. പിന്നീട് ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്കു വേണ്ടിയായിരുന്നു ലക്ഷ്മിയുടെ ജീവിതം. ആക്രമണത്തിനെതിരെ നിരവധി ക്യാംപെയിനുകളും ബോധവത്കരണ പരിപാടികളും നടത്തി. 2014ല്‍ യുണൈറ്റഡ് സ്‌റ്റേറ്റ് പ്രഥമവനിത മിഷേല്‍ ഒബാമയില്‍ നിന്നും രാജ്യാന്തര ധീരവനിതാ പുരസ്‌കാരം ഏറ്റുവാങ്ങി.
ചിത്രത്തെക്കുറിച്ച് ദീപിക മുംബൈ മിററിനോട് പറഞ്ഞത് ഇങ്ങനെ, 'ചിത്രത്തെക്കുറിച്ച് കേട്ടപ്പോള്‍ അതെന്റെ ഹൃദയത്തെ വല്ലാതെ സ്പര്‍ശിച്ചു. കേവലം അതിക്രമത്തിന്റെ കഥ മാത്രമല്ല ഇത്. ധൈര്യത്തിന്റെയും, ശക്തിയുടേയും, പ്രതീക്ഷയുടേയും വിജയത്തിന്റേതുമൊക്കെയാണ്. വ്യക്തിപരമായും സര്‍ഗാത്മകമായും അതെന്നില്‍ വല്ലാത്തൊരു ആഘാതം സൃഷ്ടിച്ചു. അതില്‍ കുറച്ചുകൂടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത വന്നതോടെയാണ് ചിത്രത്തിന്റെ നിര്‍മ്മാതാവാകാം എന്നൊരു തീരുമാനത്തിലേക്കു കൂടി എത്തിയത്.'
ആലിയ ഭട്ട് നായികയായ റാസിയായിരുന്നു മേഘ്‌ന ഗുല്‍സാറിന്റെ അവസാന ചിത്രം. ലക്ഷ്മിയുടെ കഥ സമൂഹത്തില്‍ അവബോധം സൃഷ്ടിക്കാന്‍ സഹായിക്കുമെന്ന് മേഘ്‌ന വിശ്വസിക്കുന്നു.
'ലക്ഷ്മിയുടെ ജീവിത കഥയിലൂടെ സമൂഹത്തിലേക്കൊരു സന്ദേശമെത്തിക്കാനാണ് ഞങ്ങള്‍ ശ്രമിക്കുന്നത്. ആസിഡ് ആക്രമണങ്ങള്‍ എത്രവലിയ പ്രശ്‌നങ്ങളാണ് ഉണ്ടാക്കുന്നത് എന്നതിനെക്കുറിച്ച് ആളുകളില്‍ അവബോധം ഉണ്ടാക്കണം. അതുതന്നെയാണ് മാറ്റത്തിലേക്കുള്ള ആദ്യ ചുവട്.'
'ചിത്രത്തില്‍ ലക്ഷ്മിയാകാന്‍ ഏറ്റവും അനുയോജ്യ ദീപിക തന്നെയാണ്. ഈ കഥാപാത്രത്തോട് ദീപികയ്ക്ക് നൂറുശതമാനം നീതി പുലര്‍ത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കൂടാതെ ലക്ഷ്മിയെ ഓര്‍ത്തപ്പോള്‍ ശാരീരികമായും ദീപിക തന്നെയാണ് യോജിക്കുന്നത് എന്ന് തോന്നി. കഥ കേട്ടപ്പോള്‍ തന്നെ ഇതു ചെയ്യാമെന്ന ദീപികയുടെ തീരുമാനത്തില്‍ അങ്ങേയറ്റം നന്ദിയുണ്ട്. അതെനിക്ക് കൂടുതല്‍ ധൈര്യം തന്നു,' മേഘ്‌ന പറഞ്ഞു.
Comments