അജയന്റെ കഥയ്ക്കൊപ്പം 'ഒരു കുപ്രസിദ്ധ പയ്യന്' അഡ്വ. ഹന്നയുടെ കൂടെ കഥയാണ്. അഡ്വ. ഹന്ന എലിസബത്ത് എന്ന കഥാപാത്രത്തിനെ ജീവസ്സുറ്റതാക്കുന്നത് നിമിഷ സജയനാണ്. ഓരോ ചിത്രം കഴിയുന്തോറും കൂടുതല്‍ കൂടുതല്‍ രാകി മിനുക്കപ്പെടുകയാണ് നിമിഷയിലെ അഭിനേത്രി.
നിര്‍മ്മാതാവായ സുരേഷ് കുമാറില്‍ നിന്നും ഏറെ സാധ്യതകളുള്ള ഒരു അഭിനേതാവിനെ കൂടെ വെളിച്ചത്തു കൊണ്ടു വരുകയാണ് മധുപാല്‍. അനു സിതാര, ബാലു വര്‍ഗ്ഗീസ്, സിദ്ദീഖ്, അലന്‍സിയര്‍, ദിലീഷ് പോത്തന്, സുജിത് ശങ്കര്‍, സുധീര്‍ കരമന, ശ്വേതാ മേനോന്, അരുണ്‍, ഉണ്ണിമായ,മാലാ പാര്‍വതി തുടങ്ങി ചെറുതും വലുതുമായി കഥയില്‍ വന്നു പോവുന്ന അഭിനേതാക്കളെല്ലാം അവരുടെ ഭാഗങ്ങള്‍ മനോഹരമാക്കുന്നതില്‍ വിജയിച്ചിട്ടു
കെട്ടുറപ്പുള്ളൊരു തിരക്കഥ തന്നെയാണ് കുപ്രസിദ്ധ പയ്യന്റെ നട്ടെല്ല്. അത്രമേല്‍ കണ്‍വീന്‍സിംഗ് ആയ രീതിയില്‍ പറഞ്ഞുപോകുന്ന കഥാഖ്യാന രീതിയ്ക്ക്, ഒരു ക്രൈം ത്രില്ലറിന്റെ കുരുക്ക് എങ്ങനെ അഴിച്ചെടുക്കണമെന്ന ഉറച്ച ബോധ്യമുണ്ട്. ശാസ്ത്രസംബന്ധിയായ ലേഖനങ്ങളിലൂടെ ശ്രദ്ധേയനായ ജീവന് ജോബ് തോമസാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ചിന്തിപ്പിക്കുന്ന, കണ്ണുനനയിക്കുന്ന മികച്ച സംഭാഷണങ്ങളും സിനിമയ്ക്ക് കരുത്തേകുന്നു.
നൗഷാദ് ഷെരീഫിന്റെ ഛായാഗ്രഹണവും വി. സാജന്റെ എഡിറ്റിംഗും ഏറെ മികവു പുലര്‍ത്തിയിട്ടുണ്ട്. ശ്രീകുമാരന്‍ തമ്ബിയുടെ വരികള്‍ക്ക് ഔസേപ്പച്ചന് സംഗീതം നല്കിയൊരുക്കിയ പാട്ടുകള്‍ സിനിമ പുറത്തിറങ്ങും മുന്‍പു തന്നെ ഏറെ ശ്രദ്ധിക്കപ്പെട്ടവയാണെങ്കിലും, തിരശ്ചീലയില്‍ ദൃശ്യങ്ങളുടെ പശ്ചാത്തലത്തിലേക്കു വരുമ്ബോള്‍ കൂടുതല്‍ ആഴവും പരപ്പും അനുഭവപ്പെടുന്നു. വി സിനിമാസ് ബാനറില്‍ ടി.എസ് .ഉദയന്‍, എസ്. മനോജ് എന്നിവരാണ് ചിത്രത്തിന്റെ നിര്‍മ്മാണം.
കെട്ടുകഥകള്‍ കൊണ്ടും ആരോപണങ്ങള്‍ കൊണ്ടും അധികാരം കൊണ്ടും ആര്‍ക്കും ആരെയും കുറ്റവാളികളാക്കി മാറ്റാവുന്ന ഒരു കാലത്ത്, കനലിനകത്ത് എരിയുന്ന സത്യത്തെ കണ്ടെടുക്കേണ്ടത് കുറ്റാരോപിതന്റെ ഉത്തരവാദിത്വമായി മാറുകയാണ്. അത്തരമൊരു കെട്ടക്കാലത്ത് 'ഒരു കുപ്രസിദ്ധ പയ്യന്' ഏറെ പ്രസക്തമായൊരു വിഷയമാണ് കൈകാര്യം ചെയ്യുന്നത്. മനുഷ്യത്വത്തിന്റെ പക്ഷത്തു നില്ക്കുന്ന നീതിപാലകരെ, മറ നീക്കി സത്യത്തെ പുറത്തു കൊണ്ടുവരാന്‍ ആര്‍ജ്ജവമുള്ള അഭിഭാഷകരെ ഈ കാലം ആവശ്യപ്പെടുന്നുണ്ടെന്നു കൂടി പറഞ്ഞു വെയ്ക്കുകയാണ് ചിത്രം.
വാര്‍ത്തകള്‍ കുറ്റവാളികളെന്നു മുദ്രകുത്തുന്ന എല്ലാവരും കുറ്റവാളികളാണോ? ആയിരം കള്ളങ്ങള്‍ക്കിടയില്‍ എവിടെയാണ് നാം സത്യത്തെ തിരയേണ്ടത്? നമ്മള് നമ്മളോട് തന്നെ ചോദിക്കേണ്ട ചില ചോദ്യങ്ങളിലേക്ക് കൂടി തട്ടിയുണര്‍ത്തുന്നുണ്ട് 'ഒരു കുപ്രസിദ്ധ പയ്യന്'.
Comments