You are Here : Home / വെളളിത്തിര

പേരെടുത്ത ചില സിനിമാവിശേഷങ്ങള്‍

Text Size  

Story Dated: Wednesday, December 03, 2014 11:18 hrs UTC

ഒരു പേരിലെന്തിരിക്കുന്നു എന്നു ചോദിക്കരുത്. പേരിലാണ് എല്ലാം. പ്രത്യേകിച്ചും സിനിമയ്ക്ക് പേരിടുന്ന കാര്യത്തില്‍. മലയാളത്തിലെ പ്രശസ്തനായ സംവിധായകന്‍ ഐ.വി.ശശി തന്റെ കരിയറില്‍ ഉത്സവം മുതല്‍ വെള്ളത്തൂവല്‍ വരെ നൂറ്റിപ്പത്ത് സിനിമകള്‍ സംവിധാനം ചെയ്തിട്ടുണ്ട്. രണ്ടാമത്തെ സിനിമ മുതലാണ് ശശിക്ക് 'അ' 'ആ' എന്നീ അക്ഷരങ്ങളോട് പ്രണയം തുടങ്ങിയത്. അനുഭവമായിരുന്നു രണ്ടാമത്തെ സിനിമ. പിന്നീട് ആലിംഗനം, അയല്‍ക്കാരി, അഭിനന്ദനം, ആശിര്‍വാദം, അഞ്ജലി, അകലെ ആകാശം, അംഗീകാരം, അഭിനിവേശം എന്നീ സിനിമകള്‍ സംവിധാനം ചെയ്തു. അതിനുശേഷമാണ് ഇതാ ഇവിടെ വരെയെടുത്തത്. ആയിരംമേനി വരെ 39 'അ' സിനിമകള്‍ ശശി സംവിധാനം ചെയ്തു. അ സിനിമകള്‍ ഭാഗ്യസിനിമകളാണെന്ന് ശശി വിശ്വസിച്ചിരുന്നു. മിക്കതും സൂപ്പര്‍ഹിറ്റുകളായിരുന്നു.
ശ്യാമപ്രസാദ് ആദ്യമായി സംവിധാനം ചെയ്തത് കല്ലു കൊണ്ടൊരു പെണ്ണ് എന്ന സിനിമയായിരുന്നു. രണ്ടാമത്തെ സിനിമയായ അഗ്നിസാക്ഷി മുതല്‍ ശ്യാമപ്രസാദ് സ്വരാക്ഷരങ്ങള്‍ ഇഷ്ടപ്പെട്ടുതുടങ്ങി. അകലെ, ഒരേ കടല്‍, ഋതു, ഓഫ് സീസണ്‍ (കേരള കഫെ), ഇലക്ട്ര, അരികെ, ഇംീഷ്, ആര്‍ട്ടിസ്റ്റ് എന്നിവയാണ് മറ്റു സിനിമകള്‍.
സംവിധായകന്‍ സിദ്ധീഖിനാവട്ടെ ഇംീഷ് പേരുകളോടാണ് താല്‍പ്പര്യം. സിദ്ധീഖ്‌ലാല്‍ ഒന്നിച്ച റാംജി റാവ് സ്പീക്കിംഗ്, ഇന്‍ ഹരിഹര്‍ നഗര്‍, ഗോഡ്ഫാദര്‍, വിയറ്റ്‌നാംകോളനി, കാബൂളിവാല എന്നിവയില്‍ മലയാള സ്പര്‍ശമേയില്ല. സിദ്ധീഖ് സ്വതന്ത്രനായപ്പോഴൂം ഇംീഷ് പ്രേമം വിട്ടില്ല. ഹിറ്റ്‌ലര്‍ മുതല്‍ ഫ്രണ്ട്‌സ്, ക്രോണിക് ബാച്ച്‌ലര്‍, ബോഡിഗാര്‍ഡ്, ലേഡീസ് ആന്റ് ജന്റില്‍മാന്‍ വരെ അതു തുടര്‍ന്നു. സിദ്ധിഖുമായി വേര്‍പിരിഞ്ഞപ്പോള്‍ ലാലും ആ പാത പിന്തുടര്‍ന്നു. ടു ഹരിഹര്‍ നഗര്‍, ഇന്‍ ഗോസ്റ്റ് ഹൗസ് ഇന്‍, ടൂര്‍ണ്ണമെന്റ്, കോബ്ര എന്നിവയായിരുന്ന ലാല്‍ സംവിധാനം ചെയ്ത ചിത്രങ്ങള്‍.
പ്രതിഷേധത്തെത്തുടര്‍ന്ന് ഒരു സിനിമയ്ക്കിട്ട പേരു മാറ്റേണ്ടിവന്ന അനുഭവമുള്ളത് സത്യന്‍ അന്തിക്കാടിനാണ്. തട്ടാന്‍ ഭാസ്‌കരന്റെ കഥ പറഞ്ഞ പൊന്മുട്ടയിടുന്ന താറാവിന് ആദ്യമിട്ട പേര് പൊന്മുട്ടയിടുന്ന തട്ടാന്‍ എന്നായിരുന്നു. അതുവച്ച് പോസ്റ്ററുമടിച്ചു. എന്നാല്‍ തട്ടാന്‍ സമുദായത്തില്‍പെട്ടവര്‍ പ്രശ്‌നമുണ്ടാക്കിയതോടെ അന്തിക്കാടിന് തട്ടാന്‍ എന്നത് താറാവാക്കി മാറ്റേണ്ടിവന്നു. പേരിടാതെ ഒരു സിനിമ പുറത്തിറങ്ങിയതും മലയാളത്തിലാണ്. പ്രേക്ഷകരില്‍ നിന്ന് പേരു ക്ഷണിച്ചശേഷം രണ്ടാംവാരത്തിലാണ് ആ സിനിമയ്ക്ക് പേരിട്ടതിങ്ങനെ-ടോക്കിയോ നഗറിലെ വിശേഷങ്ങള്‍. ആ സിനിമയിലെ നായകന്‍ മുകേഷായിരുന്നു.  
കിരീടം ഉണ്ണിയുടെ കൃപ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങളുടെ ടൈറ്റില്‍ എഴുതുന്നത് ഒരേ രൂപത്തിലായിരുന്നു. കിരീടം, സാഫല്യം, സമ്മാനം, ഭൂതക്കണ്ണാടി... തുടങ്ങിയവ ഉദാഹരണം. സംവിധായകന്‍ ജോഷിയുടെ ചില സിനിമകളുടെ പേര് ഡിസൈന്‍ ചെയ്തത് സര്‍ഫ് ഉപയോഗിച്ചാണ്. നായര്‍സാബ്, സംഘം, ലേലം, വാഴുന്നോര്‍, പത്രം, ഏറ്റവുമൊടുവില്‍ സലാം കാശ്മീര്‍ വരെ.
കാവ്യസ്പര്‍ശമുള്ള പേരുകള്‍ ഏറ്റവും കൂടുതല്‍ മലയാളത്തിന് സമ്മാനിച്ചത് ഒരുപക്ഷേ സംവിധായകന്‍ കമലായിരിക്കും. ആദ്യചിത്രമായ മിഴിനീര്‍പ്പുവുകള്‍ തന്നെ ഉദാഹരണം. കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍താടികള്‍, പെരുവണ്ണാപുരത്തെ വിശേഷങ്ങള്‍, പൂക്കാലം വരവായി, പാവം പാവം രാജകുമാരന്‍, മഴയെത്തുംമുമ്പെ, ഈ പുഴയും കടന്ന്, കൃഷ്ണഗുഡിയില്‍ ഒരു പ്രണയകാലത്ത്, കൈക്കുടന്ന നിലാവ്, അയാള്‍ കഥയെഴുതുകയാണ്, മഞ്ഞുപോലൊരു പെണ്‍കുട്ടി...തുടങ്ങി ഉദാഹരണങ്ങളേറെയുണ്ട്.
ഒരു സിനിമയെ സംബന്ധിച്ചിടത്തോളം പ്രമേയം പോലെതന്നെ പേരും പ്രധാനമാണ്. നല്ല കഥയുണ്ടായിട്ടും പേര് ശരിയല്ലാത്തതുകൊണ്ട് പരാജയപ്പെട്ടുപോയ ഒരുപാടു സിനിമകള്‍ മലയാളത്തിലുണ്ടായിട്ടുണ്ട്. അതുകൊണ്ടാവണം സിനിമയുടെ അണിയറപ്രവര്‍ത്തകര്‍ പേരില്‍ കൂടുതല്‍ ശ്രദ്ധിക്കുന്നതും. ഇനി പറയൂ, പേരില്‍ ഒരുപാടു കാര്യമില്ലേ?
 

    Comments

    നിങ്ങളുടെ അഭിപ്രായങ്ങൾ


    PLEASE NOTE : അവഹേളനപരവും വ്യക്തിപരമായ അധിഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. അശ്ലീല അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.