നടന്‍ മമ്മുട്ടിയുടെ വ്രതനിഷ്ഠ മാഫിയ ശശിയുടെ വാക്കുകളില്‍
നോമ്പുകാലമായാല്‍ മമ്മുക്കയുടെ അടുത്തുനില്‍ക്കാന്‍ എനിക്കു പേടിയാണ്. പ്രത്യേകിച്ചും ഉച്ച സമയത്ത്. സിനിമയില്‍ കൃത്യമായി നോമ്പെടുക്കുന്ന അപൂര്‍വം പേരില്‍ ഒരാളാണ് അദ്ദേഹം. രാവിലെയാണെങ്കില്‍ ഫൈറ്റിന് റെഡിയാവും. ഉച്ച കഴിഞ്ഞാണെങ്കില്‍ ദേഷ്യം വരും. 'മായാബസാറി'ന്റെ ഷൂട്ടിംഗ് പൊള്ളാച്ചിയില്‍ നടന്നത് ഒരു നോമ്പുകാലത്തായിരുന്നു. ഉച്ച കഴിഞ്ഞപ്പോള്‍ റെഡിയാണോ എന്നു ചോദിച്ചതേയുള്ളൂ. പെട്ടെന്നു ദേഷ്യം വന്നു. ഞാനാവട്ടെ പിന്നെ കണ്‍വെട്ടത്തു പോയതേയില്ല. കുറച്ചു കഴിഞ്ഞപ്പോള്‍ മമ്മുക്ക എന്നെ വിളിപ്പിച്ചു.
''കുഴപ്പമില്ല. നമുക്ക് ചെയ്യാം.''
എനിക്കു ശ്വസംനേരെ വീണു. അതെനിക്ക് എന്നുമൊരു പാഠമാണ്. അദ്ദേഹത്തെ കുറ്റം പറഞ്ഞിട്ടു കാര്യമില്ല. രാവിലെ മുതല്‍ ഭക്ഷണം കഴിക്കാതെ ഇരിക്കുന്നതല്ലേ. കയറില്‍ തൂങ്ങിക്കൊണ്ട് ചവിട്ടുന്ന അഭ്യാസമാണ് മമ്മുക്കയ്ക്ക് ഏറെയിഷ്ടം. വളരെ പെട്ടെന്നുതന്നെ അദ്ദേഹമത് ചെയ്യും. മകന്‍ ദുല്‍ഖറിന്റെ മിക്ക സിനിമകളിലും സ്റ്റണ്ട് ചെയ്തത് ഞാനാണ്. ആദ്യസിനിമയായ സെക്കന്‍ഡ് ഷോയിലെ സ്റ്റണ്ട് സീനെടുക്കുന്ന ദിവസം രാവിലെ എന്നെ വിളിച്ചു.
''ശ്രദ്ധിക്കണം. അവനിതൊന്നും വലിയ പരിചയമില്ല.''
അദ്ദേഹം പറഞ്ഞതുകൊണ്ടുതന്നെ ദുല്‍ക്കറിനു വേണ്ടി കഴിയാവുന്ന എല്ലാ സേഫ്റ്റിയും ഒരുക്കിയിരുന്നു. ഇതു കണ്ടപ്പോള്‍ത്തന്നെ ദുല്‍ഖര്‍ എന്നോടു ചോദിച്ചു.
''വാപ്പച്ചി വിളിച്ചിരുന്നു. അല്ലേ.''
ഞാന്‍ ചിരിച്ചു.
''വാപ്പച്ചി പറയുന്നതുപോലെയൊന്നുമല്ല. ഞാനെന്തും ചെയ്യും. മാഷ് പറഞ്ഞാല്‍ മതി.''
നാനൂറടി ലെംഗ്ത്തുള്ള ഫൈറ്റായിരുന്നു അതിലുണ്ടായിരുന്നത്. മുറിയില്‍ നിന്ന് താഴേക്കും പിന്നീട് വെള്ളത്തിലേക്കും ഓടുന്ന സീന്‍. ഇത്രയും ലെംഗ്ത്തുള്ള ഫൈറ്റ് സീന്‍ ഈയടുത്തകാലത്തൊന്നും ഞാന്‍ ചെയ്തിട്ടില്ല. അതുകൊണ്ടുതന്നെ റിസ്‌കി ഷോട്ടായിരുന്നു മുഴുവന്‍. മമ്മുക്ക മുന്‍കൂറായി പറഞ്ഞതിനാല്‍ ടെന്‍ഷനുമുണ്ടായിരുന്നു. എന്നാല്‍ എനിക്ക് ധൈര്യം തന്നാണ് ദുല്‍ഖര്‍ ആ സീനുകളെല്ലാം പൂര്‍ത്തിയാക്കിയത്. അത്യാവശ്യം കളരിയൊക്കെ പഠിച്ചയാളാണ് ദുല്‍ഖറെന്ന് ആദ്യദിവസം തന്നെ മനസിലായി. പിന്നീടുള്ള സിനികളിലെ ദുല്‍ഖറിന്റെ പ്രകടനം എന്നെ ആവേശഭരിതനാക്കുകയും ചെയ്തു.
സെക്കന്‍ഡ് ഷോയുടെ ആക്ഷന്‍ ഷൂട്ട് ചെയ്യുന്ന ദിവസങ്ങളില്‍ മിക്കപ്പോഴും മമ്മുക്ക വിളിച്ച് ദുല്‍ഖറിന്റെ അവസ്ഥ ചോദിക്കും.
''അവന് ഒരു കുഴപ്പവുമില്ല. നന്നായി ചെയ്യുന്നുണ്ട്.''
എന്നു പറഞ്ഞാലും അദ്ദേഹത്തിന് തൃപ്തിയാവില്ല.
''എന്നാലും ഒന്നു ശ്രദ്ധിച്ചേക്കണം.''
വാക്കുകളില്‍ ഒരച്ഛന്റെ സ്‌നേഹം വായിച്ചെടുക്കാം. അതാണ് മമ്മൂട്ടി.
Comments