പ്രിയപ്പെട്ടവരെ തീരാവേദനയിലേക്ക് തള്ളിവിട്ടാണ് ബാലഭാസ്‌ക്കര്‍ യാത്രയായത്. തൃശ്ശൂരില്‍ വടക്കുന്നാഥ ക്ഷേത്ര സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചുപോവുന്നതിനിടയിലായിരുന്നു അദ്ദേഹവും കുടുംബവും സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടത്. മകള്‍ തേജസ്വിനി സംഭവസ്ഥലത്ത് വെച്ച് മരിച്ചിരുന്നു. ഒരാഴ്ചത്തെ പോരാട്ടത്തിനൊടുവിലാണ് ബാലഭാസ്‌ക്കറും യാത്രയായത്. പ്രിയതമനും പൊന്നോമനപ്പുത്രിയും ഇനിയില്ലെന്ന കാര്യത്തെക്കുറിച്ച് ലക്ഷ്മി അറിഞ്ഞിട്ടില്ല. വെന്റിലേറ്റര്‍ സഹായത്തോടെ കഴിയുന്ന ലക്ഷ്മി ബോധം വന്നപ്പോള്‍ മകളെ അന്വേഷിച്ചിരുന്നതായി ബന്ധുക്കള്‍ പറഞ്ഞിരുന്നു. ചികിത്സയില്‍ കഴിയുന്ന ലക്ഷ്മിയുടെ നിലയില്‍ മാറ്റമുണ്ടെന്നും ബാലുവിന്റെയും ജാനി മോളുടെയും വിയോഗത്തെക്കുറിച്ച് അറിയിച്ചിട്ടില്ലെന്നും അടുത്ത സുഹൃത്തുക്കളിലൊരാളായ സ്റ്റീഫന്‍ ദേവസി പറഞ്ഞിരുന്നു.
16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബാലുവിനും ലക്ഷ്മിക്കും മകളെ ലഭിച്ചത്. മകളുടെ പേരിലുള്ള വഴിപാട് നടത്തുന്നതിന് വേണ്ടിയായിരുന്നു ഇവര്‍ വടക്കുന്നാഥ ക്ഷേത്രത്തിലേക്കെത്തിയത്. പഠനകാലത്ത് പ്രണയത്തിലായ ബാലുവും ലക്ഷ്മിയും വീട്ടുകാരുടെ എതിര്‍പ്പ് അവഗണിച്ചാണ് വിവാഹിതരായത്. ശക്തമായ പിന്തുണ നല്‍കി സുഹൃത്തുക്കള്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. ജീവിതത്തിലേക്ക് തിരികെയെത്തുകയാണെന്നുള്ള പ്രതീക്ഷ നല്‍കിയതിന് ശേഷം അപ്രതീക്ഷിതമായാണ് അദ്ദേഹം യാത്രയായത്. ദൈവത്തിന് ഏറെ പ്രിയപ്പെട്ടവരാണ് ബാലുവും ജാനിയുമെന്നും അതായിരിക്കാം അവരെ നേരത്തെ വിളിച്ചതെന്നുമാണ് കരുതുന്നതെന്ന് കസിനും അടുത്ത സുഹൃത്തുമായ മധു ബാലകൃഷ്ണന്‍ പറയുന്നു. ബാലുവിന്റെ അന്ത്യയാത്രയില്‍ മുന്‍നിരയില്‍ അദ്ദേഹമുണ്ടായിരുന്നു. ബാലുവുമായുള്ള സൗഹൃദത്തെക്കുറിച്ചും ബന്ധത്തെക്കുറിച്ചും അദ്ദേഹം പറയുന്നത് ഇങ്ങനെ, തുടര്‍ന്നുവായിക്കൂ.
അടുത്ത കൂട്ടുകാരായിരുന്നു
മധു ബാലകൃഷ്ണനും ബാലഭാസ്‌ക്കറും അടുത്ത ബന്ധുക്കളാണ്. കുട്ടിക്കാലം മുതലേ തന്നെ തങ്ങള്‍ സുഹൃത്തുക്കളുമായിരുന്നുവെന്ന് മധു ബാലകൃഷ്ണന്‍ പറയുന്നു. സന്തോഷവും സങ്കടവുമെല്ലാം തങ്ങള്‍ പരസ്പരം പങ്കുവെച്ചിരുന്നു. തന്റെ വീട്ടിലേക്ക് അവനെത്തിയാല്‍ പിന്നെ സംഗീതം തന്നെയാണ്. ബാലുവിന്റെ വയലിനും എന്റെ പാട്ടുമായിരുന്നു അന്നത്തെ പ്രധാന സംഭവം. ലോകമറിയുന്ന സംതീത സംവിധായകനാവുന്നതും ഗ്രാമി അവാര്‍ഡ് സ്വന്തമാക്കുന്നതുമൊക്കെയായിരുന്നു അവന്റെ സ്വപ്നം. അതെല്ലാം പാതിവഴിയിലുപേക്ഷിച്ചാണ് അവന്‍ പോയത്.
ഫോണെടുത്തില്ല, കാരണം ഇതായിരുന്നു
അടുത്തിടെ താന്‍ അവനെ വിളിച്ചപ്പോള്‍ അന്ന് ഫോണെടുത്തിരുന്നില്ലെന്നും കുറേക്കഴിഞ്ഞ് തിരിച്ച് വിളിക്കുകയും ചെയ്തിരുന്നതായും അദ്ദേഹം ഓര്‍ക്കുന്നു. കുഞ്ഞുമോള്‍ തന്റെ നെഞ്ചില്‍ക്കിടന്ന് ഉറങ്ങുകയായിരുന്നുവെന്നും ഫോണെടുത്ത് സംസാരിച്ചാല്‍ അവളുണരുമെന്നുള്ളതിനാലുമാണ് ഫോണെടുക്കാതിരുന്നതെന്ന് അവന്‍ പറഞ്ഞിരുന്നു. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവില്‍ മകളെത്തിയപ്പോള്‍ അവന്‍ ഒത്തിരി സന്തോഷിച്ചിരുന്നു. നേരത്തെ ഷോപ്പിംഗിന് പോവുമ്ബോള്‍ വയലിനാണ് വാങ്ങിയിരുന്നതെങ്കില്‍ മകളെത്തിയപ്പോള്‍ അവള്‍ക്കുള്ള കളിപ്പാട്ടമായി മാറുകയായിരുന്നു.
അഭിനയത്തിലും താല്‍പര്യം
പൊതുവെ ഭക്ഷണപ്രിയനാണ് ബാലു. അടുത്തിടെ അവന്‍ ഹെല്‍ത്ത് കോണ്‍ഷ്യസായിരുന്നു. കാര്യം തിരക്കിയപ്പോഴാണ് സിക്‌സ്പാക്കാണ് അവന്റെ ലക്ഷ്യമെന്നറിഞ്ഞത്. അതിന് പോത്സാഹനമാവുന്നതിനായി മൂന്ന് മാസം കൊണ്ട് ബോഡി ഫിറ്റാക്കാനായി ഞങ്ങള്‍ എന്ന് വെല്ലുവിളിച്ചിരുന്നുവെന്ന് മധു ബാലകൃഷ്ണന്‍ പറയുന്നു. സംഗീതം മാത്രമല്ല അഭിനയത്തിലും അവന് താല്‍പര്യമുണ്ട്. വേളി എന്ന സിനിമയില്‍ ബാലഭാസ്‌ക്കറായിത്തന്നെ അവന്‍ അഭിനയിച്ചിരുന്നു. പുതിയൊരു മലയാള ചിത്രത്തില്‍ ്ഭിനയിക്കുന്നതിനെക്കുറിച്ചും പറഞ്ഞിരുന്നു.
സ്റ്റീഫനോട് സംസാരിച്ചിരുന്നു
അപകട വിവരത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ അവനെ കാണാന്‍ ശ്രമിച്ചിരുന്നുവെങ്കിലും ഐസിയുവിലായിരുന്നതിനാല്‍ കാണാന്‍ സാധിച്ചിരുന്നില്ല. സ്റ്റീഫന്‍ ദേവസിയെക്കണ്ടപ്പോള്‍ അവന്‍ സംസാരിച്ചതായും കരഞ്ഞതിനെക്കുറിച്ചുമൊക്കെ അറിഞ്ഞിരുന്നു. ഇതേക്കുറിച്ച് അറിഞ്ഞപ്പോള്‍ എല്ലാവരും ആശ്വസിച്ചിരുന്നു. എന്നാല്‍ അപ്രതീക്ഷിതമായി ആരോഗ്യനില മാറുകയും ഹൃദയാഘാതം സംഭവിക്കുകയും ചെയ്തതോടെയാണ് ബാലുവിനെ നമുക്ക് നഷ്ടമായത്.
രാത്രി യാത്ര പാടില്ലെന്ന് പറഞ്ഞു
രണ്ട് മാസം മുന്‍പാണ് അവന്‍ ഒടുവില്‍ വീട്ടിലേക്ക് വന്നത്. അന്ന് നല്ല തലവേദനയും ജലദോഷവുമൊക്കെയായാണ് അവനെത്തിയത്. ആവി പിടിക്കുകയും ബാം പുരട്ടുകയും ചെയ്തപ്പോള്‍ ആശ്വാസമായിരുന്നു. ഹിന്ദി ആല്‍ബം ചെയ്യുന്നതിനെക്കുറിച്ച് അന്നവന്‍ പറഞ്ഞിരുന്നു. രാത്രി വൈകുവോളം സംഗീതത്തെക്കുറിച്ച് സംസാരിക്കുകയും ഭക്ഷണം കഴിക്കുകയുമൊക്കെ ചെയ്തിരുന്നു. അന്ന് അവിടെ താമസിച്ച് രാവിലെ പോയാല്‍ മതിയെന്ന് പറഞ്ഞിരുന്നുവെങ്കിലും അവനത് കേട്ടിരുന്നില്ല. രാത്രിയാത്ര ചെയ്യുന്നത് വിലക്കിയെങ്കിലും എന്റെ യാത്ര ഈ സമയത്തൊക്കെയാണ് എന്ന് പറഞ്ഞ് അവന്‍ നീങ്ങുകയായിരുന്നു. അങ്ങനെയൊരു സമയത്താണല്ലോ അവന്‍ പോയതും.
ജാനിക്ക് പിന്നാലെ അച്ഛനും
16 വര്‍ഷത്തെ കാത്തിരിപ്പിനൊടുവിലാണ് ബാലുവിനും ലക്ഷ്മിക്കുമരികിലേക്ക് ജാനിയെത്തിയത്. മകളെക്കുറിച്ച് വാചാലനാവുന്ന പിതാവായിരുന്നു ബാലു. ഭക്ഷണം കഴിക്കുന്നതിനിടയില്‍ തങ്ങള്‍ക്കരികിലേക്കെത്തിയ പിഞ്ചോമനയെ ഓമനിക്കുന്നതിനിടയില്‍ അരികിലേക്കെത്തിയ ബാലുവിനെക്കുറിച്ച് ശബരീനാഥ് എംഎല്‍എ വാചാലനായിരുന്നു. നെഞ്ചില്‍ക്കിടന്ന് കളിക്കുകയാണ് മകളെന്ന് തന്നോട് പറഞ്ഞതായി ആര്‍ജെ ഫിറോസും പറഞ്ഞിരുന്നു.
ലക്ഷ്മിയോട് എന്ത് പറയും?
ബാലുവും ജാനിയും പോയതൊന്നുമറിയാതെ ആശുപത്രിയില്‍ കഴിയുകയാണ് ലക്ഷ്മി. ഇടയ്ക്ക് ബോധം വന്നപ്പോള്‍ ഇരുവരേയും തിരക്കിയെങ്കിലും ചികിത്സയില്‍ കഴിയുകയാണെന്ന മറുപടിയായിരുന്നു ബന്ധുക്കള്‍ നല്‍കിയത്. പരിക്കില്‍ നിന്നും മുക്തയായി വരുന്നതിനിടയില്‍ മാനസിഘാതം നല്‍കുന്ന കാര്യങ്ങള്‍ അറിയിക്കരുതെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ലക്ഷ്മിയുടെ തിരിച്ചുവരവിനായി പ്രാര്‍ത്ഥിക്കുകയാണ് സുഹൃത്തുക്കളും കുടുംബാംഗങ്ങളും.
Comments