You are Here : Home / വെളളിത്തിര

അരങ്ങില്‍നിന്ന് ജെയിംസ്‌ ഏലിയ അഭ്രപാളിയിലേക്ക്‌

Text Size  

Aswamedham News Team

mail@aswamedham.com

Story Dated: Sunday, August 17, 2014 11:52 hrs UTC

രാജീവ്‌ രവി സംവിധാനം ചെയ്‌ത ഞാന്‍ സ്റ്റീവ്‌ ലോപ്പസ്‌ എന്ന ചിത്രത്തില്‍ പോലീസ്‌ ഓഫീസറായ മോഹനന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ജെയിംസ്‌ ഏലിയ കേരള സംഗീത നാടക അക്കാദമിയുടെ കഴിഞ്ഞ വര്‍ഷത്തെ മികച്ച രണ്ടാമത്തെ സംവിധായകനുള്ള അവാര്‍ഡ്‌ നേടിയ ആളാണെന്നത്‌ അധികമാര്‍ക്കുമറിയാത്ത സത്യമാണ്‌. തന്റെ കലാജീവിതത്തെക്കുറിച്ചും നാടക ജീവിതത്തെക്കുറിച്ചും സ്റ്റീവ്‌ ലോപ്പസിനെക്കുറിച്ചുമെല്ലാം ജെയിംസ്‌ ഏലിയ അശ്വമേധത്തോട്‌ 
 
 
ഞാന്‍ സ്റ്റീവ്‌ ലോപ്പസ്‌ 
 
 
അലസനും പേടിത്തൊണ്ടനുമായ നായകന്‍. പ്രണയം, മദ്യപാനം തുടങ്ങി ചെറുപ്പക്കാരുടെ എല്ലാ ശീലങ്ങളുമുള്ള കോളേജ്‌ വിദ്യാര്‍ത്ഥിയാണയാള്‍. ഒരിക്കല്‍ ഗുണ്ടകള്‍ ഒരു ചെറുപ്പക്കാരനെ ബസില്‍ വച്ച്‌ വെട്ടിപ്പിരിക്കേല്‍പ്പിക്കുന്നതു കണ്ട ലോപ്പസ്‌ ഗുണ്ടയെ പിടികൂടാനായി അവനു പിന്നാലെ പോകുന്നതും എന്നാല്‍ ഒരിക്കലും പ്രതീക്ഷിക്കാത്ത സാഹചര്യത്തില്‍ അയാളെ കാണുന്നതും അത്‌ സ്റ്റീവില്‍ വരുത്തുന്ന മാറ്റങ്ങളുമാണ്‌ ചിത്രം. രാജീവ്‌ രവി എന്ന സംവിധായകന്റെ എല്ലാ ചേരുവകളും ഒത്തു ചേര്‍ന്ന റിയലിസ്റ്റിക്കായ ഒരു നല്ല ചിത്രം എന്ന്‌ ഒറ്റ വാക്കില്‍ പറയാം. 
 
 
മോഹനന്‍ പോലീസ്‌
 
 
നായകന്റെ പിതാവിന്റെ സുഹൃത്തായ മോഹനന്‍ എന്ന പോലീസുകാരനായാണ്‌ ജെയിംസ്‌ ഇതില്‍ അഭിനയിക്കുന്നത്‌. നായകന്‍ അങ്കിള്‍ എന്നു വിളിക്കുന്ന മോഹനന്‌ ചിത്രത്തില്‍ ഒരു പ്രധാന സ്ഥാനമുണ്ട്‌. സ്റ്റീവിന്‌ ആദ്യമായി കിട്ടുന്ന ബൈക്ക്‌ എത്തിച്ചു കൊടുക്കുന്നതു മുതല്‍ ഗുണ്ടയുമായി ബന്ധപ്പെട്ട സ്‌റ്റീവിന്റെ ജീവിതത്തിലൊക്കെ മോഹനന്‍ പോലീസുമുണ്ട്‌. ഗുണ്ടകളെ തമ്മില്‍ അടിപ്പിക്കുന്നതില്‍ പോലും പ്രധാന പങ്കു വഹിക്കുന്ന ആളാണ്‌ മോഹനന്‍. ഗുണ്ടയെപ്പോലെ തന്നെ വില്ലനായ പോലീസാണെങ്കിലും ഭാര്യയും കുഞ്ഞുങ്ങളുമൊക്കെയുള്ള ഒരു വ്യക്തി. നായകന്‍ കോളറിന്‌ പിടിക്കുന്ന അവസരത്തില്‍ തിരിച്ച്‌ നായകന്റെ കോളറിന്‌ പിടിച്ച്‌ തെറിയുള്‍പ്പടെ രൂക്ഷമായ ഭാഷയില്‍ ഡയലോഗ്‌ പറയുന്ന സന്ദര്‍ഭത്തിലാണ്‌ ഈ കഥാപാത്രത്തിന്‌ പ്രാധാന്യം വരുന്നത്‌. അതു വരെ അവരുടെ അനുയായി എന്ന മട്ടില്‍ നടന്ന ആള്‍. വെറുമൊരു അനുയായി മാത്രമല്ലെന്ന്‌ അപ്പോഴാണ്‌ ബോധ്യപ്പെടുക. തനിക്ക്‌ കിട്ടിയ വേഷം ഭംഗിയായി ചെയ്യുന്നതില്‍ ജെയിംസ്‌ ഏലിയ വിജയിച്ചിട്ടുണ്ട്‌ എന്നു പറയാതെ വയ്യ. നാടകവേദിയില്‍ നിന്നും തനിക്ക്‌ ലഭിച്ച അഭിനയമികവ്‌ ഒട്ടും ചോര്‍ന്നുപോകാതെ തന്നെ സിനിമയിലും കാഴ്‌ച വെക്കാന്‍ ജെയിംസിനായിട്ടുണ്ട്‌. 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
 
നാടകത്തിലൂടെ അഭ്രപാളിയിലേക്ക്‌
 
 
നാടകങ്ങളിലൂടെയാണ്‌ ജെയിംസ്‌ ഏലിയ അഭ്രപാളിയുടെ വെള്ളിവെളിച്ചത്തിലേക്കെത്തുന്നത്‌. കഴിഞ്ഞ വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ മികച്ച രണ്ടാമത്തെ സംവിധായകുള്ള അവാര്‍ഡ്‌ ജെയിംസ്‌ ഏലിയക്കായിരുന്നു. നാടകം ഭൂമിയുടെ അവകാശികള്‍. സ്‌കൂള്‍ തലം മുതലേ നാടകാഭിനയമായിരുന്നു കൈവെച്ച മേഖല. സ്‌കൂള്‍ , കോളേജ്‌ തലങ്ങളില്‍ പല തവണ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടു. കോളേജില്‍ പഠിച്ചിരുന്ന കാലത്ത്‌ സുവീരന്റെ സംവിധാനത്തില്‍ അരങ്ങിലെത്തിയ നാടകങ്ങളിലെ നായകന്‍. അതുവഴി യൂണിവേഴ്‌സിറ്റി ബി സോണ്‍ കലോത്സവങ്ങളില്‍ മികച്ച നടന്‍. 98 മുതല്‍ നാടകരംഗത്ത്‌, മുംബൈ, ചൈന്നൈ, ഹൈദരാബാദ്‌ തുടങ്ങിയ നഗരങ്ങളില്‍ നാടകാവതരണവുമായി കറക്കം. പിന്നീട്‌ തിരുവനന്തപുരത്തേക്ക്‌. അവിടെ ഏഷ്യാനെറ്റില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍. പിന്നീട്‌ കൈരളി, സൂര്യ എന്നിവിടങ്ങളില്‍ പ്രോഗ്രാം പ്രൊഡ്യൂസര്‍. 11 വര്‍ഷത്തേക്ക്‌ അഭിനയജീവിതത്തിന്‌ വിരാമം. 11 വര്‍ഷത്തിനു ശേഷം അഭിനയിച്ച നാടകമാണ്‌ സ്‌പൈനല്‍ കോഡ്‌. ഡല്‍ഹിയില്‍ നടന്ന മഹീന്ദ്ര എക്‌സലന്റ്‌ നാഷണല്‍ തിയേറ്റര്‍ മേളയില്‍ മികച്ച സഹനടനുള്ള അവാര്‍ഡ്‌ സ്‌പൈനല്‍ കോഡ്‌ എന്ന നാടകത്തിലൂടെ ജെയിംസ്‌ ഏലിയ സ്വന്തമാക്കി. രാജ്യത്തിന്റെ പല ഭാഗങ്ങളില്‍ നിന്നായി തിരഞ്ഞെടുത്ത 210 നാടകങ്ങളില്‍ നിന്നായിരുന്നു സ്‌പൈനല്‍കോഡിന്‌ ആ അവാര്‍ഡ്‌ ലഭിച്ചത്‌. വീണ്ടും പഴയ പ്രോഗ്രാം പ്രൊഡ്യൂസറുടെ റോളില്‍. ഇത്തവണ മഴവില്‍ മനോരമയിലായിരുന്നു. അവിടെ നിന്നും സിനിമയുടെ തിരശ്ശീലയിലേക്ക്‌. 
 
 
ഭൂമിയുടെ അവകാശികള്‍
 
 
ജെയിംസ്‌ ഏലിയ തന്നിലെ സംവിധായകനെ ആദ്യമായി കണ്ടെത്തിയത്‌ ഭൂമിയുടെ അവകാശികള്‍ എന്ന നാടകകത്തിലൂടെയായിരുന്നു. സംവിധാനം ചെയ്യാന്‍ ആളെ കിട്ടാതെ വന്നപ്പോള്‍ ഒരു പരീക്ഷണം നടത്തിയതാണ്‌. പക്ഷേ ആ വര്‍ഷത്തെ കേരള സംഗീത നാടക അക്കാദമിയുടെ രണ്ടവാര്‍ഡുകളാണ്‌ ഭൂമിയുടെ അവകാശികള്‍ സ്വന്തമാക്കിയത്‌. അവതരണത്തിന്‌ രണ്ടാം സ്ഥാനവും രണ്ടാമത്തെ സംവിധായകനുള്ള അവാര്‍ഡും നാടകത്തിന്‌ ലഭിച്ചു. 
 
 
ഇനി സിനിമയില്‍ സജീവമാകണം
 
 
സംവിധാനത്തിന്‌ സംസ്ഥാന അവാര്‍ഡ്‌ ലഭിച്ചെങ്കിലും അഭിനയം വിട്ടൊന്നിനും ജെയിംസിന്‌ താല്‍പ്പര്യമില്ല. സിനിമയില്‍ സജീവമാകാനാണ്‌ ആഗ്രഹം. ചെറിയ റോളുകളിലാണെങ്കിലും ആളുകകള്‍ ശ്രദ്ധിക്കുന്ന കഥാപാത്രങ്ങള്‍ ചെയ്യണമെന്നുണ്ട്‌. അതിനായുള്ള കാത്തിരിപ്പിലാണ്‌ ഇപ്പോള്‍ ജെയിസ്‌ ഏലിയ എന്ന മോഹനന്‍ പോലീസ്‌.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.