കാത്തിരിപ്പിനൊടുവില്‍ ലാലേട്ടന്‍റെ ബിഗ് ബോസ് ഷോ പ്രേക്ഷകരിലേക്ക് എത്തുകയാണ്. ബിഗ് ബോസിന്റെ മലയാളം പതിപ്പില്‍ ലാലേട്ടന്‍ അവതാരകനായി എത്തുമെന്ന് അറിഞ്ഞതോടെ ആകാംക്ഷകളോടെയാണ് പ്രേക്ഷകര്‍ ഈ റിയാലിറ്റി ഷോയ്ക്കായി കാത്തിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളില്‍ വിജയമായതിനു ശേഷമാണ് ബിഗ് ബോസ് മലയാളത്തിലേക്കും എത്തുന്നത്.
ജൂണ്‍ 24നാണ് ബിഗ് ബോസ് മലയാളം പ്രേക്ഷകരിലേക്ക് എത്തുന്നത്. ബിഗ് ബോസ് റിയാലിറ്റി ഷോയില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടായിരുന്നു നേരത്തെ മലയാളി ഹൗസ് എന്ന പരിപാടി സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. റേറ്റിങ്ങില്‍ മുന്‍പന്തിയില്‍ നിന്നെങ്കിലും നിരവധി വിവാദങ്ങള്‍ പരിപാടിയെ മുന്‍നിര്‍ത്തി നേരത്തെ ഉണ്ടായിരുന്നു. മലയാളി ഹൗസുപോലെ ആയിത്തീരുമോ ലാലേട്ടന്റെ ബിഗ് ബോസ് എന്നാണ് സോഷ്യല്‍മീഡിയയില്‍ എല്ലാവരും ഉറ്റുനോക്കുന്നത്.
ബിഗ് ബോസിന്റെ വരവ്
ഹിന്ദി,മറാത്തി,തെലുങ്ക്,തമിഴ് കന്നഡ ഭാഷകളില്‍ വിജയം നേടി മുന്നേറുന്നതിനിടെയാണ് ബിഗ് ബോസ് മലയാളത്തിലേക്കും എത്തുന്നത്. മറ്റു ഭാഷകളില്‍ പരിപാടിക്ക് ലഭിച്ച മികച്ച പ്രേക്ഷക സ്വീകാര്യത തന്നെയാണ് അണിയറപ്രവര്‍ത്തകര്‍ ബിഗ് ബോസുമായി മലയാളത്തിലെത്താന്‍ കാരണമായത്. ലാലേട്ടന്‍ അവതാരകനായി എത്തുന്നത് തന്നെയായിരിക്കും പരിപാടിയുടെ മുഖ്യ ആകര്‍ഷണമായി മാറുക. കമല്‍ഹാസനായിരുന്നു തമിഴ് ബിഗ് ബോസില്‍ അവതാരകനായി എത്തിയിരുന്നത്. തമിഴകത്ത് വന്‍വിജയമായി ഈ റിയാലിറ്റി ഷോ മാറിയിരുന്നു. എഷ്യാനെറ്റാണ് മലയാളം ബിഗ് ബോസുമായി എത്തുന്നത്. എന്‍ഡമോള്‍ ഗ്രൂപ്പാണ് പരിപാടിയുടെ നിര്‍മ്മാണ്ം നിര്‍വ്വഹിക്കുന്നത്.
ബിഗ് ബോസും മലയാളി ഹൗസും
ബിഗ് ബോസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോ മുന്‍പ് സൂര്യ ടിവിയില്‍ സംപ്രേക്ഷണം ചെയ്തിരുന്നത്. റേറ്റിങ്ങ് കൊണ്ടും വിവാദങ്ങള്‍കൊണ്ടും ഏറെ മുന്‍പന്തിയിലെത്തിയിരുന്ന പരിപാടിയായിരുന്നു ഇത്. ബിഗ് ബോസില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് 2013ലായിരുന്നു ഈ റിയാലിറ്റി ഷോ സൂര്യ ടിവി സംപ്രേക്ഷണം ചെയ്തിരുന്നത്. അത് വരെ സംപ്രേക്ഷണം ചെയ്തിരുന്ന റിയാലിറ്റി ഷോകളില്‍ നിന്നും വ്യത്യസ്ഥമായ അവതരണം കൊണ്ടായിരുന്നു മലയാളി ഹൗസ് ജനശ്രദ്ധയാകര്‍ഷിച്ചിരുന്നത്. അന്താരാഷ്ട്ര റിയാലിറ്റി ഷോ ആയിരുന്ന ബിഗ് ബ്രദറിന്റെയും അതിന്റെ ഇന്ത്യന്‍ രൂപമായ ബിഗ് ബോസിന്റെയും അതേ രൂപത്തിലും ഭാവത്തിലുമാണ് ഈ പരിപാടി. രൂപപെടുത്തിയിരുന്നത്.
വിവാദങ്ങളില്‍പ്പെട്ട മലയാളി ഹൗസ്
18 മല്‍സരാര്‍ത്ഥികളുമായിട്ടായിരുന്നു ഈ റിയാലിറ്റി ഷോ തുടങ്ങിയിരുന്നത്. 101 ദിവസങ്ങളില്‍ നടന്ന മല്‍സരം മലയാളി ഹൗസ് എന്ന വീടിനെ ചുറ്റിപ്പറ്റിയായിരുന്നു നടന്നത്. മലയാളിത്വം ഒട്ടുമില്ലാത്ത മലയാളി ഹൗസെന്നായിരുന്നു പരിപാടി വീക്ഷിച്ച മിക്ക പ്രേക്ഷകരും വിലയിരുത്തിയിരുന്നത്. അവസരം കിട്ടിയാല്‍ മറ്റുളളവരുടെ കാര്യങ്ങള്‍ ഒളിഞ്ഞു കേള്‍ക്കാനും മറ്റുളളവരുടെ അനാവശ്യവും പരദുഷണപരവുമായ കാര്യങ്ങള്‍ കേള്‍ക്കാനുമായി മല്‍സരാര്‍ത്ഥികള്‍ പരിപാടിയില്‍ ശ്രമിക്കാറുണ്ടായിരുന്നു. മലയാളിയുടെ ഇത്തരത്തിലുളള ഒരു സ്വഭാവം വിലയിരുത്തിയ ഒരു ബിസിനസുകാരന്റെ ബുദ്ധിയില്‍ തെളിഞ്ഞ ആശയമായിരുന്നു മലയാളി ഹൗസെന്നാണ് ചിലര്‍ അഭിപ്രായപ്പെട്ടിരുന്നത്.
സംഘടനകള്‍ രംഗത്തെത്തി
മലയാളി ഹൗസ് സഭ്യതയുടെ അതിര്‍വരമ്ബുകള്‍ ലംഘിക്കുന്നുവെന്ന് പറഞ്ഞ് വനിതാ സംഘടനകളും രാഷ്ട്രീയ യുവജന സംഘടനകളും എന്തിനേറെ മന്ത്രിമാര്‍ വരെ റിയാലിറ്റി ഷോയെ കുറ്റപ്പെടുത്തി കൊണ്ട് എത്തിയിരുന്നു. ആവശ്യത്തിനും അനാവശ്യത്തിനുമുളള കെട്ടിപ്പിടുത്തവും ഉമ്മവെക്കലും ലൈംഗിക ചുവയുളള വര്‍ത്തമാനവും ഒകെ പരിപാടിയെ ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. രാഹുല്‍ ഈശ്വറിനെയായിരുന്നു പരിപാടിയില്‍ വിജയിയായി പ്രഖ്യാപിച്ചിരുന്നത്. അവതാരികയായി എത്തിയ നടി രേവതി തന്നെയായിരുന്നു രാഹുല്‍ ഈശ്വറിനെ വിജയി ആയി പ്രഖ്യാപിച്ചിരുന്നത്.
മലയാളി ഹൗസു പോലെയാകുമോ ബിഗ്‌ബോസ്
മലയാളി ഹൗസു പോലെ ബിഗ് ബോസ് മലയാളം വിവാദങ്ങളില്‍പ്പെടുമോ എന്നാണ് പ്രേക്ഷകര്‍ ഉറ്റുനോക്കുന്നത്. 16 മല്‍സരാര്‍ത്ഥികളായിരിക്കും ബിഗ് ബോസ് മലയാളത്തില്‍ പങ്കെടുക്കുക. ഇവരെ 100 ദിവസം ബിഗ് ബോസ് ഹൗസ് എന്ന വീട്ടില്‍ താമസിപ്പിക്കും. മല്‍സരാര്‍ത്ഥികള്‍ക്ക് പുറം ലോകവുമായി യാതൊരു തരത്തിലുളള ബന്ധവും ഉണ്ടായിരിക്കില്ല. ബിഗ് ബോസിന്റെ മൂന്ന് സീസണുകള്‍ മലയാളത്തിലുണ്ടാകും. മൂന്ന് വര്‍ഷമായിരിക്കും ഈ ഷോയുടെ കാലാവധി.
Comments