തിരക്കഥാകൃത്തും സംവിധായകനുമായിരുന്ന ലോഹിതദാസ് അന്തരിച്ചിട്ട് ജൂണ്‍ 29ന് അഞ്ചുവര്‍ഷം തികയുകയാണ്. 'ചക്കരമുത്ത്' എന്ന സിനിമ റിലീസായശേഷം അദ്ദേഹം പറഞ്ഞ ഒരനുഭവം ഇവിടെ കുറിക്കുന്നു.
'കാരുണ്യ'ത്തിന്റെ സെറ്റില്‍ വച്ചാണ് അവനെ പരിചയപ്പെടുന്നത്. ഒറ്റപ്പാലം അകലൂരിലെ എന്റെ വീട്ടില്‍ വച്ചായിരുന്നു സിനിമയുടെ ഷൂട്ടിംഗ്. എല്ലാ ദിവസവും ഷൂട്ടിംഗ് കാണാന്‍ അവനവിടെ വരും. കൈയില്‍ ഒരു ചെമ്പകപ്പൂവുമുണ്ടാവും. ഷൂട്ടിംഗിന്റെ ഇടവേളയില്‍ അവന്‍ ആ പൂവ് നായിക ദിവ്യാഉണ്ണിക്ക് നല്‍കും. ഷൂട്ടിംഗ് കഴിഞ്ഞ് ദിവ്യ പോയപ്പോഴും അവന്‍ ചെമ്പകപ്പൂവുമായി അവിടെ വരുമായിരുന്നു. ഒരിക്കല്‍ ഞങ്ങളെല്ലാവരും അവനെ കളിയാക്കി. എന്നാല്‍ അതൊന്നും അവന് പ്രശ്‌നമായിരുന്നില്ല. ലൊക്കേഷനുകള്‍ മാറിയപ്പോഴും, ഷൂട്ടിംഗ് തീരുന്നതുവരെ അവന്‍ ദിവ്യയെ അന്വേഷിച്ച് എത്തിക്കൊണ്ടിരുന്നു. വരില്ലെന്ന് പറഞ്ഞാലും കാത്തിരിക്കും.
തമിഴില്‍ കസ്തൂരിമാന്‍ ചെയ്തശേഷം മലയാളത്തില്‍ ഒരു സിനിമ ചെയ്യാനുള്ള തയാറെടുപ്പിനിടയിലാണ് പിന്നീടവനെ കാണുന്നത്. ഭാര്യാഭര്‍ത്തൃബന്ധമായിരുന്നു എന്നിലെ പ്രമേയം. ഒരു ദിവസം വീട്ടിലെത്തിയ അവന്‍ പുതിയ സിനിമയെക്കുറിച്ചു ചോദിച്ചു.
''ദിലീപും കാവ്യയും അഭിനയിക്കുന്ന ഒരു സിനിമയാണ് ആലോചിക്കുന്നത്.''
എന്നു പറഞ്ഞപ്പോള്‍ എന്തേ ദിവ്യയെ നായികയാക്കിക്കൂടെയെന്നായിരുന്നു അവന്റെ ചോദ്യം. ദിവ്യയുടെ വിവാഹം കഴിഞ്ഞതൊന്നും അവന്‍ അറിഞ്ഞിരുന്നില്ല. ഞാന്‍ പറഞ്ഞതുമില്ല. മനസില്‍ അപ്പോഴും അവന്‍ ആ ചെമ്പകപ്പൂവ് സൂക്ഷിക്കുന്നുണ്ടായിരുന്നു. അന്നു വൈകിട്ടാണ് എന്റെ ചിന്ത അവനിലേക്കു നീണ്ടത്. എന്തുകൊണ്ട് അവന്റെ കഥയായിക്കൂടെന്ന് ചിന്തിച്ചു. അതു വികസിച്ചുവന്നപ്പോള്‍ അരവിന്ദനുണ്ടായി. ഉണ്ണിമോളുണ്ടായി. ചക്കരമുത്തെന്ന സിനിമയുണ്ടായി.
ഞാന്‍ ആദ്യമെഴുതിയ ക്ലൈമാക്സ് സീനാണ് ഇപ്പോള്‍ ചിത്രത്തില്‍ വന്നിട്ടുള്ളത്. ഇമോഷണല്‍ സീന്‍ ആവുമ്പോള്‍ ഗുണം ചെയ്യുമെന്ന് ചില സുഹൃത്തുക്കള്‍ പറഞ്ഞപ്പോഴാണ് ആദ്യം മാറ്റിയത്. നിര്‍മ്മാതാവിനും അതു സന്തോഷമായി. പക്ഷേ എനിക്ക് തൃപ്തിയായിരുന്നില്ല. അരവിന്ദന്റെ അവസാനം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. അതിനാല്‍ രണ്ടു രീതിയിലും ഷൂട്ടുചെയ്തു വച്ചു. പക്ഷേ സിനിമ റിലീസായപ്പോള്‍ ശരിയായില്ലെന്നു പലരും വിളിച്ചുപറഞ്ഞു. പ്രേക്ഷകരുടെ താല്‍പര്യത്തിനനുസരിച്ചാണ് ഇപ്പോഴുള്ള ക്ലൈമാക്‌സിലേക്കു മാറ്റുന്നത്. എന്നെ സംബന്ധിച്ചിടത്തോളം ക്ലൈമാക്സ് മാറ്റുന്നത് ഇതാദ്യമാണ്. കഥയുണ്ടാക്കുമ്പോള്‍ അതിന്റെ അവസാനം എന്നെ അസ്വസ്ഥപ്പെടുത്താറില്ല.
ഒറ്റപ്പാലം അകലൂരിലെ ഇടവഴികളിലൂടെ നടന്നാല്‍ നിങ്ങള്‍ക്കവനെ ഇപ്പോഴും കാണാം. എന്റെ അരവിന്ദനെ. കൈകള്‍ പിറകോട്ടുവളച്ച്, അല്പം നാണത്തോടെ സംസാരിക്കുന്ന ചെറുപ്പക്കാരന്‍. കണ്ണുകള്‍ അവന് കാണാന്‍ മാത്രമുള്ളതല്ല, കേള്‍ക്കാന്‍ കൂടിയാണ്. സംസാരിക്കുമ്പോള്‍ പ്രതികരിക്കുന്നതാവട്ടെ ഇമയനക്കങ്ങളിലൂടെയും. എന്റെ അയല്‍ക്കാരനാണെങ്കിലും വീടറിയില്ല. ചക്കരമുത്ത് റിലീസായതിന്റെ അഞ്ചാം ദിവസം അവനെന്റെ വീട്ടിലെത്തി.
''സാറെ ഞാന്‍ സിനിമ കണ്ടു.''
''എങ്ങിനെയുണ്ട്? ഇഷ്ടപ്പെട്ടോ?''
കണ്ണുകള്‍ കൊണ്ട് അവന്‍ സന്തോഷം പങ്കുവച്ചു.
''നന്നായിട്ടുണ്ട്. സിനിമ കണ്ടതുമുതല്‍ ആളുകള്‍ എന്നെ വിളിക്കുന്നത് ചക്കരമുത്തേ എന്നാണ്.''
അവന്‍ പൊട്ടിച്ചിരിച്ചു. അരവിന്ദന്റെ നിഷ്‌കളങ്കമായ അതേ ചിരി. ഒപ്പം ഞാനും.
Comments