ഇന്ത്യന്‍ ഫുട്‌ബോളിന്റെ അഭിമാനമായിരുന്ന വി പി സത്യന്റെ ജീവിതം അവിസ്‌മരണീയമാക്കിയ ജയസൂര്യയേയും അതിരുകള്‍ക്കപ്പുറത്തേക്ക് നീളുന്ന മനുഷ്യ ബന്ധങ്ങളുടെ കഥപറഞ്ഞ സുഡാനി ഫ്രം നൈജീരിയയിലെ പ്രകടനത്തിന് സൗബിന്‍ ഷാഹിറിനെയുമാണ് ഇത്തണ മികച്ച നടന്‍മാരായി ജൂറി തെരഞ്ഞെടുത്തത്. ഫഹദ് ഫാസില്‍, ജോജു ജോര്‍ജ്, സൗബിന്‍ ഷാഹിര്‍, ജയസൂര്യ എന്നിവരായിരുന്നു മികച്ച നടന് വേണ്ടിയുള്ള അവസാന റൗണ്ടില്‍ മത്സരിച്ചിരുന്നത്.
ക്യാപ്റ്റന്‍, ഞാന്‍ മേരിക്കുട്ടി തുടങ്ങിയ സിനിമകളിലെ പ്രകടനത്തിനാണ് ജയസൂര്യയെ അംഗീകാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യന്‍ ഫുട്ബോള്‍ ടീമിന്റെ ക്യാപ്റ്റന്‍ ആയിരുന്ന വി പി സത്യന്റെ ജീവിതകഥയെ ആസ്പദമാക്കിയുള്ള ക്യാപ്റ്റന്‍ നവാഗതനായ പ്രജേഷ് സെന്‍ ആണ് സംവിധാനം ചെയ്‌തത്. കരിയറിലെ ഏറ്റവും വെല്ലുവിളിയുണ്ടായിരുന്ന വേഷമായിരുന്നു വി പി സത്യന്റേതെന്ന് ജയസൂര്യ തന്നെ മുന്‍പ് തുറന്ന് പറഞ്ഞിരുന്നു.
മതം, നിറം, ദേശം, ഇങ്ങനെയുള്ള എല്ലാ വിഭജനങ്ങളും അപ്രസക്തമാകുന്ന ജീവിത നിമിഷങ്ങളെ മനോഹരമായി അവതരിപ്പിക്കുന്ന സിനിമയാണ് നവാഗതനായ സക്കറിയ സംവിധാനം ചെയ്‌ത 'സുഡാനി ഫ്രം നൈജീരിയ'. മലബാറിലെ, പ്രത്യേകിച്ച് മലപ്പുറത്തെ സെവന്‍സ് ഫുട്‌ബോളിന്റെ പശ്ചാത്തലത്തില്‍ പ്രപഞ്ചത്തിലെങ്ങുമുള്ള മനുഷ്യന്റെ കഥയാണ് സുഡാനിയില്‍ ആവിഷ്‌കരിക്കുന്നത്. നേരിട്ട് ഹൃദയത്തില്‍ തൊടുന്ന നിരവധി മുഹൂര്‍ത്തങ്ങള്‍ കൊണ്ട് സമ്ബന്നമാണ് സൗബിന്‍ ഷാഹിര്‍ ആദ്യമായി നായകനായ സുഡാനി.
Comments