You are Here : Home / വെളളിത്തിര

എല്ലാം ത്യജിച്ച് പ്രണവ് മോഹന്‍ലാല്‍

Text Size  

Story Dated: Friday, September 12, 2014 05:47 hrs UTC

 
വള്ളിച്ചെരുപ്പും നിറംമങ്ങിയ ടീഷര്‍ട്ടുമിട്ട് ഉലകനായകന്‍ കമലഹാസന്റെ മുഖത്തിനുനേരെ പിടിച്ച് ക്ലാപ്പടിക്കുന്ന ചെറുപ്പക്കാരനെ നിങ്ങള്‍ക്കറിയാം. താരരാജാവായ മോഹന്‍ലാലിന്റെ മകന്‍. 'ഒന്നാമനി'ലൂടെ ബാലതാരമായി തുടക്കം കുറിച്ച പ്രണവ് മോഹന്‍ലാല്‍. മലയാളസിനിമയില്‍ മക്കള്‍തരംഗം ആഞ്ഞടിക്കുന്ന ഘട്ടത്തില്‍, അഭിനയത്തില്‍നിന്ന് പിന്നോട്ടുപോയ പ്രണവിപ്പോള്‍ സിനിമയിലേക്ക് തിരിച്ചുവന്നിരിക്കുകയാണ്. പക്ഷെ അഭിനയത്തിലല്ല. സഹസംവിധാനത്തിലാണെന്നു മാത്രം.
 
ജിത്തുജോസഫ് സംവിധാനം ചെയ്യുന്ന കമലഹാസന്‍ ചിത്രം 'പാപനാശ'ത്തിന്റെ തൊടുപുഴയിലെ ലൊക്കേഷനിലാണ് പ്രണവിപ്പോള്‍. ജിത്തു സംവിധാനം ചെയ്ത 'ദൃശ്യ'മാണ് തമിഴില്‍ 'പാപനാശ'മായി പുനര്‍ജനിക്കുന്നത്. ലൊക്കേഷനിലെത്തിയ നാള്‍ മുതല്‍ താരരാജാവിന്റെ മകനെന്ന ഒരു പരിവേഷവുമില്ലാതെയാണ് പ്രണവ് വര്‍ക്ക് ചെയ്യുന്നത്. ലാലേട്ടന്റെ മകനെന്ന പരിഗണന ആദ്യദിവസങ്ങളില്‍ യൂണിറ്റ് മുഴുവനും നല്‍കിയെങ്കിലും പ്രണവിന്റെ ലാളിത്യം അതെല്ലാം തകര്‍ത്തെറിഞ്ഞു. മറ്റു സഹസംവിധായകരെപ്പോലെയാണ് താനുമെന്ന് അവന്‍ തെളിയിച്ചു. പ്രണവിന്റെ അമ്മാവനായ സുരേഷ് ബാലാജിയാണ് സിനിമ നിര്‍മ്മിക്കുന്നത്. അതിനാല്‍ താമസിക്കാന്‍ എ.സി.സ്യൂട്ട് തന്നെ ഏര്‍പ്പാടാക്കിയെങ്കിലും അവനത് നിരസിച്ചു. പ്രൊഡക്ഷനിലുള്ള സഹപ്രവര്‍ത്തകര്‍ താമസിക്കുന്ന സാദാ ഹോട്ടല്‍ മതിയെന്ന് തീരുമാനിക്കുകയും ചെയ്തു. താമസം മാത്രമല്ല, ഭക്ഷണവും അവര്‍ക്കൊപ്പം തന്നെയാണ്. പൊതുവെ അധികം സംസാരിക്കുന്ന പ്രകൃതക്കാരനല്ല പ്രണവ്. ആ അച്ചടക്കം ലൊക്കേഷനിലും സൂക്ഷിക്കുകയാണ്. 
സുകുമാരന്റെയും മമ്മൂട്ടിയുടെയും ഫാസിലിന്റെയുമൊക്കെ മക്കള്‍ ന്യൂജനറേഷന്‍ താരങ്ങളായി ജ്വലിക്കുമ്പോള്‍ മിക്കവരും മോഹന്‍ലാലിനോട് ചോദിച്ചത് പ്രണവിനെക്കുറിച്ചായിരുന്നു.
''അവന് അവന്റേതായ വഴികളുണ്ട്. അതു തീരുമാനിക്കാനുള്ള പ്രായവും പക്വതയും അവനുണ്ട്.''
 
എന്നായിരുന്നു ലാലിന്റെ മറുപടി. പലപ്പോഴും മോഹന്‍ലാലിന്റെ കൂടെ ഫോട്ടോയില്‍ പ്രത്യക്ഷപ്പെടാന്‍ പോലും അവന്‍ മടിച്ചു. 
യാത്രയായിരുന്നു പ്രണവിന് പ്രിയം. കാട്ടില്‍ കഴിയുന്ന പാവപ്പെട്ടവരെ ഇംഗ്ലീഷ് പഠിപ്പിക്കാനും അവനാഗ്രഹിച്ചു. അത്തരം ആഗ്രഹങ്ങളൊന്നും  പ്രണവ് ഒഴിവാക്കിയിട്ടില്ല. അതിനിടയിലാണ് സിനിമയ്ക്ക് പിന്നണിയില്‍ പ്രവര്‍ത്തിക്കാന്‍ മോഹമുണ്ടായത്. അത് അമ്മാവന്റെ സിനിമയിലൂടെ സാധിച്ചതിന്റെ ചാരിതാര്‍ഥ്യത്തിലാണവന്‍. ക്ലാപ്പടിച്ചുകൊണ്ടാണ് ഏതൊരു സംവിധാനസഹായിയും ഹരിശ്രീ കുറിക്കുന്നത്. താരരാജാവിന്റെ മകനായതിനാല്‍ ക്ലാപ്പ് അടിപ്പിക്കണമോ എന്ന് അണിയറപ്രവര്‍ത്തകര്‍ സംശയിക്കുമ്പോഴാണ് അതിന് റെഡിയായി പ്രണവ് മുന്നോട്ടുവന്നത്. 
 
കമലഹാസനും ഗൗതമിയും മുതല്‍ ഏറ്റവും സഹതാരങ്ങളായി വരുന്നവരോടു പോലും സൗമ്യമായ പെരുമാറ്റം.  ഓരോ സീനും ശ്രദ്ധയോടെ വീക്ഷിക്കുന്ന ഒരു കൊച്ചു സംവിധായകന്റെ മനസ്. തികച്ചും ലാളിതമായ വസ്ത്രധാരണ രീതി. ഇതൊക്കെയാണ് പ്രണവിനെ മറ്റുള്ളവരില്‍ നിന്ന് വ്യത്യസ്തനാക്കുന്നത്. രണ്ടു സിനിമകളില്‍ അഭിനയിക്കുമ്പോഴേക്കും തലക്കനം പിടിപെടുന്ന പുതിയ താരസന്തതികള്‍ കണ്ടു പഠിക്കേണ്ട പാഠമാണിത്. 

 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.