മലയാളികളുടെ പ്രിയപ്പെട്ട വില്ലന്‍ സ്ഫടികം ജോര്‍ജിപ്പോള്‍ സുവിശേഷകനാണ്. ഇരുപതുവര്‍ഷം മുമ്പ് മതത്തെയും ദൈവത്തെയും കുറിച്ച് പഠിക്കാന്‍ തുടങ്ങിയ ജോര്‍ജിനെ ദൈവവഴിയില്‍ എത്തിച്ചത് ബൈബിളിലെ ഒരു വചനമാണ്. അപ്പോസ്തലപ്രവര്‍ത്തനങ്ങള്‍ ഒന്നാം അധ്യായത്തിലെ നാലും എട്ടും വാക്യങ്ങള്‍. ''നിങ്ങള്‍ ജറുസലേം വിട്ടുപോകരുത്. എന്റെ പിതാവില്‍ നിന്നും നിങ്ങള്‍ കേട്ട വാഗ്ദാനത്തിനായി കാത്തിരിക്കണം. പരിശുദ്ധാത്മാവ് നിങ്ങളുടെ മേല്‍ വരും. അപ്പോള്‍ നിങ്ങള്‍ ശക്തിപ്രാപിക്കും. ജറുസലേമിലും യഹൂദിയയിലും സമരിയായിലും ലോകത്തിന്റെ എല്ലാ അതിര്‍ത്തികളിലും നിങ്ങള്‍ എനിക്കു സാക്ഷികളാവും.''
ഉയിര്‍ത്തെഴുന്നേറ്റ യേശുക്രിസ്തു ശിഷ്യന്‍മാരോടു പറഞ്ഞ വാക്കുകളാണത്. സുവിശേഷപ്രവര്‍ത്തനങ്ങള്‍ തുടങ്ങണമെന്ന് ജോര്‍ജ് ആഗ്രഹിച്ചത് ആ സമയത്താണ്. പക്ഷേ സമ്പൂര്‍ണ സുവിശേഷകനായത് ഈയടുത്തകാലത്താണെന്ന് മാത്രം. അതെക്കുറിച്ച് ജോര്‍ജ് തന്നെ പറയും.
''ടെന്‍ഷന്‍ നിറഞ്ഞ മനസിന് ഏക ആശ്വാസമാണിത്. ഇതിനകം ഒരുപാടു സ്ഥലങ്ങളില്‍ സുവിശേഷപ്രസംഗം നടത്തി. ഷൂട്ടിംഗില്ലാത്ത സമയത്താണ് സുവിശേഷപ്രവര്‍ത്തനം. ഒരുമാസം ആറു പ്രസംഗത്തിനുവരെ പോയിട്ടുണ്ട്. സുവിശേഷകനായപ്പോള്‍ ജീവിതത്തില്‍ ഒരുപാടു മാറ്റമുണ്ടായി. ദിവസവും അതിരാവിലെ എഴുന്നേല്‍ക്കും. വചനങ്ങള്‍ പഠിക്കും. ലൊക്കേഷനില്‍ ഒഴിവുസമയം കിട്ടുമ്പോള്‍ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കും. ദൈവചിന്തകളാണ് ബൈബിളിലുള്ളത്. നോവല്‍ വായിക്കുന്നതുപോലെ ബൈബിള്‍ വായിച്ചിട്ട് കാര്യമില്ല. ഓരോ വായനയിലും പുതിയ പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്താന്‍ കഴിയുന്നു എന്നതാണ് വിശുദ്ധഗ്രന്ഥത്തിന്റെ മഹത്വം. സിനിമയില്‍ അഭിനയിക്കാന്‍ തുടങ്ങിയ കാലത്ത് മദ്യം കഴിക്കുമായിരുന്നു. പിന്നീടത് വിശേഷ അവസരങ്ങളില്‍ മാത്രമായി. ഇപ്പോള്‍ പൂര്‍ണമായും നിര്‍ത്തി. പുകവലിയുമില്ല. ശരീരമാണ് ദൈവത്തിന്റെ ആലയം. അതു ശുദ്ധമാവണം. ശരീരവും മനസും ആത്മാവുമാണ് നമ്മെ നയിക്കുന്നത്.''
മുമ്പൊരിക്കല്‍ യേശുക്രിസ്തുവിനെ ദര്‍ശിച്ച അനുഭവം സ്ഫടികം ജോര്‍ജിനുണ്ട്.
''1991 മേയ് നാല്. ബാങ്ക് ഉദ്യോഗസ്ഥനായ സുഹൃത്ത് അപ്രതീക്ഷിതമായാണ് എന്നെക്കാണാന്‍ വന്നത്. അസുഖമായി കിടക്കുന്ന അപ്പനുവേണ്ടി പ്രാര്‍ഥിക്കണമെന്നായിരുന്നു അവന്റെ ആവശ്യം. പിറ്റേ ദിവസം വെളുപ്പിന് നാലുമണിക്ക് എഴുന്നേറ്റ് ആ എണ്‍പത്തിനാലുകാരനുവേണ്ടി പ്രാര്‍ഥിച്ചു.
''ആറു ദിവസം കൂടി...''
മനസില്‍ ആരോ പറയുന്നതുപോലെ തോന്നി. ദൈവത്തിന്റെ സന്ദേശമായിരുന്നു അത്. മരണം ആസന്നമായതിന്റെ മുന്നറിയിപ്പ്. അപ്പോള്‍ത്തന്നെ ഇക്കാര്യം സുഹൃത്തിനെ വിളിച്ചുപറഞ്ഞു. കൃത്യം മേയ് പത്തിന് സുഹൃത്തിന്റെ അച്ഛന്‍ മരിച്ചു. ഇക്കാര്യം മുമ്പെ അറിഞ്ഞതിനാല്‍ സുഹൃത്തിന് അപ്പന്റെ മരണവുമായി ബന്ധപ്പെട്ട മുന്നൊരുക്കങ്ങള്‍ നടത്താനും കഴിഞ്ഞു.
2008 ഫെബ്രുവരി ഒന്ന്. നാല്‍പ്പതു ദിവസത്തെ ഉപവാസം തുടങ്ങിയത് അന്നാണ്. രാവിലെയും ഉച്ചയ്ക്കും ഒന്നും കഴിക്കില്ല. വൈകിട്ട് കഞ്ഞി മാത്രം. ഏഴാം ദിവസം വൈകിട്ട് എനിക്കൊരു സ്വപ്നമുണ്ടായി. യേശുക്രിസ്തു താഴേക്കിറങ്ങിവരികയാണ്. കരങ്ങള്‍ രണ്ടും വിരിച്ചുപിടിച്ചുള്ള വരവില്‍ എന്തോ സംസാരിക്കുന്നുണ്ട്. യേശുവിന്റെ കൈയില്‍ തൊടണമെന്ന ആഗ്രഹത്താല്‍ ഞാന്‍ കൈകള്‍ നീട്ടി. യേശു തലയില്‍ പിടിച്ച് എന്നെ താഴേക്കിട്ടു. ഞാന്‍ തറയില്‍ വീണു. പിറ്റേ ദിവസമാണ് എനിക്കാ സ്വപ്നത്തിന്റെ അര്‍ഥം മനസിലായത്. എന്റെ ഉപവാസം ശരിയല്ല. ഉപവാസത്തിനിരിക്കുന്നയാള്‍ കഞ്ഞി കുടിക്കാന്‍ പാടില്ല. പിന്നീടുള്ള മുപ്പത്തിരണ്ടു ദിവസങ്ങളിലും ഞാന്‍ ഭക്ഷണമൊന്നും കഴിച്ചില്ല. രാവിലെയും ഉച്ചയ്ക്കും ചൂടുവെള്ളം മാത്രം കുടിച്ച് ഉപവാസം പൂര്‍ത്തിയാക്കിയപ്പോള്‍ മനസിന് ആശ്വാസം.''
Comments