പല തലമുറകളുടെ ഗൃഹാതുരം നിറഞ്ഞ ഓര്‍മ്മകളുടെ ഒറ്റപ്പേരാണ് ദൂരദര്ശന്. 1959 സെപ്തംബര്‍ 15നാണ് ദൂരദര്ശന് ചാനല്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സിനിമകളും സീരിയലുകളും കാര്‍ട്ടൂണ്‍ പരിപാടികളും സംഗീത പരിപാടികളുമൊക്കെയായി ദൂരദര്ശന് ജൈത്രയാത്ര തുടങ്ങിയിട്ട് ഇന്നേയ്ക്ക് കൃത്യം 59 വര്‍ഷം.
ഒരു ചെറിയ ട്രാന്സ്മിറ്ററിലും താല്‍ക്കാലിക സ്റ്റുഡിയോയിലുമായി ആരംഭിച്ച ദൂരദര്ശന് ഒരുകാലഘട്ടത്തിന്റെ ദൃശ്യസംസ്കാരത്തിനായിരുന്നു തുടക്കം കുറിച്ചത്. നിരവധി പരിമിതികള്‍ മൂലം ആദ്യഘട്ടത്തിലെ പരീക്ഷണ പരിപാടികള്‍ക്കുശേഷമാണ് 1965 ല്‍ വിനോദ വിജ്ഞാന പരിപാടികളുടെ സംപ്രേക്ഷണം തുടങ്ങിയത്.
ടെലിവിഷന്‍ സംപ്രേക്ഷണം തുടങ്ങി 17 വര്‍ഷങ്ങള്‍ക്കുശേഷമാണ് ദൂരദര്ശന് കളര്‍ സംപ്രേക്ഷണം ആരംഭിച്ചത്. ദൂരദര്‍ശന്റെ ദേശീയ പ്രക്ഷേപണം 1982-ല്‍ ആരംഭിച്ചു. 82-ലെ സ്വാതന്ത്ര്യ ദിന പരേഡും ഏഷ്യാഡും ദൂരദര്ശന് ലൈവായി സംപ്രേക്ഷണം ചെയ്തത് പ്രേക്ഷകര്‍ക്ക് പുതിയ അനുഭവമാണ് സമ്മാനിച്ചത്. ഹം ലോഗ്, ബുനിയാദ്, രാമായണം, മഹാഭാരതം പരമ്ബരകളും രംഗോലി, ചിത്രഹാര്‍, തുടങ്ങിയ ജനകീയ പരിപാടികളിലൂടെയും എണ്‍പതുകളെ ദൂരദര്ശന് സുരഭിലമാക്കി.
മലയാളികളുടെ ജീവിതത്തിലേക്ക് ഹിന്ദി ഗാനങ്ങളെ പരിചയപ്പെടുത്തിയതില്‍ ദൂരദര്‍ശന്റെ പങ്ക് എടുത്തു പറയേണ്ടതു തന്നെയാണ്. മാധുരി ദീക്ഷിതും, ജൂഹി ചൗളയും, റാണി മുഖര്‍ജിയും, കജോളും, ഷാരൂഖ് ഖാനും, സല്മാന് ഖാനുമെല്ലാം മലയാളികളുടെ സ്വീകരണമുറികളിലെത്തി.
ഇന്നു കാണുന്ന അമ്മായിയമ്മ-മരുമകള്‍ കുടുംബ കലഹങ്ങളായിരുന്നില്ല ദൂരദര്ശന് കാലത്തെ സീരിയലുകള്‍ക്ക് ആധാരം. ഇന്ത്യാ-പാകിസ്ഥാന് വിഭജനകാലത്തിന്റെ കഥ പറഞ്ഞ ബുനിയാദ് മലയാളികള്‍ക്കും പ്രിയപ്പെട്ട പരമ്ബരയായി. വിഭജനകാലത്ത് ഒരു കുടുംബം കടന്നു പോയ കഷ്ടപ്പാടുകളായിരുന്നു ബുനിയാദിന്റെ ആധാരം. പ്രശസ്ത ടെലിവിഷന്‍ അഭിനേതാവ് ആലോക് നാഥിന്റെ തുടക്കം ബുനിയാദിലൂടെയായിരുന്നു.
ഇന്ത്യയിലെ ആദ്യ ടെലിവിഷന്‍ സീരിയല്‍ ദൂരദര്‍ശന്റെ ഹം ലോഗ് ആയിരുന്നു. 1984 ജൂലൈയിലായിരുന്നു ഹം ലോഗ് ആരംഭിച്ചത്. മധ്യവര്‍ഗ കുടുംബത്തിന്റെ കഥ പറഞ്ഞ ഹം ലോഗ് 154 എപ്പിസോഡുകള്‍ നീണ്ടു നിന്നു. ഓരോ എപ്പിസോഡിന്റെ അവസാനത്തിലും പ്രശസ്ത നടന് അശോക് കുമാര്‍ സ്ക്രീനില്‍ പ്രത്യക്ഷപ്പെടുകയും കഥയെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും പതിവായിരുന്നു.
രാമായണം, മഹാഭാരതം കഥകളെ അടിസ്ഥാനമാക്കിയുള്ള സീരിയലുകളായിരുന്നു ദൂരദര്ശനെക്കുറിച്ചുള്ള മറ്റൊരു പ്രിയപ്പെട്ട ഓര്മ. ഓം നമഃശിവായ, ജയ് ഹനുമാന്, ശ്രീകൃഷ്ണ സീരിയലുകള്‍ കാണാന്‍ മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ കാത്തിരുന്നു.
ദേശീയോദ്ഗ്രഥനത്തേയും മത മൈത്രിയേയും പ്രോത്സാഹിപ്പിക്കുന്നതില്‍ നാഷണല്‍ ബ്രോഡ്കാസ്റ്റര്‍ എന്ന നിലയില്‍ ശ്ലാഖനീയമായിരുന്നു ദൂരദര്‍ശന്റെ പ്രവര്‍ത്തനങ്ങള്‍. ദേശീയ അഖണ്ഡത, ഐക്യം എന്നിവ പ്രചരിപ്പിക്കുന്നതിനായി 1988ല്‍ ദൂരദര്‍ശനില്‍ പ്രക്ഷേപണം ചെയ്തു പോന്നിരുന്ന " മിലേ സുര്‍ മേരാ തുമാര," "ദേശ് രാഗ്" പോലുള്ള പ്രൊഡക്ഷന്‍സ് രാജ്യത്തിന്റെ തന്നെ സ്വരമായി മാറുകയായിരുന്നു.
നാനാത്വത്തില്‍ ഏകത്വം എന്ന ഇന്ത്യയുടെ മുദ്രാവാക്യത്തെയായിരുന്നു ഈ ഗാനം ഉയര്‍ത്തിപ്പിടിച്ചിരുന്നത്. 14 ഇന്ത്യന്‍ ഭാഷകളിലായിരുന്നു ഈ ഗാനം സംസാരിച്ചത്. ഇന്ത്യയുടെ രണ്ടാം ദേശീയ ഗാനം എന്നു പോലും "മിലേ സുര്‍ മേരാ തുമാര"യെ ജനങ്ങള്‍ വിശേഷിപ്പിച്ചു. 'എന്റെ സ്വരവും നിങ്ങളുടെ സ്വരവും ഒത്തുചേര്‍ന്നു നമ്മുടെ സ്വരമായ്' എന്ന് ആനപ്പുറത്തിരുന്നു പാടിയ മലയാളിയേയും നമ്മള് മറക്കാനിടയില്ല.
വാടക വീട്ടിലെ ടിവിയും മതിലുകളും
രാജ്യം കലുഷിതമായൊരു കാലഘട്ടത്തിലൂടെ കടന്നു പോകുമ്ബോള്‍ നമ്മളൊന്നാണ്, ഇന്ത്യയൊന്നാണ് എന്ന സന്ദേശം ഓരോ ഇന്ത്യക്കാരനിലും എത്തിച്ചത് ദൂരദര്ശന് തന്നെയായിരുന്നു. പരിപാടികളുടെ ഇടവേളകളില്‍ രാജ്യത്തിന്റെ അഖണ്ഡതയെ ഓര്‍മ്മിപ്പിക്കുന്ന പാട്ടുകളും ദൃശ്യങ്ങളും സംപ്രേഷണം ചെയ്തു പോന്നു. 'ഏക് തിത്ലി അനേക് തിത്ലിയാന്‍' എന്ന ഗാനം മറ്റൊരു ഉദാഹരണം.
നഗരപ്രദേശങ്ങളില്‍ ജീവിക്കുന്ന താഴേക്കിടയിലുള്ള മനുഷ്യരുടെ കഥ പറഞ്ഞ നുക്കഡായിരുന്നു എടുത്തു പറയേണ്ട മറ്റൊരു പരമ്ബര. ഇവരുടെ ഐക്യത്തെക്കുറിച്ചായിരുന്നു കുന്ദന്‍ ഷായും സയ്യിദ് മിര്‍സയും ചേര്‍ന്നൊരുക്കിയ നുക്കഡ് സംസാരിച്ചത്.
കശ്മീരിലെ ഡാല്‍ തടാകവും ജല നൌകകളും തീവ്രവാദത്തിന്റെ മരവിപ്പില്‍ അമര്ന്നപ്പോള് ഗുല്‍ ഗുല്‍ഷന്‍ ഗുല്‍ഫാം എന്ന പരമ്ബര സാധാരണ കശ്മീരി ജീവിതത്തെ ഇന്ത്യയ്ക്കു മുന്നില്‍ തുറന്നുകാട്ടി.
ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രം എക്കാലവും ഓര്‍ത്തുവയ്ക്കുന്ന അടിയന്തരാവസ്ഥയും നോട്ടു നിരോധനവും പ്രഖ്യാപിക്കാന്‍ ഇരു പ്രധാനമന്ത്രിമാരും ഉപയോഗിച്ചത് ദൂരദര്‍ശനെ തന്നെയായിരുന്നു. 1975 ജൂണ്‍ 25ന് ഇന്ദിരാഗാന്ധി ദൂരദര്‍ശനിലൂടെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചപ്പോള്‍ 2016 നവംബര്‍ എട്ടിന് നരേന്ദ്രമോദി ദൂരദര്‍ശനിലൂടെ നോട്ടുനിരോധനം പ്രഖ്യാപിച്ചു.
ഇന്ത്യയുടെ തന്നെ വിവിധ സംസ്കാരങ്ങളെ പരിചയപ്പെടുത്തുന്ന ടെലിവിഷന്‍ പരിപാടി 'സുരഭി'യായിരുരന്നു ദൂരദര്‍ശന്റെ മറ്റൊരു പ്രധാന ആകര്‍ഷണം. 1993ല്‍ ആരംഭിച്ച സുരഭി 2001 വരെ ദൂരദര്‍ശനില്‍ സംപ്രേഷണം ചെയ്തു. സിദ്ധാര്‍ത്ഥ് കാക്കും രേണുക ഷഹാനേയുമായിരുന്നു പരിപാടിയുടെ അവതാരകര്‍.
നാടന്‍ കലാരൂപങ്ങളായിരുന്നു സുരഭിയുടെ പ്രധാന ഫോക്കസ്. നാടോടി നൃത്തം, ഗോത്ര പാരമ്ബര്യം, ക്ഷേത്രശില്പങ്ങള് എന്നിവയെല്ലാം സുരഭി പ്രേക്ഷകര്‍ക്ക് പരിചയപ്പെടുത്തി. ഏറ്റവുമധികം പ്രേക്ഷകരുടെ പ്രതികരണം ലഭിച്ച പരിപാടി എന്ന ഖ്യാതിയോടെ സുരഭി ലിംക ബുക്ക് ഓഫ് റെക്കോര്‍ഡ്സിലും സ്ഥാനം നേടി.
വാരാന്ത്യത്തില്‍ ബധിരരും മൂകരുമായ ആളുകള്‍ക്കായുള്ള വാര്‍ത്താ പ്രക്ഷേപണം ആദ്യം ആരംഭിച്ചതും ദൂരദര്ശന് തന്നെയായിരുന്നു. ഒരാഴ്ചയിലെ മുഴുവന്‍ വാര്‍ത്തകളേയും ചുരുങ്ങിയ രൂപത്തിലായിരുന്നു അവതരിപ്പിച്ചിരുന്നത്.
ബ്രേക്കിങ് ന്യൂസുകളുടേയും സെന്‍സേഷണല്‍ വാര്‍ത്തകളുടേയും പുറകേ പായാതെ വിവരങ്ങളു ഔദ്യോഗിക നിലപാടുകളും ജനങ്ങളിലെത്തിക്കുന്നതായിരുന്നു അന്നും ഇന്നും ദൂരദര്‍ശന്റെ വാര്‍ത്താസംസ്കാരം. വിനോദപരിപാടികള്‍ക്ക് മുന്നോടിയായുള്ള ഹിന്ദി വാര്‍ത്തയും തുടര്‍ന്നുവരുന്ന ഇംഗ്ലീഷ് വാര്‍ത്തയും ഇതിന്റെ പ്രത്യേകതകളായിരുന്നു. ബഹളങ്ങളില്ലാത്ത വാര്‍ത്തകള്‍ പ്രേക്ഷകര്‍ക്ക് മുന്നില്‍ അവതരിപ്പിച്ച ഏക ചാനലും ഒരുപക്ഷെ ദൂരദര്ശന് തന്നെയായിരിക്കും.
ഇന്ന് ഇന്ത്യയിലെ പല പ്രമുഖ ചാനലുകളുടേയും സ്ഥാപകരുടെ തുടക്കകാലവും ദൂരദര്‍ശനോടൊപ്പമായിരുന്നു. എന്‍ഡി ടിവിയുടെ മേധാവി പ്രണോയ് റോയ്, ഏഷ്യാനെറ്റ് സ്ഥാപകന്‍ ശശികുമാര്‍ എന്നിവരുടെ തുടക്കം ദൂരദര്ശന് തന്നെയായിരുന്നു.
കര്‍ഷകര്‍ക്കായി വൈകുന്നേരങ്ങളില്‍ സംപ്രേഷണം ചെയ്തിരുന്ന കൃഷിദര്‍ശനും ദൂര്ദര്ശന് തുടങ്ങിവച്ച പരിപാടികളില്‍ ഒന്നായിരുന്നു. കര്‍ഷകര്‍ക്കായുള്ള ആദ്യ പരിപാടിയായിരുന്നു കൃഷിദര്ശന്.
59 വര്‍ഷം പിന്നിടുമ്ബോള്‍ മറ്റൊരു ചാനലുകളും നല്‍കാത്ത ഗൃഹാതുരത നിറഞ്ഞ ഓര്‍മ്മകളാണ് ദൂരദര്ശന് ഓരോ മലയാളികള്‍ക്കും സമ്മാനിച്ചിട്ടുള്ളത്. ഒരുപാട് തലമുറകളുടെ ബാല്യത്തിലെ ഏറ്റവും നല്ല ഓര്‍മകളില്‍ ദൂരദര്ശനുമുണ്ടാകുമെന്ന് തീര്‍ച്ച.
Comments