You are Here : Home / വെളളിത്തിര

റം കുടിച്ചപ്പോൾ ഡയലോഗ് ശെരിയായി

Text Size  

Story Dated: Wednesday, January 16, 2019 02:26 hrs UTC

മലയാള സിനിമയുടെ ആക്ഷന്‍ സൂപ്പര്‍ സ്റ്റാറാണ് അന്നുമിന്നും ബാബു ആന്റണി. ആക്ഷന്‍ സിനിമകളില്‍ നിറഞ്ഞു നിന്ന കാലത്തും അദ്ദേഹത്തിന്റെ കരിയറിലെ ഏറ്റവും ബ്രേക്കായി മാറിയ ചിത്രമാണ് വൈശാലി. അന്നുവരെ കണ്ടു വന്ന ബാബു ആന്റണിയില്‍ നിന്ന് വ്യത്യസ്തമായ മറ്റൊരു രൂപവും ഭാവവും അഭിനയ സാധ്യതയും ചേര്‍ന്ന കഥാപാത്രമായിരുന്നു ലോമപാദ മഹാരാജാവ്. ഈ സിനിമയിലൂടെ താനറിഞ്ഞ ഭരതേട്ടനെയും വാസുവേട്ടനെയും കുറിച്ച്‌ ബാബു ആന്റണി പറയുന്നു.

'ഭരതേട്ടന്‍ ഒരു ജീനിയസ് ആണ്. ലോകത്തിലെ ഏറ്റവും മികച്ച സംവിധായകരുടെ പട്ടിക എടുത്താല്‍ ഭരതന്‍ അതിലുണ്ടാകമെന്ന് എനിക്കുറപ്പാണ്. അദ്ദേഹം ഒരു സംഭവം തന്നെയണ്. ഓരോ കഥാപാത്രങ്ങള്‍ക്കും പറ്റിയ ആളുകളെ കണ്ടുപിടിച്ച്‌ കാസ്റ്റ് ചെയ്യുന്ന സ്വഭാവമാണ് പണ്ടുമുതലേ ഭരതേട്ടന് ഉള്ളത്. ഭരതേട്ടന്റെ സ്വപ്നം തന്നെയായിരുന്നു വൈശാലി എന്ന ചിത്രം. അധികം സിനിമകള്‍ ഒന്നും ചെയ്യാത്ത ഒരാളെ ഇത്രയും വലിയ ഒരു കഥാപാത്രം ഏല്‍പ്പിക്കുന്നത് എങ്ങനെയെന്ന് ഭരതേട്ടനോട് പലരും ചോദിച്ചു. ഒരു രാജ്യത്തെ രാജാവ് എന്ന് പറയുന്നത് ആ രാജ്യത്തെ ഏറ്റവും നല്ല യോദ്ധാവാണ്. ആ യോദ്ധാവിനൊരു ശരീരഭാഷയും ആകാരഭംഗിയും ഉണ്ട്. അത് ഇവനുണ്ട്, ബാക്കി ഞാന്‍ ചെയ്യിച്ചോളാം എന്നാണ് അവരോടൊക്കെ ഭരതേട്ടന്‍ പറഞ്ഞത്.'


'ഒരിക്കലും ഈ കഥാപാത്രത്തെ കുറിച്ച്‌ കാര്യമായി അദ്ദേഹം എന്നോട് പറഞ്ഞിരുന്നില്ല. ഹത്യ എന്ന ഹിന്ദി സിനിമയുടെ ഷൂട്ടിങ്ങിനായി ഞാന്‍ ബോംബെയിലായിരുന്നപ്പോള്‍ ഭരതേട്ടന്‍ അവിടെ വന്നു. വൈശാലിയുടെയും ഋഷ്യശൃംഗന്റെയും കഥാപാത്രങ്ങള്‍ ചെയ്യാന്‍ ആളെ നോക്കുകയാണ് ഞാന്‍, നിനക്ക് അറിയാവുന്ന ആരെങ്കിലും ഉണ്ടോ എന്ന് എന്നോട് ചോദിച്ചു. ഞാന്‍ എനിക്ക് അറിയാവുന്ന കുറച്ചു പേരെ കണക്‌ട് ചെയ്തു കൊടുത്തു. അന്നൊന്നും ഞാന്‍ ഈ സിനിമയുടെ ഭാഗമാണെന്ന് അദ്ദേഹം പറഞ്ഞിട്ടില്ല. ചിലപ്പോള്‍ നീ അഭിനയിക്കേണ്ടി വരും എന്ന് മാത്രമേ പറഞ്ഞുള്ളൂ. കാസ്റ്റിങ് എല്ലാം കഴിഞ്ഞ് മൈസൂരില്‍ ഷൂട്ടിങ്ങ് ആരംഭിക്കുന്നുവെന്ന് അറിഞ്ഞു. അപ്പോഴാണ് ഭരതേട്ടന്‍ എന്നോട് മൈസൂരിലേക്ക് ചെല്ലാന്‍ പറയുന്നത്. അങ്ങനെ മൈസൂരില്‍ ചെന്നു. രാജാവിന്റെ വേഷം എടുത്ത് ഇടാന്‍ അദ്ദേഹം എന്നോട് പറഞ്ഞു. അങ്ങനെയാണ് വൈശാലിയിലെ വേഷം ലഭിക്കുന്നത്'

'ഭരതേട്ടന്റെ സെറ്റ് ടെന്‍ഷന്‍ ഇല്ലാത്ത സെറ്റാണ്. അദ്ദേഹം വളരെ ഫ്രണ്ട്ലി ആണ്. നീ അങ്ങോട്ട് ചെയ്യടാ എന്നൊരു ലൈന്‍ ആണ് അദ്ദേഹത്തിന്. മറ്റുള്ളവര്‍ പറയുന്നത് ഒന്നും ശ്രദ്ധിക്കേണ്ട, ഇപ്പോള്‍ അഭിനയിക്കുന്നത് കറക്ടാണ്, ഇങ്ങനെതന്നെ ചെയ്‌തോ, എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ എന്നോട് പറഞ്ഞാല്‍ മതി ഞാന്‍ പറഞ്ഞുതരാം എന്നാണ് അദ്ദേഹം പറഞ്ഞത്. സുപര്‍ണ, സഞ്ജയ്, വേണുചേട്ടന്‍, അശോകന്‍, വാസുവേട്ടന്‍ എല്ലാവരും നല്ല ഫ്രണ്ട്ലി ആയിരുന്നു.'

'വാസുവേട്ടന്‍ (എം ടി വാസുദേവന്‍ നായര്‍) എല്ലാ ദിവസവും ഷൂട്ടിങ്ങ് സ്ഥലത്ത് വന്ന് നില്‍ക്കും. ഒന്നും മിണ്ടില്ല അദ്ദേഹം. മീശ പിരിച്ച്‌ അങ്ങനെ നില്‍ക്കും. സിനിമയുടെ ക്ലൈമാക്‌സില്‍ മഴ പെയ്യുന്ന രംഗമുണ്ട്. എന്റെ ശരീരം വല്ലാതെ തണുത്തു. മഴയും കാറ്റും എല്ലാം കൂടെ ആയപ്പോള്‍ വിറയ്ക്കാന്‍ തുടങ്ങി അവസാനത്തെ ഡയലോഗ് പറയുമ്ബോള്‍ ചുണ്ടുകള്‍ തണുപ്പുകൊണ്ട് വിറച്ചു. രണ്ട് മൂന്ന് പ്രാവശ്യം ആക്ഷന്‍ പറഞ്ഞിട്ടും വിറയല്‍ മാറിയില്ല. അപ്പോഴാണ് എന്റെ പുറകില്‍ വന്ന് ഒരാള്‍ തോളത്തു തട്ടുന്നത്. തിരിഞ്ഞു നോക്കിയപ്പോള്‍ സാക്ഷാല്‍ വാസുവേട്ടന്‍. അദ്ദേഹത്തിന്റെ കയ്യില്‍ ഒരു ഗ്ലാസില്‍ പകുതി റം. അദ്ദേഹം തല കൊണ്ട് കുടിച്ചോളാന്‍ എന്ന മട്ടില്‍ ഒരു ആംഗ്യം കാണിച്ചു. ഞാന്‍ അത് വാങ്ങി കുടിച്ചു, എന്നിട്ട് ഡയലോഗ് പൂര്‍ത്തീകരിക്കുകയും ചെയ്തു. അതുവരെയും നിശബ്ദനായി എല്ലാം കണ്ടുനില്‍ക്കുന്ന ആളായിരുന്നു അദ്ദേഹം.'

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.