You are Here : Home / വെളളിത്തിര

ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട ഭാമ

Text Size  

Story Dated: Friday, November 28, 2014 10:35 hrs UTC

കെനിയയില്‍ ഷൂട്ടിംഗിനു പോയപ്പോള്‍ ഭീകരാക്രമണത്തില്‍നിന്ന് രക്ഷപ്പെട്ട കഥ പറയുകയാണ് ജനപ്രിയതാരം ഭാമ...

 





വയലാര്‍ മാധവന്‍കുട്ടി സാര്‍ സംവിധാനം ചെയ്ത നാക്കു പെന്റ നാക്കു ടാക്ക എന്ന സിനിമയുടെ ഷൂട്ടിംഗ് കെനിയയിലായിരുന്നു. അവിടുത്തെ മനോഹരമായ ഒരു വില്ലയിലായിരുന്നു ഞങ്ങളുടെ താമസം. കാടിന്റെയുള്ളില്‍ താമസിക്കുന്നതു പോലെയാണ് തോന്നിയത്. നല്ല കാലാവസ്ഥയാണ് കെനിയയിലേത്. എത്ര സ്‌ട്രെയിന്‍ ചെയ്താലും ക്ഷീണിക്കില്ല. ഒരുമാസത്തെ ഷൂട്ടിംഗിനിടയില്‍ ആര്‍ക്കും ഒരു ക്ഷീണം പോലും തോന്നിയിട്ടില്ല. ഇവിടെയാവുമ്പോള്‍ രണ്ടോ മൂന്നോ സീനെടുക്കുമ്പോഴേക്കും വിയര്‍ത്തുപോവും. ഉച്ചയ്ക്കുവരണമെങ്കില്‍ മുറിയില്‍ പോയി ഫ്രഷാവണം. അവിടെ അതുവേണ്ട. രാവിലത്തെ ഫ്രഷ്‌നസ് വൈകുന്നേരവും സൂക്ഷിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. അതുകൊണ്ടുതന്നെ ഓരോ നിമിഷവും എനര്‍ജറ്റിക്കാണ്.
കെനിയയിലെ ആളുകളൊക്കെ പാവങ്ങളാണ്. എന്നാല്‍ പണത്തിനുവേണ്ടി എന്തും ചെയ്യുന്നവരും കൂട്ടത്തിലുണ്ട്. അത്തരക്കാര്‍ എല്ലായിടത്തുമില്ലേ? നമ്മള്‍ സ്വയം സൂക്ഷിച്ചാല്‍ ഒരു പ്രശ്‌നവുമുണ്ടാവില്ല. അവിടത്തെ റോഡിലൂടെ രാത്രിയില്‍ ഒറ്റയ്ക്ക് നടക്കാന്‍ പറ്റില്ല. പിടിച്ചുപറിയും മോഷണവും ഉറപ്പാണെന്ന് കെനിയയിലെ മലയാളികള്‍ തന്നെ പറഞ്ഞിട്ടുണ്ട്.
കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കെനിയയില്‍ താമസിക്കുന്നവരുമായി നല്ല കമ്പനിയായി. അവിടുത്തെ സ്ത്രീകളായിരുന്നു ലൊക്കേഷനില്‍ ചായയും ബിസ്‌കറ്റുമൊക്കെ കൊണ്ടുവന്നിരുന്നത്. ഷൂട്ടിംഗ് നടക്കുമ്പോള്‍ സുരക്ഷയ്ക്കുവേണ്ടി കെനിയന്‍ പോലീസും ഞങ്ങള്‍ക്കൊപ്പം വന്നു. പൊതുവെ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ മലയാളികള്‍ കുറവാണ്. എങ്കിലും ചന്ദ്രനില്‍ വരെ മലയാളിയുണ്ടെന്നൊരു ചൊല്ലുണ്ടല്ലോ. എത്തിയ ആദ്യദിവസം തന്നെ ചില മലയാളി കുടുംബങ്ങളെ പരിചയപ്പെട്ടു. പ്രസന്നന്‍, പ്രദീപ്, അതുല്‍ എന്നിവരുടെ കുടുംബങ്ങള്‍ മിക്കപ്പോഴും ഒപ്പമുണ്ടായിരുന്നു. അവരായിരുന്നു കെനിയയെക്കുറിച്ച് കൂടുതല്‍ പറഞ്ഞുതന്നത്. എയര്‍പോര്‍ട്ടിലിറങ്ങിയപ്പോള്‍ത്തന്നെ മലയാളികള്‍ വന്ന് പരിചയപ്പെട്ടിരുന്നു. തിരക്കില്ലാത്ത നഗരത്തിലെ ഷൂട്ടിംഗ് എല്ലാവരും ശരിക്കും ആസ്വദിച്ചു. തികച്ചും സാധാരണക്കാരെപ്പോലെ കൈയുംവീശി നടന്നു. ഞങ്ങള്‍ സിനിമാതാരങ്ങളാണെന്ന് അവിടത്തുകാര്‍ക്കറിയില്ലല്ലോ.
നെയ്‌റോബിയിലെത്തിയ ദിവസം തന്നെ ഞാനും ഇന്ദ്രനും (ഇന്ദ്രജിത്ത്) വയലാര്‍ മാധവന്‍കുട്ടി സാറിനു മുമ്പില്‍ ഒരു നിര്‍ദ്ദേശം വച്ചു. ഷോപ്പിംഗ് നടത്താന്‍ ഒരു ദിവസം ഷൂട്ടിംഗ് നേരത്തേ തീര്‍ക്കണം. പറയേണ്ട താമസം മാധവന്‍കുട്ടിസാറും കാമറാമാന്‍ ക്രിഷ് കൈമളും സമ്മതിച്ചു.
''ഇവിടെ നിന്നും അഞ്ചുകിലോമീറ്റര്‍ അകലെയാണ് വെസ്റ്റ്‌ഗേറ്റ് മാള്‍. അവിടേക്ക് നമുക്കൊന്നിച്ച് ഷോപ്പിംഗിനു പോകാം. അടുത്തയാഴ്ച ആദ്യമാവട്ടെ.''
പിറ്റേ ആഴ്ചത്തേക്കുവേണ്ടി കാത്തിരിക്കുകയായിരുന്നു ഞങ്ങള്‍. ഒരു ദിവസം സംവിധായകനും ക്യാമറാമാനും കൂടി ലൊക്കേഷന്‍ നോക്കാന്‍ വെസ്റ്റ്‌ഗേറ്റ് മാളിലേക്കു പുറപ്പെട്ടു. കുറെനേരം കഴിഞ്ഞിട്ടും വരാതായപ്പോള്‍ ഇന്ദ്രന്‍ സംവിധായകനെ ഫോണില്‍ വിളിച്ചു.  
''സാറെ ഇന്‍ഡോര്‍ ഷൂട്ടിംഗ് എടുക്കേണ്ടേ?''
ഇപ്പോള്‍ത്തന്നെ വരാമെന്നു പറഞ്ഞ് ഫോണ്‍ കട്ട്‌ചെയ്തശേഷം ഇരുവരും മാളില്‍ നിന്നും പുറത്തിറങ്ങി. ലൊക്കേഷനിലെത്തി അര മണിക്കൂര്‍ കഴിഞ്ഞപ്പോഴാണ് ആ ഞെട്ടിക്കുന്ന വാര്‍ത്തയറിഞ്ഞത്. വെസ്റ്റ്‌ഗേറ്റ് മാളില്‍ തീവ്രവാദി ആക്രമണം. പിഞ്ചുകുഞ്ഞുങ്ങളടക്കം നിരവധിപേര്‍ മരിച്ചു. ഞെട്ടിത്തരിച്ചുപോയി ഞങ്ങള്‍.
''ദൈവത്തിന്റെ അനുഗ്രഹം കൊണ്ടാണ് ഞങ്ങള്‍ രക്ഷപ്പെട്ടത്.''
മാധവന്‍കുട്ടിസാര്‍ ഭീതിയോടെ പറയുമ്പോള്‍ എന്റെ ഹൃദയവും മിടിക്കുകയായിരുന്നു. പേടികൊണ്ട്. അന്ന് ശരിക്കും ഉറങ്ങാന്‍ കഴിഞ്ഞില്ല. ഷൂട്ടിംഗും നടന്നില്ല. റോഡ് നിറയെ കെനിയന്‍ പോലീസാണ്. രണ്ടുദിവസത്തേക്ക് ആ ഷോക്ക് മനസില്‍ത്തന്നെ കിടന്നു.
ഷൂട്ടിംഗിനുവേണ്ടി ആദ്യം ഞങ്ങള്‍ താമസിക്കാനിരുന്ന ഹോട്ടല്‍, വെസ്റ്റ്‌ഗേറ്റ് ഷോപ്പിംഗ് മാളിനു തൊട്ടു മുമ്പിലായിരുന്നു. ഷൂട്ടിംഗ് നടക്കുന്നത് വില്ലയിലായതിനാല്‍ സമയം കളയേണ്ടല്ലോ എന്നു കരുതിയാണ് താമസവും അങ്ങോട്ടേക്കു മാറ്റിയത്. അത് നന്നായെന്ന് പിന്നീടെല്ലാവരും പറഞ്ഞു. ജനിച്ച് ആറുമാസം മാത്രം പ്രായമുള്ള കുഞ്ഞ് പോലും ആക്രമണത്തില്‍ മരിച്ചു. കുറെ ദിവസം കഴിഞ്ഞപ്പോള്‍ ഒരു രാത്രി ഞങ്ങളെല്ലാവരും ആ സ്ഥലത്തുപോയി മരിച്ചവര്‍ക്കുവേണ്ടി പ്രാര്‍ഥിച്ചു. അവര്‍ക്കായി കുറെ മെഴുകുതിരികള്‍ കത്തിച്ചുവയ്ക്കുകയും ചെയ്തു.
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.