റിപ്പബ്ലിക്ക് ചാനലിലെ ചര്‍ച്ചയ്ക്കിടെ പ്രളയ ദുരിതത്തില്‍ നിന്നും കരകയറുന്നതിനുള്ള സഹായം യുഎഇയില്‍ നിന്നു സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് അവതാരകന്‍ അര്‍ണാബ്ല ഗോസ്വാമി നടത്തിയ വിദ്വേഷ പരാമര്‍ശം ഏറെ എതിര്‍പ്പുകള്‍ക്കും ചര്‍ച്ചകള്‍ക്കും വഴിവെച്ചിരുന്നു. കേരളത്തിന് യുഎഇ സമാഹരിച്ച 700 കോടി രൂപയുടെ സഹായം സംബന്ധിച്ച് മുഖ്യമന്ത്രി പ്രഖ്യാപിച്ചിരുന്നു. യുഎഇയിലെ ഔദ്യോഗിക മാധ്യമങ്ങള്‍ വരെ ഇക്കാര്യം വാര്‍ത്തയാക്കുകയും ചെയ്തിരുന്നു. എന്നാല്‍ തുക അന്തിമമായി പ്രഖ്യാപിക്കാറായില്ല എന്ന യുഎഇ സ്ഥാനപതിയുടെ വാദത്തിലൂടെ ഈ സഹായം നിരസിക്കുന്ന കേന്ദ്ര സര്‍ക്കാരിനെ വെളുപ്പിക്കാനും സഹായം സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്നവരെ അപഹസിക്കാനുമാണ് ബിജെപി അനുകൂല ചാനലിലൂടെ അര്‍ണാബ് ശ്രമിച്ചത്. താന്‍ കണ്ട ഏറ്റവും നാണംകെട്ട ഇന്ത്യക്കാര്‍ എന്നായിരുന്നു അര്‍ണാബിന്റെ പ്രയോഗം. ഇതിനെതിരേ ആഞ്ഞടിച്ച് രംഗത്തെത്തിയിരിക്കുകയാണ് മേജര്‍ രവി.
കേരളത്തെ മൊത്തമായോ ഏതെങ്കിലും വിഭാഗത്തെ പ്രത്യേകമായോ പറഞ്ഞാലും അത് ശരിയല്ലെന്നും ഇത്തരത്തില്‍ പറയാന്‍ ആരാണ് അര്‍ണാബിന് അനുവാദം നല്‍കിയതെന്നും അയാളൊരു പമ്ബര വിഡ്ഢിയാണെന്നും മനോരമ ഓണ്‍ലൈനിനു നല്‍കിയ അഭിമുഖത്തില്‍ മേജര്‍രവി പറഞ്ഞു. റിപ്പബ്ലിക്ക് ചാനല്‍ ബിജെപി ചാനലാണെന്നും നേരത്തേ മികച്ച രീതിയില്‍ അവതരണം നടത്തിയിരുന്ന അര്‍ണാബ് മോദി അനുകൂലിയായി മാറിയതോടെ തരംതാണ മാധ്യമ പ്രവര്‍ത്തനമാണ് നടത്തുന്നതെന്നും മേജര്‍ രവി പറഞ്ഞു.
മേജറിന്റെ വാക്കുകളുടെ പൂര്‍ണ രൂപം
'ടൈംസ് നൗ ചാനലില്‍ വാര്‍ത്താ അവതാരകനായിരുന്നപ്പോള്‍ മുതല്‍ ശ്രദ്ധിക്കുന്ന വ്യക്തിത്വമാണ് അര്‍ണബ് ഗോസാമി. അന്ന് അദ്ദേഹം മോദി വിരുദ്ധനായിരുന്നു. മാത്രമല്ല അദ്ദേഹത്തിന്റെ വാക്കുകള്‍ക്കും ശക്തിയുണ്ടായിരുന്നു. പിന്നീട് അദ്ദേഹം സ്വന്തമായി ചാനല്‍ തുടങ്ങി. അതോടെ മോദി അനുകൂലിയായി. പൂര്‍ണമായും ബിജെപി ചായ്‌വുള്ള ചാനലിന്റെ മേധാവി.
അര്‍ണബിനോട് എനിക്ക് ഇപ്പോള്‍ സഹതാപം മാത്രമാണ്. എസി റൂമില്‍ ഇരുന്ന് കുറച്ച് വിവരങ്ങളും ശേഖരിച്ച് വായില്‍ തോന്നിയത് വിളിച്ചുപറയലല്ല മാധ്യമപ്രവര്‍ത്തനം. ആളുകള്‍ക്ക് ഇടയിലേയ്ക്ക് ഇറങ്ങണം. കേരളത്തിലെത്തി ഇവിടെയുള്ളവരുടെ അവസ്ഥ മനസ്സിലാക്കണം. എന്നാലാണ് സത്യസന്ധമായ റിപ്പോര്‍ട്ടിങ് ഉണ്ടാകൂ. അപ്പോള്‍ മാത്രമാണ് സത്യങ്ങള്‍ വിളിച്ചുപറയാന്‍ കഴിയൂ.
'ഇന്ത്യയിലെ ഏറ്റവും നാണംകെട്ട വര്‍ഗമാണ് ഇവര്‍' ഇങ്ങനെയാണല്ലോ അര്‍ണബിന്റെ വാക്കുകള്‍. അത് കോണ്‍ഗ്രസിനെയോ മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെയോ ആരെ വേണമെങ്കിലും ഉദ്ദേശിച്ച് ആകട്ടെ, ഇങ്ങനെ പറയാന്‍ ആരാണ് അര്‍ണബ്. ആരാണ് അതിന് അനുവാദം കൊടുത്തിരിക്കുന്നത്.
ഞാനുള്‍പ്പെടുന്ന മലയാളി സമൂഹത്തെയാണ് അര്‍ണബ് അധിക്ഷേപിച്ചത്. ഞാന്‍ പറയുന്നു, അര്‍ണബ് താങ്കളാണ് പമ്ബര വിഡ്ഢി. ഞാന്‍ നിങ്ങളെ വെറുക്കുന്നു.
കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത ദുരിതക്കയത്തില്‍ നിന്നും കരകയറുകയാണ് ഞങ്ങള്‍. അതും ഒത്തൊരുമയോടെ ഒരേമനസ്സോടെ ഒറ്റക്കെട്ടായാണ് കേരളം മുന്നോട്ട് പോകുന്നത്. ആ സാഹചര്യത്തില്‍ അര്‍ണബിനെപ്പോലുള്ളവരെ പുച്ഛിച്ച് തള്ളണം.
ബിജെപിയുടെ ഉടമസ്ഥതയിലുള്ള ചാനലാണ് റിപ്ലബിക് ചാനല്‍. ഒരു ബനാന റിപബ്ലിക്കന്‍ രീതിയിലാണ് ഇപ്പോള്‍ അത് മുന്നോട്ട് പോകുന്നത്. പാര്‍ട്ടി ചാനല്‍ ഏതുമാകട്ടെ അതില്‍ ഉന്നതസ്ഥാനത്ത് ഇരിക്കുന്നവര്‍ പ്രത്യേകിച്ച് മാധ്യമപ്രവര്‍ത്തകര്‍ കുറച്ചെങ്കിലും നിക്ഷ്പക്ഷരാകാന്‍ ശ്രമിക്കൂ. മാധ്യമപ്രവര്‍ത്തകയായ ബര്‍ക്കാ ദത്തും ഇതേ ഗണത്തില്‍പ്പെടും.
അര്‍ണബ് ഒരു ദേശത്തിനെതിരെയാണ് പ്രതികരിച്ചത്. മാധ്യമപ്രവര്‍ത്തകന് ആദ്യം വേണ്ടത് ദേശത്തോടുള്ള ബഹുമാനമാണ്. ഇതുമാത്രമല്ല ചാനല്‍ ചര്‍ച്ചയിലും ധാര്‍ഷ്ട്യത്തോടെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം. ചര്‍ച്ചയ്ക്ക് വരുന്നവര്‍ക്ക് യാതൊരു ബഹുമാനവും നല്‍കാതെ കടിച്ച് കീറാന്‍ നില്‍ക്കുന്നു. നമ്മളെ ഒരു ചാനല്‍ ചര്‍ച്ചയ്ക്ക് വിളിച്ച്, ഒരക്ഷരം പോലും മിണ്ടാന്‍ സമ്മതിക്കാതെ എതിര്‍ത്ത് നിന്നാല്‍ എന്താകും അവസ്ഥ. ഒന്നും മിണ്ടാതെ ഇറങ്ങിപ്പോകാനെ സാധിക്കൂ.
മുമ്ബ് മറ്റൊരു ചാനലില്‍ ആയിരുന്നപ്പോള്‍ യോഗി ആദിത്യനാഥിനെ അര്‍ണബ് അഭിമുഖം ചെയ്തിരുന്നു. അന്ന് വാക്കുകളാല്‍ ഇടത്തുനിന്നും വലത്തുനിന്നും ചുറ്റികയ്ക്ക് അടിക്കുന്നതുപോലെയായിരുന്നു അര്‍ണബിന്റെ ചോദ്യങ്ങള്‍. പുതിയ ചാനലില്‍ എത്തിയതോടെ വീണ്ടും അദ്ദേഹത്തെ അഭിമുഖം ചെയ്തു. ഇത്തവണ പുഞ്ചിരിയോട് കൂടിയായിരുന്നു അര്‍ണബ്, യോഗിയെ വരവേറ്റത്. അതില്‍ തന്നെ അര്‍ണബിന്റെ ഇരട്ടത്താപ്പ് വ്യക്തമാണ്.
ബിജെപിെയ പിന്തുണയ്ക്കുന്നതും അവരെ സംരക്ഷിക്കുന്നതുമായ വാര്‍ത്തകള്‍ മാത്രമാണ് ഇപ്പോള്‍ നല്‍കികൊണ്ടിരിക്കുന്നത്. ഇതില്‍ എവിടെയാണ് പ്രതിബദ്ധത. യോഗി ആദിത്യനാഥോ, മോദിയോ, സോണിയ ഗാന്ധിയോ ആരുമാകട്ടെ എന്നാല്‍ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഈ രീതിയില്‍ തരംതാഴാന്‍ പാടില്ല. അവര്‍ക്കൊരു ചുമതലയുണ്ട്. അത് മറന്ന് പ്രവര്‍ത്തിക്കുന്നവര്‍ ഈ ജോലിക്ക് അര്‍ഹരല്ല.
അര്‍ണബിന്റെ മുന്‍കാല വാര്‍ത്തകളും വിശകലനങ്ങളും വീക്ഷിക്കുന്ന ഒരാള്‍ എന്ന നിലയില്‍ ഞാന്‍ പറയുന്നു, ഇനിയും ഈ ഇരട്ടത്താപ്പ് മാറ്റിയില്ലെങ്കില്‍ ഇതിന് മറുപടി ജനം നല്‍കും. 'റിപബ്ലിക്' ആ പേരിനെങ്കിലും കളങ്കം വരുത്താതെ ജോലി ചെയ്യാന്‍ ശ്രമിക്കൂ,'
ആലുവയില്‍ പ്രളയജലം കയറിയപ്പോള്‍ ഒരു പള്ളിയില്‍ രണ്ടു ദിവസം കഴിഞ്ഞ അനുഭവം മേജര്‍ നേരത്തേ വ്യക്തമാക്കിയിരുന്നു. കേരളത്തിനു വേണ്ടി ഒന്നിച്ചു നില്‍ക്കേണ്ട സമയമാണിതെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു. മുമ്ബ് സംഘപരിവാര്‍ അനുഭാവം പ്രകടമാക്കിയിട്ടുള്ള ആളാണ് മേജര്‍ രവി.
Comments