ജീവിതത്തിലാദ്യമായി കഴിഞ്ഞവര്‍ഷം നോമ്പെടുത്ത അനുഭവത്തെക്കുറിച്ച് പറയുകയാണ് നടന്‍ അനൂപ്ചന്ദ്രന്‍..
ലോകത്താകമാനമുള്ള മനുഷ്യര്‍ വര്‍ഷങ്ങളായി അനുഷ്ഠിക്കുന്നതാണ് നോമ്പ്. അത് എന്താണെന്നറിയാനുള്ള ആഗ്രഹം പണ്ടുമുതലേയുണ്ടായിരുന്നു. പക്ഷെ എടുക്കാന്‍ പറ്റിയില്ല. കഴിഞ്ഞ വര്‍ഷത്തെ നോമ്പുസമയത്ത് ഞാന്‍ 'ദൈവത്തിന്റെ സ്വന്തം €ീറ്റസി'ന്റെ ലൊക്കേഷനിലാണ്. അവിടെ അബുസലീമും മമ്മുക്കയുമൊക്കെയുണ്ട്. അവര്‍ നോമ്പുവ്രതത്തിലായിരുന്നു. ബ്രേക്കില്‍ ഞങ്ങള്‍ സംസാരിച്ചത് നോമ്പിനെക്കുറിച്ചായിരുന്നു.
''എടാ, ഇത്തവണ ഒരാഴ്ചത്തേക്ക് നോമ്പു പിടിയെടാ. നമ്മളാരാണെന്ന് നമുക്കുതന്നെ ബോധ്യം വരും.''
അബുക്ക പറഞ്ഞപ്പോള്‍ അനുസരിച്ചു. ജീവിതത്തില്‍ ആദ്യമായാണ് നോമ്പെടുക്കുന്നത്. അത്രയുംകാലം ഒരു ദിവസത്തെ വ്രതം പോലുമെടുത്തിട്ടില്ല. ലോകത്താകമാനമുള്ള മനുഷ്യര്‍ വര്‍ഷങ്ങളായി അനുഷ്ഠിക്കുന്നതാണ് നോമ്പ്. അത് എന്താണെന്നറിയാനുള്ള ശ്രമമായിരുന്നു എന്റേത്. നോമ്പിനെക്കുറിച്ച് കേട്ടനാള്‍ മുതലുള്ള ആഗ്രഹമാണ് സഫലമായിരിക്കുന്നത്.
പിറ്റേന്നു മുതല്‍ രാവിലെ ഏഴുമണിക്ക് അബുക്ക വന്ന് മുട്ടിവിളിക്കും. മന്ത്രംചൊല്ലി കൈ തന്ന് പിരിയും. വൈകിട്ടായാല്‍ നോമ്പ് മുറിക്കും. വൈകിട്ട് അഞ്ചുമണിയൊക്കെ ആവുമ്പോഴേക്കും വയറ്റിനകത്തുനിന്ന് ആസിഡ് തിളക്കുന്നതുപോലെ തിളപ്പാണ്. ദിവസേന പച്ചക്കറി കഴിക്കുന്ന ആളെ സംബന്ധിച്ചിടത്തോളം നോമ്പ് കുറച്ചു വിഷമമാണ്. പൊതുവെ മുസ്ലീം സമൂഹം ചിക്കനും ബീഫുമൊക്കെ കഴിക്കുന്നവരാണല്ലോ. അതുകൊണ്ടുതന്നെ അവരുടെ ശരീരത്തില്‍ ദഹിക്കാന്‍ ഒരുപാടു കിടപ്പുണ്ടാവും. ഒരുമാസത്തെ നോമ്പെടുക്കുന്നതോടെ അതൊക്കെ അടിച്ച് വെളിയില്‍പ്പോകും.
നോമ്പും നിസ്‌കാരവുമൊന്നും പടച്ചോന് വേണ്ടീട്ടല്ല. ശരീരത്തിന് വേണ്ടിയാണ്. നോമ്പിന് ആരോഗ്യകരമായ വശം കൂടിയുണ്ട്. അഞ്ചുനേരം നിസ്‌കരിക്കുന്ന ആളുടെ ശരീരത്തില്‍ ഗ്യാസുണ്ടാവില്ല. ദഹനം കൃത്യമായി നടക്കും. ദഹനം മുറയ്ക്ക് നടന്നാല്‍ രോഗമുണ്ടാവില്ല. ഇതൊക്കെ പുതിയ തലമുറയ്ക്കറിയാം. പണ്ടൊക്കെ നോമ്പിന് തരിക്കഞ്ഞിയായിരുന്നു. ഇന്നത് മാറി. ഇപ്പോള്‍ നോമ്പ് മുറിക്കുന്ന സമയം ഫുഡ് ഫെസ്റ്റിവല്‍ പോലെയാണ്.
''എങ്ങനെയുണ്ടായെടാ കഴിഞ്ഞ ഏഴുദിവസം?''
ലൊക്കേഷനില്‍ നിന്ന് പോകാന്‍നേരം അബുക്ക ചോദിച്ചു.
''മനസിന് വല്ലാത്തൊരു ആശ്വാസം തോന്നുന്നു.''
''അതാണ് നോമ്പിന്റെ മഹത്വം.''
അബുക്ക പറഞ്ഞത് നൂറുശതമാനം ശരിയാണ്. നോമ്പ് ഒരു പുതിയ മനുഷ്യനെയാണ് സൃഷ്ടിക്കുന്നത്. ഒരാള്‍ ത്യാഗം ചെയ്യാന്‍ പോകുമ്പോള്‍ കൂടെ കുറെപ്പേരുണ്ടാവുന്നത് സന്തോഷകരമാണ്. അതുകൊണ്ടാണ് കൂടെ നോമ്പെടുക്കാന്‍അദ്ദേഹം മറ്റുള്ളവരെ ക്ഷണിക്കുന്നത്.
Comments