മലയാളസിനിമയില്‍ 'കോളിളക്കം' സൃഷ്ടിച്ച ജയന്‍ മരിച്ചിട്ട് നവംബര്‍ 16ന് മുപ്പത്തിനാലുവര്‍ഷം തികയുകയാണ്. ആദ്യ സിനിമ മുതല്‍ ഒന്നിച്ചഭിനയിച്ച നടനെക്കുറിച്ച് നടി വിധുബാല ഓര്‍ത്തെടുക്കുന്നു.
വിധുബാല
ജയനും ഞാനും ഫീല്‍ഡിലെത്തിയത് ഒരേ സിനിമയിലൂടെയായിരുന്നു. നടന്‍ രവികുമാറിന്റെ അച്ഛന്‍ സംവിധാനം ചെയ്ത ചിത്രം. സിനിമയ്ക്ക് പേരൊന്നും ഇട്ടിട്ടുണ്ടായിരുന്നില്ല. ഞങ്ങളുടെ ഭാഗ്യദോഷമെന്നേ പറയേണ്ടൂ. രണ്ടു ദിവസത്തെ ഷൂട്ടിംഗിനു ശേഷം സിനിമ മുടങ്ങിപ്പോയി. വളരെക്കാലം കൊണ്ടു മോഹിച്ച് സിനിമയിലെത്തിയവരായിരുന്നു ഞങ്ങള്‍. അതിനാല്‍ പടം രണ്ടു ദിവസം കൊണ്ട് നിന്നുപോയതിലുള്ള സങ്കടം പറഞ്ഞാല്‍ തീരില്ലായിരുന്നു. സിനിമ തുടങ്ങുന്നതിനു മുമ്പു തന്നെ ജയനെ സംവിധായകന്‍ എന്റെയരികില്‍ കൊണ്ടുവന്നു പരിചയപ്പെടുത്തി.
''ഇത് കൃഷ്ണന്‍നായര്‍. പുതിയ വില്ലന്‍''
അന്ന് ജയന് ഒരു വില്ലന്റെ പരിവേഷമായിരുന്നു. ആ രീതിയിലുള്ള ശരീരപ്രകൃതിയുമായിരുന്നു അയാളുടേത്. ഒരിക്കലും ജയന്‍ നായകനാവുമെന്ന് ഞാന്‍ കരുതിയിരുന്നില്ല. പിന്നീട് എപ്പോഴോ അറിഞ്ഞു, ജയന്‍ പ്രധാന കഥാപാത്രമാവുന്നുവെന്ന്. ലിസ മുതല്‍ ആറു സിനിമകളില്‍ എന്റെ നായകനുമായി. ഓര്‍മകള്‍ മരിക്കുമോ പോലുള്ള സിനിമകളില്‍ എന്റെ സഹോദരനായും അഭിനയിച്ചു. ഇതിനിടയ്ക്ക് എപ്പോഴോ കൃഷ്ണന്‍നായര്‍ എന്ന പേരു മാറ്റി ജയനായി. ഏറ്റവുമൊടുവില്‍ ഞാന്‍ അഭിനയിച്ച സിനിമ ബേബി സംവിധാനം ചെയ്ത 'അഭിനയ'മായിരുന്നു. അതിലും ജയനായിരുന്നു നായകന്‍. 1979ലായിരുന്നു ഷൂട്ടിംഗ്. അതിന്റെ പാച്ച്‌വര്‍ക്കിനെത്തിയപ്പോഴായിരുന്നു അവസാനമായി കാണുന്നത്. ആ സിനിമയില്‍ നാടകനടിയായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. നാടകത്തിലേക്കു ക്ഷണിക്കാന്‍ ജയന്‍ എത്തുന്നതായിരുന്നു അവസാന സീന്‍. ജയന്‍ എന്ന നടന്‍ പോപ്പുലറായി വരുന്ന കാലഘട്ടമായിരുന്നു അത്. ആദ്യസിനിമയില്‍ നിന്ന് 'അഭിനയ'ത്തിലെത്തുമ്പോഴേക്കും ജയന്‍ ഒരുപാടു മാറിയിരുന്നു. കൃത്യസമയത്തു ലൊക്കേഷനില്‍ വരും. അളന്നുമുറിച്ച സംസാരം. ആരേയും വെറുപ്പിക്കാത്ത പ്രകൃതം. നല്ല പെരുമാറ്റം. മദ്യപിക്കില്ല. പുകവലിക്കില്ല. ശരിക്കും പറഞ്ഞാല്‍ ഏ പെര്‍ഫെക്ട് ജന്റില്‍മാന്‍. അതുകൊണ്ടുതന്നെ ജയനുമായി ഇടപഴകാന്‍ എളുപ്പമായിരുന്നു. ഞാന്‍ ഫീല്‍ഡ് വിട്ടശേഷമാണ് ജയന്‍ കൂടുതല്‍ ജനപ്രിയനായി മാറിയത്. ഒരേ സിനിമയില്‍ വന്നതിനാല്‍ ജയന്റെ പോപ്പുലാരിറ്റിയില്‍ എനിക്കും അഭിമാനം തോന്നി.
ഒരു നവംബര്‍ പതിനാറിനു രാവിലെയാണ് ജയന്‍ ഹെലികോപ്റ്റര്‍ അപകടത്തില്‍ മരിച്ചുവെന്ന വാര്‍ത്തയറിയുന്നത്. കേട്ടപ്പോള്‍ എല്ലാവരേയും പോലെ എനിക്കും വിശ്വസിക്കാനായില്ല. അവസാനമായി ഒരുനോക്കു കാണാന്‍ ചെന്നൈ ജനറല്‍ ആശുപത്രിയിലെത്തുമ്പോഴേക്കും ബോഡി പോസ്റ്റ്‌മോര്‍ട്ടത്തിനെടുത്തിരുന്നു. മലയാളസിനിമയിലെ ഒട്ടുമിക്ക താരങ്ങളും സംവിധായകരും കോളിളക്കത്തിലെ സാങ്കേതികപ്രവര്‍ത്തകരുമായി വലിയൊരു സിനിമാക്കൂട്ടം തന്നെയുണ്ടായിരുന്നു ആശുപത്രി വരാന്തയില്‍. എല്ലാവരുടെ കണ്ണുകളും നിറഞ്ഞിരുന്നു. ഞങ്ങള്‍ കുറച്ചുപേരെ ആശുപത്രി അധികൃതര്‍ പ്രത്യേകമുറിയില്‍ കൊണ്ടുപോയി ഇരുത്തി. മരണത്തിന്റെ ദീര്‍ഘമായ മൗനമായിരുന്നു അവിടെ. കുറച്ചു കഴിഞ്ഞപ്പോള്‍ പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍ പുറത്തേക്കിറങ്ങി. ഞങ്ങള്‍ ചുറ്റുംകൂടി.
''കത്തി വയ്ക്കാന്‍ തോന്നില്ല. അത്രയ്ക്ക് പെര്‍ഫെക്ടായിരുന്നു ബോഡി...''
ജയനെക്കുറിച്ച് ഡോക്ടര്‍ പറഞ്ഞപ്പോള്‍ ആരൊക്കെയോ വിതുമ്പി. കൂട്ടത്തില്‍ ഞാനും.
Comments