You are Here : Home / വെളളിത്തിര

ലൂസിഫറിനെതിരെ കേരള പോലീസ്

Text Size  

Story Dated: Wednesday, April 03, 2019 02:33 hrs UTC

മോഹന്‍ലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ മികച്ച പ്രേഷക പ്രതികരണം നേടി പ്രദര്‍ശനം തുടരുകയാണ്. എന്നാല്‍ ഇപ്പോള്‍ ചിത്രത്തിന്റെ പോസ്റ്ററിനെതിരെ കേരള പൊലീസ് വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ്.
 
 
 
'എന്റെ പിള്ളേരേ തൊടുന്നോടാ' എന്ന വാചകവുമായി എത്തിയ പോസ്റ്റര്‍ സമൂഹത്തിന് തെറ്റായ സന്ദേശമാണ് നല്‍കുന്നതെന്നാണ് പൊലീസിന്റെ വിമര്‍ശനം. ഇത്തരത്തിലുളള തെറ്റായ സന്ദേശം നല്‍കുന്ന പരസ്യങ്ങള്‍ അരാജകത്വം ഉണ്ടാക്കുമെന്നും പൊലീസ് പറയുന്നു. ഈ കാരണങ്ങള്‍ ചൂണ്ടികാട്ടി പോസ്റ്ററിനെതിരെ കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരിക്കുകയാണ്.
 
കേരള പൊലീസ് അസോസിയേഷന്‍ മുഖ്യമന്ത്രിയ്ക്കു നല്‍കിയ പരാതിയുടെ പൂര്‍ണ രൂപം
 
പൊലീസിനെ മനഃപൂര്‍വം ആക്രമിക്കുന്ന നിരവധി സന്ദര്‍ഭങ്ങള്‍ നമ്മുടെ നാട്ടില്‍ നടന്നുവരുന്നുണ്ട്. മുന്‍പ് കൊടും ക്രിമിനലുകളായിരുന്നു പൊലീസിനെ ആക്രമിച്ചിരുന്നതെങ്കില്‍ നിര്‍ഭാഗ്യവശാല്‍ ഇപ്പോള്‍ പൊലീസിനെതിരെ നടക്കുന്ന ആക്രമണങ്ങളില്‍ ചെറിയ തോതിലെങ്കിലും സാധാരണക്കാരയ യുവാക്കള്‍ക്കും പങ്കുള്ളതായി കാണുവാന്‍ കഴിയും. ഇതിനു പ്രേരകമാകുന്നതില്‍ ജനങ്ങളെ അത്യധികം സ്വാധീനിക്കുന്ന സിനിമപോലുളള മാധ്യമങ്ങളുടെ പങ്കുചെറുതല്ല. അങ്ങനെയുള്ള സാഹചര്യത്തിലാണ് പ്രസ്തുത പരസ്യം എന്നുള്ളത് അതിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നു. സമൂഹത്തില്‍ വലിയ സ്വാധീനമുള്ള ഒരു നടന്‍ പൊലീസുദ്യോഗസ്ഥനെ ആക്രമിക്കുന്ന ഇത്തരം ഒരു പരസ്യത്തില്‍ പ്രത്യക്ഷപ്പെടുമ്ബോള്‍ നിയമം നടപ്പിലാക്കാന്‍ ഇറങ്ങുന്ന പൊലീസുദ്യോഗസ്ഥര്‍ ആക്രമിക്കപ്പെടേണ്ടതാണ് എന്ന ചിന്ത പൊതുജനങ്ങളില്‍ ഉണ്ടായാല്‍ അതിശയപ്പെടാനില്ല. വാഹന പരിശോധനയ്ക്കിടയില്‍ വാഹനം നിര്‍ത്താതെ പോകുന്നതും പൊലീസുദ്യോഗസ്ഥരെ മനഃപൂര്‍വം വാഹനമിടിപ്പിക്കുന്നതുമായ സംഭവങ്ങള്‍ വാര്‍ത്താകാറുണ്ട്. ഇത്തരത്തില്‍ വാഹനമിടിച്ച്‌ ഗുരുതരമായി പരുക്കേറ്റ് ഉന്നത ഉദ്യോഗസ്ഥര്‍ ഉള്‍പ്പടെയുള്ള നിരവധി പൊലീസുകാര്‍ ചികിത്സയിലുമാണ്.
 
സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുന്ന ഇത്തരം പരസ്യങ്ങള്‍ അരാജകത്വം ഉണ്ടാക്കുന്നതാണെന്ന് നിസംശയം പറയാന്‍ സാധിക്കും. സിനിമകളില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുമ്ബോഴും ഹെല്‍മറ്റോ സീറ്റുബെല്‍റ്റോ ധരിക്കാതെ വാഹനമോടിക്കുമ്ബോഴും കാണിക്കുന്ന മുന്നറിയിപ്പ് പൊലീസുദ്യോഗസ്ഥര്‍ സിനിമയില്‍ ആക്രമിക്കപ്പെടുമ്ബോഴും കാണിക്കുന്നതിനായുളള നടപടികള്‍ ഉണ്ടാകേണ്ടതാണ്. സിനിമയില്‍ ലഹരി ഉപയോഗിക്കുന്ന രംഗങ്ങള്‍ പോസ്റ്ററിലും പരസ്യങ്ങളിലും പ്രസിദ്ധീകരിക്കുന്നത് കുറ്റകരമാക്കിയതുപോലെ പൊലീസിനെതിരെയുള്ള ആക്രമണങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതും കുറ്റകരമാക്കേണ്ടതാണ്. അങ്ങനെ വരുമ്ബോള്‍ ഒരുപരിധി വരെ പൊലീസിനെതിരെയുള്ള ആക്രമണങ്ങളില്‍ പ്രചോദിതരാകുന്നത് തടയാന്‍ കഴിയും. ഇതിനുവേണ്ടിയുള്ള നടപടികള്‍ കൈക്കൊളളുന്നതിന് അപേക്ഷിക്കുന്നു.

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.