You are Here : Home / വെളളിത്തിര

വിനയന് മോഹന്‍ലാല്‍ ശത്രുവായത് എങ്ങനെ?

Text Size  

Story Dated: Wednesday, February 13, 2019 02:38 hrs UTC

സംവിധായകന്‍ വിനയനും നടന്‍ മോഹന്‍ലാലും ഒന്നിക്കുന്നെന്നവാര്‍ത്ത കൗതുകത്തോടെയാണ് സിനിമാ ലോകം കേട്ടത്. വിനയന്‍ തന്നെയാണ് ഫേസ്ബുക്കിലൂടെ അത് അറിയിച്ചത്. തന്റെ ഇപ്പോഴുള്ള പ്രൊജക്റ്റിന്റെ ജോലി തീര്‍ന്നാലുടന്‍ മോഹന്‍ലാലുമായുള്ള പ്രൊജക്റ്റിലേക്ക് കടക്കുമെന്ന് വിനയന്‍ പറയുന്നു. മോഹന്‍ലാലിനൊപ്പമുള്ള ചിത്രവും വിനയന്‍ ഫേസ്ബുക്കില്‍ പങ്കുവച്ചിട്ടുണ്ട്. 
 
 
വളരെകാലം മോഹന്‍ലാലിന്റെ കടുത്ത വിമര്‍ശകനായിരുന്ന വിനയന്‍ ലാലുമായി സൗഹൃദത്തിലായത് സിനിമാ പ്രേമികളെ അമ്പരപ്പിച്ചിട്ടുണ്ട്. 
 
എന്നാല്‍ വിനയന്‍ ലാലുമായി തെറ്റാന്‍ ഇടയായ സാഹചര്യം എന്തെന്ന് പലര്‍ക്കുമറിയില്ല. അതിങ്ങനെയാണ്. 
 
 
 
'ലാലിസം' വിവാദമായപ്പോള്‍ എല്ലാ ചാനലുകളിലും മോഹന്‍ലാലിനെ ആക്രമിക്കാന്‍ സംവിധായകന്‍ വിനയനുണ്ടായിരുന്നു. 
 
വിനയന് മോഹന്‍ലാലിനോടുള്ള ശത്രുത ഇന്നും ഇന്നലെയും തുടങ്ങിയതല്ല. 
 
അതിന് ഇരുപത്തഞ്ചു വര്‍ഷത്തെ പഴക്കമുണ്ട്. ആലപ്പുഴ ജില്ലയിലെ കുട്ടനാട്ടുകാരനായ വിനയന് സിനിമയിലെത്താന്‍ അടങ്ങാത്ത മോഹമായിരുന്നു. മനസ്സില്‍ തോന്നിയ ഒരു കഥയുമായി അയാള്‍ ഒരു ദിവസം മോഹന്‍ലാലിനെ സമീപിച്ചു. എണ്‍പതുകളില്‍ ലാല്‍ കത്തിനില്‍ക്കുന്ന സമയമാണ്. അഭിനയത്തിരക്കില്‍ വിനയന്‍ എന്ന പുതിയ ആളുടെ കഥയെ ലാല്‍ പരിഗണിച്ചില്ല. 
 
കഥ പറയാനുള്ള അവസരം പോലും നല്‍കിയില്ലത്രേ. അന്നു മുതലാണ് മോഹന്‍ലാലിനോടുള്ള ശത്രുത മനസ്സില്‍ മുളപൊട്ടിയത്. ലാലിനെ കളിയാക്കാന്‍ വേണ്ടി മാത്രം വിനയന്‍ ഒരു സിനിമ പടച്ചുണ്ടാക്കി. 'സൂപ്പര്‍സ്റ്റാര്‍' എന്ന് അതിന് പേരുമിട്ടു. മോഹന്‍ലാലുമായി സാമ്യമുള്ള മദന്‍ലാലിനെ നായകനുമാക്കി. 
 
 
സിനിമ തിയറ്ററില്‍ ഒരു ചലനവുമുണ്ടാക്കിയില്ലെങ്കിലും അന്ന് എല്ലാവരും ചര്‍ച്ച ചെയ്തത് പുതിയ സംവിധായകനെക്കുറിച്ചാണ്. മോഹന്‍ലാലിനെ കളിയാക്കി പടമെടുക്കാന്‍ ധൈര്യം കാണിച്ചതാര്? അന്നു മുതല്‍ വിനയന്‍ വിവാദപുരുഷനാണ്. ലാലിന്റെ അപരനായി വന്ന മദന്‍ലാലും ഒറ്റ സിനിമ കൊണ്ട് ഫീല്‍ഡ് വിട്ടു. ഇപ്പോള്‍ എവിടെയാണെന്നുപോലും അറിയില്ല. 
 
 
പിന്നീട് വിനയന്‍ ചെറിയ ചെറിയ സിനിമകളെടുത്ത് ശ്രദ്ധനേടി. മലയാളസിനിമയില്‍ ഒരുപാടു ഹിറ്റുകള്‍ സൃഷ്ടിച്ചു.  കല്യാണസൗഗന്ധികം, ഉല്ലാസപ്പൂങ്കാറ്റ്, അനുരാഗക്കൊട്ടാരം, പ്രണയനിലാവ് തുടങ്ങിയ സിനിമകളിലൂടെ ദിലീപിന്റെ ഗ്രാഫുയര്‍ത്തി. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയിലൂടെ കലാഭവന്‍ മണിയെ ദേശീയ ശ്രദ്ധയിലെത്തിച്ചു. 
 
 
ഇന്ദ്രജിത്ത്, ജയസൂര്യ, അനൂപ്‌മേനോന്‍ തുടങ്ങിയവരെ മലയാളസിനിമയ്ക്ക് പരിചയപ്പെടുത്തി. പക്രുവിനെ ഗിന്നസ് ബുക്കിലെത്തിച്ചു. മമ്മൂട്ടിയെ വച്ച് രണ്ട് സിനിമകളെടുത്തു-ദാദാസാഹിബും രാക്ഷസരാജാവും. രാക്ഷസരാജാവിന്റെ നിര്‍മ്മാണം ഒരിടയ്ക്ക് പ്രതിസന്ധിയില്‍ പെട്ടപ്പോള്‍ ലക്ഷങ്ങള്‍ നല്‍കി സഹായിച്ചു. എന്നിട്ടും മോഹന്‍ലാലിനെ വച്ചു മാത്രം പടമെടുത്തില്ല. ലാലും വിനയനെ മൈന്‍ഡ് ചെയ്തില്ല. രണ്ടുപേരും രണ്ടുരീതിയില്‍ സിനിമയില്‍ തുടര്‍ന്നു. 
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.