അമ്മയ്ക്കെതിരെ തുറന്ന യുദ്ധത്തിനൊരുങ്ങി സിനിമയിലെ വനിതാകൂട്ടായ്മയായ ഡബ്ല്യുസിസി . വൈകിട്ട് നാലിന് രേവതി, പത്മപ്രിയ, പാര്‍വതി എന്നിവര്‍ കൊച്ചിയില്‍ മാധ്യമങ്ങളെ കാണും. കൂടുതല്‍ നടിമാര്‍ അമ്മയില്‍ നിന്ന് രാജിവയ്ക്കുന്നതടക്കം ശക്തമായ നടപടികളിലേക്ക് നീങ്ങുന്നതായാണ് സൂചന. അതേസമയം ഈ വാര്‍ത്താസമ്മേളനത്തില്‍ 'മീ ടൂ' വെളിപ്പെടുത്തല്‍ സാധ്യത സൂചിപ്പിച്ച് എന്‍.എസ്.മാധവന്റെ ട്വീറ്റ് പുറത്തുവന്നത് ആകാംക്ഷയേറ്റി. പല സിനിമ പ്രവര്‍ത്തകരും അങ്കലാപ്പിലാണ് . അതേസമയം മീ ടൂ' ആരോപണങ്ങളില്‍ ജുഡീഷ്യല്‍ പരിശോധനയ്ക്ക് കേന്ദ്രസര്‍ക്കാര്‍ ഒരുങ്ങുന്നു .
ലൈംഗികാതിക്രമപരാതികള്‍ പരിശോധിക്കാന്‍ നാല് മുന്‍ ജഡ്ജിമാരുള്‍പ്പെട്ട സമിതിയെ നിയോഗിക്കാന്‍ തീരുമാനിച്ചെന്ന് കേന്ദ്രവനിതാശിശുക്ഷേമമന്ത്രി മേനകാഗാന്ധി അറിയിച്ചു. 'മീ ടൂ' ക്യാംപെയിനില്‍ വന്ന എല്ലാ വെളിപ്പെടുത്തലുകളും പരിശോധിക്കും. കേന്ദ്രമന്ത്രി എം.ജെ.അക്ബര്‍ ഉള്‍പ്പെടെ ഒട്ടേറെ പ്രമുഖര്‍ ആരോപണവിധേയരാണ്. എം.കെ അക്ബറിനെതിരെ പുതിയ ആരോപണവുമായി കൊളംബിയന്‍ മാധ്യമപ്രവര്‍ത്തക രംഗത്തെത്തി. ഇതിനിടെ ബോളിവുഡില്‍ മീ ടൂ ക്യാംപയിനില്‍ കൂടുതല്‍ താരങ്ങള്‍ കുടുങ്ങി. സംവിധായകരായ സാജിദ് ഖാന്‍, സുഭാഷ് ഗായ് എന്നിവര്‍ക്കും നിര്‍മാതാവ് കരിം മൊറാനിക്കും എതിരെയാണ് പുതിയ ആരോപണങ്ങള്‍. അതേസമയം, തനുശ്രീയുടെ പരാതിയില്‍ നാനാ പടേക്കര്‍ക്കെതിരെയെടുത്ത കേസ് ദുര്‍ബലമാണെന്ന് പൊലീസ് വൃത്തങ്ങള്‍തന്നെ സൂചന നല്‍കി.
നടി സലോനി ചോപ്രയാണ് നടനും തിരക്കഥാകൃത്തുമായ സാജിദ് ഖാന്‍ മോശമായി പെരുമാറിയെന്ന ആരോപണവുമായി രംഗത്തെത്തിയത്. 2011മുതല്‍ സാജിദിന്റെ അസിസ്റ്റന്റായി സിനിമയില്‍ പ്രവര്‍ത്തിക്കുമ്ബോഴാണ് ദുരനുഭവം ഉണ്ടായത്. മാനസികമായും ശാരീരികമായും തന്നെ പീഡിപ്പിച്ചിരുന്നതായി അവര്‍ പറഞ്ഞു. ഷാരൂഖ് ഖാന്റെ സുഹൃത്തും സിനിമ നിര്‍മാതാവുമായ കരിം മൊറാനി തന്നെ നിരന്തരം പീഡിപ്പിച്ചതായി മറ്റൊരു നടിയും വെളിപ്പെടുത്തി. ഡല്‍ഹി സ്വദേശിനിയായ നടിയാണ് ഒരു മാധ്യമത്തിന് മുന്നില്‍ പീഡനം തുറന്നുപറഞ്ഞത്.
Comments