തെന്നിന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികാനടിയാണ് മലയാളി കൂടിയായ നയന്‍താര. സിദ്ധിഖ് സംവിധാനം ചെയ്യുന്ന 'ഭാസ്‌കര്‍ ദി റാസ്‌കലി'ന്റെ കൊച്ചിയിലെ സെറ്റില്‍ അവര്‍ തനി സാധാരണക്കാരിയാണ്. സംവിധായകന്‍ പറയുന്നത് അതേപടി അനുസരിക്കുന്ന അഭിനേത്രി. നയന്‍സിന് വിശ്രമിക്കാന്‍ ഏതുസമയവും ലൊക്കേഷനില്‍ കാരവനുണ്ടെങ്കിലും മേക്കപ്പിടാന്‍ മാത്രമേ അവര്‍ അതിലേക്ക് കയറാറുള്ളൂ. ബാക്കി സമയം മുഴുവനും പുറത്തിരിക്കും. സമയത്തിന്റെ കാര്യത്തിലും നയന്‍സ് കൃത്യനിഷ്ഠത പാലിക്കുന്നു. ഒന്‍പതു മണിക്ക് റെഡിയാവണം എന്നു പറഞ്ഞാല്‍ ആ സമയത്തേക്ക് മേക്കപ്പോടെ റെഡിയായിരിക്കും. സത്യന്‍ അന്തിക്കാടിന്റെ 'മനസ്സിനക്കരെ'യിലെ നായികയായി മലയാളത്തില്‍ തുടക്കമിട്ട നയന്‍സ് അച്ചടക്കം പഠിച്ചതു മുഴുവന്‍ തമിഴ് സിനിമയില്‍ നിന്നാണ്. അതവര്‍ ഇവിടെയും പാലിക്കുന്നു എന്നേയുള്ളൂ. നമ്മുടെ മലയാളി നടിമാര്‍ നയന്‍സില്‍നിന്ന് ഏറെ പഠിക്കേണ്ടിയിരിക്കുന്നു. അഭിനയിക്കാന്‍ മാത്രം കാരവനില്‍ നിന്നിറങ്ങിവരുന്ന നടിമാരുള്ള നാടാണ് കേരളം. ഒരു സീന്‍ കഴിഞ്ഞാല്‍ അഞ്ചുമിനുട്ട് ഗ്യാപ്പുണ്ടെങ്കില്‍പോലും കാരവനിലേക്ക് ചാടിക്കയറും. ഒരു മിനുട്ട് പോലും ഒപ്പം അഭിനയിക്കുന്നവരോട് സംസാരിക്കില്ല. ഒരു സിനിമയില്‍ അഭിനയിച്ച് പേരെടുത്ത ന്യൂജനറേഷന്‍ നായികമാര്‍ക്കും കാരവന്‍ കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.
'ഭാസ്‌കര്‍ ദി റാസ്‌കലി'ന്റെ സെറ്റില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയാണ് നായകന്‍. അദ്ദേഹവും കാരവന്‍ ഉപയോഗിക്കുന്നത് അപൂര്‍വം മാത്രമാണ്. ഓരോ ഷോട്ടെടുത്ത ശേഷവും സംവിധായകനൊപ്പമിരുന്ന് റീവൈന്‍ഡ് ചെയ്ത് സീന്‍ കാണും. എടുത്ത ഭാഗം ശരിയായില്ലെങ്കില്‍ 'ഒന്നു കൂടി നോക്കാം സിദ്ധിഖേ' എന്നു പറഞ്ഞ് ക്യാമയ്ക്കു മുമ്പിലെത്തും. മമ്മൂട്ടിക്കൊപ്പം അഭിനയിക്കുന്നത് 'വെള്ളിമൂങ്ങ'യിലൂടെ പ്രശസ്തനായ സാജു നവോദയ ആണ്. സാജു മലയാളസിനിമയെ സംബന്ധിച്ചിടത്തോളം പുതുമുഖമാണ്. എന്നിട്ടും സാജുവിനോട് അഭിനയിക്കേണ്ട രീതിയെക്കുറിച്ച് ഒരധ്യാപകനെപ്പോലെ മമ്മൂട്ടി കൃത്യമായി പറഞ്ഞുകൊടുക്കുന്നതു കാണാം.
ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാന്‍ വേണ്ടി മാത്രമാണ് മമ്മൂട്ടി കാരവനിലേക്ക് കയറിയത്. അത്രയ്ക്ക് ലാളിത്യത്തോടെയാണ് ഇവരുടെയൊക്കെ ജീവിതം. എന്നാല്‍ മലയാളത്തിലെ പ്രശസ്തനായ സംവിധായകന്റെ മകനായ ന്യൂ ജനറേഷന്‍ താരത്തിന് കാരവനില്ലാത്ത ലോകത്തെക്കുറിച്ച് ചിന്തിക്കാന്‍ പോലും വയ്യ. രണ്ടു സിനിമകള്‍ ഹിറ്റായപ്പോഴേക്കും പുള്ളി വേറേതോ ലോകത്താണ്. ഇരുന്നൂറിലധികം സിനിമകളില്‍ അഭിനയിച്ച നടി ശാന്തകുമാരി ഇപ്പോഴും കൊച്ചിയിലെ വീട്ടില്‍ നിന്ന് ലൊക്കേഷനിലേക്ക് പോകുന്നത് ബസ്സിലാണ്. ഇതുപോലെ തന്നെയായിരുന്നു അന്തരിച്ച നടി കോഴിക്കോട് ശാന്താദേവി. കോഴിക്കോട്ടെ പച്ചബസ്സിന്റെ മുമ്പില്‍ മിക്കപ്പോഴും അവരെ കാണാം. അങ്ങനെയുള്ള പാരമ്പര്യമുള്ളിടത്താണ് കാരവന്‍ബാധ കൂടിയവരെ കണ്ടെത്തുന്നത്. രണ്ടു സിനിമകള്‍ തുടരെത്തുടരെ പൊട്ടിയാല്‍ ഈ രോഗം താനെ മാറിക്കോളും.
Comments