പ്രശസ്ത വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്‌കര്‍ വിടവാങ്ങിയതിന് പിന്നാലെ ബാലഭാസ്‌കറിന്റെ പകരക്കാരനെ കുറിച്ചുള്ള വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു.'ജീവിതം എന്നത് ഇത്രയേ ഉള്ളു, പകരക്കാരന്‍ എപ്പോഴും റെഡിയാണ്.' എന്ന പോസ്റ്റ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി കഴിഞ്ഞു.
മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം സ്വരൂപിക്കുന്നതിനായി ഒരുമ എന്ന പരിപാടിയില്‍ ബാലഭാസ്‌കറിന്റെ വയലിന്‍ ഫ്യൂഷന്‍ കച്ചേരി തീരുമാനിച്ചിരുന്നു. ഒക്ടോബര്‍ ഏഴിനായിരുന്നു പരിപാടി തീരുമാനിച്ചിരുന്നത്. എന്നാല്‍ ബാലഭാസ്‌കറുടെ അപ്രതീക്ഷിത മരണം മലയാളികളെയും സംഗീത ലോകത്തെയും കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.. ഈ സാഹചര്യത്തിലാണ് ബാലഭാസ്‌കര്‍ ചെയ്യാമെന്നേറ്റിരുന്ന സംഗീത പരിപാടിക്ക് സംഘാടകര്‍ പകരം ആളെ കണ്ടെത്തിയത്.
ബാലഭാസ്‌കറിന് പകരക്കാരനെ കണ്ടെത്തിയതോടെ സോഷ്യല്‍ മീഡിയയില്‍ വന്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നിരുന്നു. ബാലഭാസ്‌കറിനു പകരം വയലിന്‍ കലാകാരന്‍ ശബരീഷ് പ്രഭാകറിനെയാണ് സംഘാടകര്‍ കണ്ടെത്തിയത്. ബാലഭാസ്‌കറിന്റെ മരണത്തിന് പിന്നാലെ പരിപാടിക്ക് പുതിയ ആളെ തിരഞ്ഞെടുത്തതിന്റെ പ്രതിഷേധമായിരുന്നു സോഷ്യല്‍ മീഡിയയില്‍. സംഘാടകര്‍ക്കെതിരെയും ശബരീഷിനെതിരെയും വളരെ വൈകാരികമായ ഭാഷയിലായിരുന്നു പലരും പ്രതിഷേധമറിയിച്ചത്. ബാലഭാസ്‌കറിനെ ഉള്‍പ്പെടുത്തിയുള്ള പരിപാടിയുടെ പഴയ പോസ്റ്ററും ശബരീഷിനെ ഉള്‍പ്പെടുത്തിയുള്ള പുതിയ പോസ്റ്ററും സഹിതമായിരുന്നു ആരാധകരുടെ ഫെയ്സ്ബുക്ക് പോസ്റ്റുകള്‍.
സോഷ്യല്‍ മീഡിയയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നപ്പോള്‍ സംഭവത്തില്‍ വിശദീകരണവുമായി ശബരീഷ് പ്രഭാകര്‍ രംഗത്തെത്തി. സോഷ്യല്‍ മീഡിയയില്‍ തനികിക്കെതിരെ പ്രചരിക്കുന്ന പോസ്റ്റുകളില്‍ അങ്ങേയറ്റം വേദനയുണ്ടെന്ന് ശബരീഷ് പറയുന്നു. എനിക്ക് ഒരിക്കലും ബാലുച്ചേട്ടന്റെ പകരക്കാരനാകാന്‍ കഴിയില്ല. കര്‍ണാടക സംഗീതജ്ഞന്‍ മാത്രമായ എനിക്ക് വയലിനില്‍ ഇങ്ങനെയൊരു സാധ്യത തുറന്നിട്ട് തന്നത് ബാലുച്ചേട്ടനാണ്. അദ്ദേഹം ഇതിഹാസ കലാകാരനാണ്. എനിക്ക് സ്വന്തം ജ്യേഷ്ഠനെപ്പോലെയാണ്.
ബാലുച്ചേട്ടന്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കിടക്കുമ്ബോള്‍ അദ്ദേഹത്തിന്റെ കുടുംബം അറിഞ്ഞു കൊണ്ടാണ് ഞാന്‍ ഈ പരിപാടിക്ക് വരാമെന്നേറ്റത്. അന്നത്തെ സാഹചര്യം അതായിരുന്നു. ബാലു ചേട്ടന്‍ ഈ സാഹചര്യത്തില്‍ ആശുപത്രിയില്‍ കഴിയുമ്ബോള്‍ അതേറ്റെടുക്കുക എന്നല്ലാതെ കലാകാരന്‍ എന്ന നിലയ്ക്ക് എനിക്ക് മറ്റ് മാര്‍ഗമില്ലായിന്നെന്നും ശബരീഷ് പറയുന്നു. കൂടാതെ ബാലു ചേട്ടന്‍ ചെയ്യാമെന്നേറ്റ പരിപാടിയുടെ ഉദ്ദേശ്യശുദ്ധി നിങ്ങള്‍ മനസിലാക്കണം. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് തുക സ്വരൂപിക്കുന്നതിന് വേണ്ടിയാണ് ഈ പരിപാടി. എല്ലാത്തിനും ബാലുച്ചേട്ടന്റെ കുടുംബം സാക്ഷിയാണ്. ഞാന്‍ ഒരിക്കലും അദ്ദേഹത്തിന് പകരക്കാരനാകില്ലെന്നും ശബരീഷ് പറയുന്നു.
Comments