വിധു പ്രതാപ്
അഞ്ചാറു വര്‍ഷങ്ങള്‍ക്കു മുമ്പു നടന്ന സംഭവമാണ്. ഒരമ്പലത്തിലെ ഉത്സവത്തിനായിരുന്നു പാലക്കാട്ടെത്തിയത്. എന്റെ ട്രൂപ്പിന്റെ ഗാനമേളയായിരുന്നു പ്രധാന ഇനം. ഒപ്പം മിമിക്‌സ് പരേഡും. ഗാനമേളയ്ക്കിടയ്ക്ക് മിമിക്‌സും മിക്‌സ് ചെയ്തായിരുന്നു പരിപാടി പ്ലാന്‍ ചെയ്തത്.
വലിയൊരു വയലിലാണ് വേദിയൊരുക്കിയത്. സ്‌റ്റേജിനു മുമ്പില്‍ നിന്നും രണ്ടുഭാഗമായി തിരിച്ച് ആണുങ്ങള്‍ക്കും പെണ്ണുങ്ങള്‍ക്കും പ്രത്യേകം പ്രത്യേകം ഇരിപ്പിടമാണു സജ്ജമാക്കിയത്. വിശാലമായ വയലായതിനാല്‍ ചില ഭാഗങ്ങള്‍ ഇരുട്ടിലായിരുന്നു. എങ്കിലും ഫാസ്റ്റ് നമ്പര്‍ ഐറ്റം വരുമ്പോള്‍ വെളിച്ചമില്ലെങ്കില്‍ പോലും ആളുകള്‍ എഴുന്നേറ്റ് ഡാന്‍സ് ചെയ്യുന്നതു കാണാം. അത് സ്‌റ്റേജിലുള്ള ഞങ്ങള്‍ക്കും ആവേശം പകര്‍ന്നു.
പരിപാടി ഏകദേശം മുക്കാല്‍ ഭാഗം കഴിഞ്ഞുകാണും. ഒരുപാട്ടു പാടിയ ശേഷം ഞാന്‍ മൈക്ക് സ്റ്റാന്‍ഡില്‍ വച്ചതേയുള്ളൂ. പെട്ടെന്ന് വൈദ്യുതി നിലച്ചു. സ്‌റ്റേജിന്റെ സൈഡില്‍ നിന്നു കൂട്ട നിലവിളിയാണു പിന്നീടു കേട്ടത്. എല്ലാവരും ബഹളം വച്ച് അതിനടുത്തേക്കോടി. സ്‌റ്റേജിലുണ്ടായിരുന്ന ഞങ്ങളും പരിഭ്രാന്തരായി. എന്തെങ്കിലും അടിയോ പ്രശ്‌നമോ എന്നായിരുന്നു ആദ്യം കരുതിയത്. ബഹളമൊന്ന് അടങ്ങട്ടെ എന്നു കരുതി കര്‍ട്ടന്‍ താഴ്ത്തി. അഞ്ചു മിനുട്ടു കഴിഞ്ഞുകാണും. സംഘാടകരില്‍ ഒരാള്‍ സ്‌റ്റേജിനുള്ളിലേക്ക് ഓടിവന്നു. ഞങ്ങളെല്ലാവരും അയാള്‍ക്കു ചുറ്റും കൂടി.
''പരിപാടി നിര്‍ത്തിവയ്ക്കണം''
അയാള്‍ ഞങ്ങള്‍ക്കു നിര്‍ദേശം നല്‍കി. എന്റെയുള്ളൊന്നു പിടഞ്ഞു. എന്തോ സംഭവിച്ചിരിക്കുന്നു.
''ഡാന്‍സ് ചെയ്തുകൊണ്ടിരിക്കെ സൈഡിലുണ്ടായിരുന്ന വയര്‍ ഷോര്‍ട്ട് സര്‍ക്യൂട്ടായി. അതു തൊട്ട രണ്ടുപേര്‍ക്ക് ഷോക്കേറ്റു. അവരെ ആശുപത്രിയിലേക്കു കൊണ്ടുപോവുകയാണ്.''
ഞങ്ങള്‍ സ്‌റ്റേജില്‍ നിന്നിറങ്ങുമ്പോള്‍ ഷോക്കേറ്റവരേയും കൊണ്ട് വണ്ടി കുതിച്ചുപായുകയാണ്. ആളുകള്‍ പലരും ഒഴിഞ്ഞുകൊണ്ടിരിക്കുന്നു. വല്ലാത്തൊരു ശോകമൂകമായ അവസ്ഥ. പരിപാടി നിര്‍ത്തിവച്ചതായി സംഘാടകര്‍ അനൗണ്‍സ് ചെയ്തതോടെ ആളുകള്‍ പൂര്‍ണമായും ഒഴിഞ്ഞു. അര്‍ധരാത്രി തൃശൂരിലെ വീട്ടിലേക്കു പോകുമ്പോഴും മനസ് നിറയെ അവിടത്തെ സദസായിരുന്നു. പാട്ടുകള്‍ നന്നായി ആസ്വദിച്ചവരായിരുന്നു അവിടെയുള്ളവര്‍ മുഴുവനും. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റയുടന്‍ ഞാന്‍ വിളിച്ചത് ഉത്സവക്കമ്മിറ്റിക്കാരെയായിരുന്നു.
''ഷോക്കേറ്റ ഒരാള്‍ മരിച്ചു. മറ്റേയാള്‍ ഗുരുതരാവസ്ഥയിലാണ്.''
അയാള്‍ അധികം സംസാരിക്കാതെ ഫോണ്‍ വച്ചു. ഞാനാകെ അസ്വസ്ഥനായി. പാട്ടുപാടിയ ശേഷം മൈക്ക് സ്റ്റാന്‍ഡില്‍ വച്ചില്ലായിരുന്നെങ്കില്‍ എനിക്കും ഷോക്കേല്‍ക്കുമായിരുന്നു. എന്തോ ദൈവഭാഗ്യം കൊണ്ടാണ് അതില്‍ നിന്നും രക്ഷപ്പെട്ടത്.
Comments