നീണ്ട ഇടവേളയ്ക്കുശേഷം മഞ്ജുവാര്യര്‍ ശക്തമായി തിരിച്ചെത്തിയിരിക്കുകയാണ് 'ഹൗ ഓള്‍ഡ് ആര്‍ യൂ' എന്ന സിനിമയിലൂടെ. ആദ്യം നായികയായി അഭിനയിച്ച 'സല്ലാപ'ത്തിന്റെ ലൊക്കേഷനില്‍ മഞ്ജു ഭയന്നുവിറച്ചുപോയ സന്ദര്‍ഭത്തെക്കുറിച്ച് ഓര്‍ക്കുകയാണ് സംവിധായകന്‍ സുന്ദര്‍ദാസ്.
ഷൊര്‍ണ്ണൂരിലെ ഭാരതപ്പുഴയ്ക്കു മുകളിലുടെയുള്ള റെയില്‍വേ പാലവും അതിനടുത്ത ട്രാക്കുമായിരുന്നു'സല്ലാപ'ത്തിന്റെ €ൈമാക്‌സ് ഷൂട്ട് ചെയ്യാനായി കണ്ടെത്തിയത്. €ൈമാക്‌സ് പൂര്‍ത്തിയാക്കാന്‍ എടുത്തതു മൂന്നു ദിവസമാണ്. മൂന്നാം ദിവസം രാമചന്ദ്രബാബുവിന്റെ നേതൃത്വത്തിലുള്ള രണ്ടു കാമറാ ടീമും റെഡിയാക്കിയിരുന്നു.
കാമുകനായ ശശികുമാര്‍ കൈവിട്ടതോടെ രാധ എന്ന പെണ്‍കുട്ടി ജീവനൊടുക്കാന്‍ പാടവരമ്പിലൂടെ കടന്ന് റെയില്‍വേ ട്രാക്കിലേക്ക് ഓടുന്നു. പാടത്തുവച്ച് വില്ലനായ എന്‍.എഫ്.വര്‍ഗീസിന്റെ കഥാപാത്രം പിന്നാലെയോടുന്നു. രാധ ട്രാക്കിലെത്തുമ്പോഴേക്കും പാലത്തിലൂടെ ട്രെയിന്‍ വരുന്നു. ആദ്യത്തെ ട്രാക്കില്‍ വീണ ശേഷം രാധ ഓടുന്ന ട്രെയിനിനെ ലക്ഷ്യമാക്കി നീങ്ങുന്നതു കണ്ട മുറച്ചെറുക്കന്‍ ദിവാകരന്‍ അവളെ രക്ഷപ്പെടുത്തുന്നു. ട്രെയിന്‍ പോയപ്പോള്‍ ദിവാകരന്‍ രാധയുടെ മുഖത്തടിക്കുന്നു.
''ആര്‍ക്കും വേണ്ടെങ്കില്‍ നിന്നെ എനിക്കു വേണം''
എന്നു പറയുന്നു. ഇതായിരുന്നു €ൈമാക്‌സ് സീന്‍.
പാടവരമ്പിലൂടെയുള്ള ഓട്ടവും ട്രാക്കിലേക്കു വന്നുകയറുന്നതുമൊക്കെ ആദ്യ ദിവസങ്ങളില്‍ എടുത്തുകഴിഞ്ഞു. ഇനിയെടുക്കേണ്ടത് ട്രെയിന്‍ വരുമ്പോള്‍ രാധ ട്രാക്കിലേക്കു ചാടുന്നതും ദിവാകരന്‍ വന്നു പിടിച്ച് അടിക്കുന്നതുമാണ്. ട്രാക്കില്‍ ഷൂട്ടുചെയ്യാന്‍ ഒരാഴ്ച മുമ്പു തന്നെ റെയില്‍വേയുടെ അനുമതി വാങ്ങിച്ചിരുന്നു. അതുകൊണ്ടുതന്നെ ഷൊര്‍ണൂരില്‍ നിന്നും റെയില്‍വേയുടെ ഉദ്യോഗസ്ഥരും ഷുട്ടിംഗ് സ്ഥലത്ത് എത്തിയിരുന്നു.
സമയം രാത്രി ഏഴര മണി. ട്രെയിന്‍ വരുന്നതും കാത്ത് ഞങ്ങള്‍ പാലത്തിനു സമീപത്തെ ട്രാക്കില്‍ റെഡിയായിരുന്നു. ഇരുഭാഗത്തും രണ്ടു കാമറകളും വച്ചു. രാധയായി അഭിനയിക്കുന്ന മഞ്ജുവാര്യരും ദിവാകരനായി വരുന്ന മനോജ്.കെ.ജയനും മൂന്നു നാലു തവണ റിഹേഴ്‌സല്‍ ചെയ്തു കഴിഞ്ഞു. ട്രെയിനിന്റെ ചൂളം വിളി കേട്ടപ്പോള്‍ തന്നെ ഞാന്‍ ആക്ഷന്‍ പറഞ്ഞു. വണ്ടി പാലം കടന്നുകഴിഞ്ഞപ്പോഴേക്കും മഞ്ജു ട്രാക്കിലേക്ക് ഓടി. പ്രതീക്ഷിച്ചതു പോലെ ട്രെയിന്‍ അടുത്ത ട്രാക്കിലൂടെ കടന്നുപോവുകയാണ്. ആദ്യത്തെ ട്രാക്കില്‍ വീണ ശേഷം രണ്ടാമത്തെ ട്രാക്കിലൂടെ കടന്നുപോകുന്ന ട്രെയിന്റെ ഭാഗത്തേക്കു നീങ്ങവേ മനോജ്.കെ.ജയന്‍ പിടിച്ചുവലിക്കുന്നു. വലിക്കുന്നതിനനുസരിച്ച് മഞ്ജു പൂര്‍വാധികം ശക്തിയോടെ ട്രെയിനിന്റെ ടയറിനടുത്തേക്കു നീങ്ങുന്നു. മനോജ് തന്റെ ശക്തി മുഴുവനും ഉപയോഗിക്കുന്നതായി എനിക്കുതോന്നി.
''മഞ്ജൂ, അധികം ശക്തി വേണ്ട''
ട്രെയിന്‍ ശബ്ദത്തിനിടെ എന്റെ ശബ്ദം മഞ്ജു കേട്ടില്ലെങ്കിലും ഞാനത് ഉച്ചത്തില്‍ ആവര്‍ത്തിച്ചുകൊണ്ടിരുന്നു. മനോജിനു പിടിച്ചാല്‍ കിട്ടാത്ത അവസ്ഥയുണ്ടെന്ന് ആ മുഖം കണ്ടാലറിയാം. മഞ്ജു നാച്വറലായ അഭിനയത്തിനു വേണ്ടി ചെയ്യുന്നതാണെന്നു കരുതി ഞാന്‍ സമാധാനിച്ചു. ട്രെയിന്‍ പാസ് ചെയ്തു കഴിഞ്ഞപ്പോള്‍ മനോജ് മഞ്ജുവിന്റെ മുഖത്തടിച്ചു. സംഭാഷണം കഴിഞ്ഞപ്പോള്‍ കട്ട് പറഞ്ഞു. അപ്പോഴും മനോജ്.കെ.ജയന്‍ വിറയ്ക്കുന്നുണ്ടായിരുന്നു. മഞ്ജുവും. മനോജിന്റേയും മഞ്ജുവിന്റേയും മുഖത്ത് ഭീതി വിട്ടുമാറുന്നില്ല. ഞങ്ങളെല്ലാവരും അടുത്തേക്കു ചെന്നു.
''എന്താണു സംഭവിച്ചത്?''
ഞാന്‍ ചോദിച്ചു.
''എന്താണെന്ന് എനിക്കറിയില്ല. മഞ്ജു ശക്തിയോടെ കൈ വലിച്ച് ട്രെയിനിന്റെ അടിയിലേക്കു പോവുകയാണെന്നു തോന്നിപ്പോയി. ഒരു ഘട്ടത്തില്‍ പിടിച്ചാല്‍ പോലും കിട്ടാത്ത അവസ്ഥ വന്നു. വല്ലാതെ പേടിച്ചുപോയി.''
മനോജ് പറയുമ്പോള്‍ മഞ്ജു വിതുമ്പുകയായിരുന്നു.
''മനോജേട്ടാ, സത്യമായിട്ടും ഞാന്‍ പിടിച്ചുവലിച്ചതല്ല. ട്രെയിന്‍ എന്നെ അതിന്റെയുള്ളിലേക്കു കൊണ്ടുപോവുകയായിരുന്നു. എനിക്കിപ്പോഴും അതു വിശ്വസിക്കാന്‍ കഴിയുന്നില്ല.''
അപ്പോഴേക്കും റെയില്‍വേ ജീവനക്കാരും അടുത്തേക്കുവന്നു.
''നിങ്ങളെന്തു മണ്ടത്തരമാണു കാണിച്ചത്?''
ദേഷ്യത്തോടെ അവരില്‍ ഒരാള്‍ ചോദിച്ചു. ഞങ്ങള്‍ക്ക് ഒന്നും മനസിലായില്ല.
''ട്രെയിന്‍ സ്പീഡില്‍ ഓടുമ്പോള്‍ ഏതൊരു വസ്തുവിനേയും അതിന്റെ അടിയിലേക്ക് ആകര്‍ഷിക്കും. അതുകൊണ്ടുതന്നെ സ്പീഡിലോടുന്ന ട്രെയിനിന്റെ തൊട്ടടുത്തു നില്‍ക്കരുത്. അതൊരു വസ്തുതയാണ്. എന്തോ ഭാഗ്യത്തിനാണ് ഈ കുട്ടി രക്ഷപ്പെട്ടത്.''
മഞ്ജുവിനെ ചൂണ്ടി അയാള്‍ പറഞ്ഞു.
''നിങ്ങള്‍ ട്രെയിനിന്റെ ഇത്രയുമടുത്തു പോകുമെന്നു കരുതിയിരുന്നില്ല. ട്രെയിന്‍ പോകുന്നതിനിടെ ഞങ്ങളും വിളിച്ചുപറയുന്നുണ്ടായിരുന്നു. പോയിക്കഴിഞ്ഞപ്പോഴാണു ശ്വാസം നേരെ വീണത്.''
റെയില്‍വേ ജീവനക്കാരന്‍ നെടുവീര്‍പ്പിട്ടു. മഞ്ജുവിന്റെ ഭയം അപ്പോഴും മാറിയിരുന്നില്ല. കുറച്ചുനേരത്തേക്ക് ഒന്നും സംസാരിക്കാന്‍ അവള്‍ക്കു കഴിഞ്ഞില്ല.
Comments