വിഖ്യാത ചലച്ചിത്രകാരന്‍ ജി.അരവിന്ദന്റെ ഇരുപത്തിനാലാം ചരമവാര്‍ഷിക ദിനമാണിന്ന്. സന്തത സഹചാരിയും സ്റ്റില്‍ ഫോട്ടോഗ്രാഫറും നടനുമായ അന്തരിച്ച എന്‍.എല്‍.ബാലകൃഷ്ണന്‍, മരണത്തിനുമുമ്പ് അരവിന്ദനെക്കുറിച്ച് പറഞ്ഞുതന്ന കഥയാണിത്.
അരവിന്ദേട്ടനൊപ്പം പതിനൊന്നു സിനിമകളില്‍ പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതാണ് ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യം. ആദ്യചിത്രമായ 'ഉത്തരായനം' മുതല്‍ അവസാനചിത്രമായ 'വാസ്തുഹാര' വരെ. 'ഉത്തരായന'ത്തിന്റെ ആദ്യഘട്ടചര്‍ച്ച നടന്നത് കോഴിക്കോട്ടായിരുന്നു. അരവിന്ദേട്ടന്‍, പട്ടത്തുവിള, തിക്കോടിയന്‍, എം.ടി എന്നിവരൊക്കെയുണ്ട്. കഥ കേട്ടപ്പോള്‍ അരവിന്ദേട്ടന്‍ പറഞ്ഞു.
''ഈ സിനിമ നമുക്ക് അടൂരിനെക്കൊണ്ട് ചെയ്യിച്ചാലോ?''
പക്ഷെ മറ്റു മൂന്നുപേരും അതിനോട് യോജിച്ചില്ല. അരവിന്ദേട്ടന്‍ തന്നെ ചെയ്യണമെന്ന് അവര്‍ വാശിപിടിച്ചു. അങ്ങനെയാണ് 'ഉത്തരായനം' ചെയ്യാന്‍ നിയോഗമുണ്ടായത്.
കോഴിക്കോട് കൊയിലാണ്ടിയിലെ പൂമഠം തറവാട്ടിലായിരുന്നു ഷൂട്ടിംഗ്. പിഷാരിക്കാവിനടുത്തായിരുന്നു ആ തറവാട്. നല്ലൊരു ടീമുണ്ടായിരുന്നു അവിടെ. അതുകൊണ്ടുതന്നെ ഷൂട്ടിംഗായി തോന്നിയില്ല. കുടുംബത്തിലെത്തിയ അവസ്ഥയിലായിരുന്നു ഞാന്‍. പാചകത്തിന്റെ ചുമതല ആര്‍ട്ടിസ്റ്റ് നമ്പൂതിരിക്കാണ്. അതിരാവിലെ ഞാനും അരവിന്ദേട്ടനും കാമറാമാന്‍ മങ്കട രവിവര്‍മ്മയും ജീപ്പിലേക്ക് കയറും. രണ്ടുകിലോമീറ്റര്‍ അപ്പുറം വയലിനുനടുവില്‍ ചെറിയൊരു കുളമുണ്ട്. അവിടെ കുളിക്കാനിറങ്ങും. ഞാനും അരവിന്ദേട്ടനും നീന്തിത്തിമിര്‍ക്കുമ്പോള്‍, രവിവര്‍മ്മ കുളത്തിലിറങ്ങാതെ പടിയില്‍ നിന്ന് മുങ്ങിനിവരും. ഏഴുദിവസം മാത്രമേ രാത്രി ഷൂട്ടിംഗുണ്ടായുള്ളൂ. ദിവസവും വൈകുന്നേരമായാല്‍ എല്ലാവരും കാശെടുത്ത് പ്രൊഡക്ഷനിലെ ഒരു പയ്യനെ മാഹിയിലേക്കയക്കും. കേന്ദ്രഭരണപ്രദേശമായതിനാല്‍ അവിടെ മദ്യത്തിന് വിലക്കുറവാണ്. മുന്തിയ ബ്രാന്‍ഡ് കഴിക്കണമെന്ന നിര്‍ബന്ധമൊന്നും അരവിന്ദേട്ടനില്ല. അദ്ദേഹം എന്തു കഴിക്കുന്നോ അതുതന്നെ യൂണിറ്റംഗങ്ങള്‍ക്കും നല്‍കും. രാത്രി എട്ടരയോടെ പൂമഠം തറവാട്ടിലെ ചായ്പ്പില്‍ എല്ലാവരും ചമ്രം പടിഞ്ഞിരിക്കും. ാസുകളില്‍ മദ്യം നിറച്ചുള്ള ആ ഇരിപ്പ് പലപ്പോഴും പാതിരാത്രി വരെ നീളും. അരവിന്ദേട്ടന്‍ ടാഗോര്‍ കവിതകള്‍ മനോഹരമായി പാടും. അല്ലെങ്കില്‍ ഹിന്ദുസ്ഥാനി.
കേരളത്തിലെ ഏറ്റവും നല്ല കള്ള് കിട്ടുന്നത് അരവിന്ദേട്ടന്റെ ജന്മനാട്ടിലാണ്. കുമരകത്ത്. ഷാപ്പില്‍ പോയി കള്ളുകുടിക്കുന്നത് അരവിന്ദേട്ടന് ഇഷ്ടമാണ്. രാത്രി പതിനൊന്നുമണിക്കുവരെ ഷാപ്പില്‍ കയറി കുടിച്ചതു കണ്ടിട്ടുണ്ട്.
'ചിദംബര'ത്തിന്റെ ഷൂട്ടിംഗ് അവസാനിച്ച ദിവസം പതിവുപോലെ ഞങ്ങളൊന്നിച്ചു മദ്യപിച്ചു. സംസാരിച്ചുതുടങ്ങിയപ്പോള്‍ അരവിന്ദേട്ടന്‍ വികാരഭരിതനായി എന്നെ ചേര്‍ത്തുപിടിച്ചു. ആ കണ്ണുകള്‍ നിറയുന്നത് എനിക്കു കാണാം.
''നിന്നെ എന്റെ അനിയനായി ദത്തെടുക്കാന്‍ പോവുകയാണ്.''
ഞാനൊന്നും പറഞ്ഞില്ല. അരവിന്ദേട്ടന് എന്നോട് അത്രമാത്രം സ്‌നേഹമായിരുന്നു. ഇടയ്ക്ക് എന്തെങ്കിലും പറഞ്ഞ് പ്രകോപിപ്പിച്ചാല്‍ 'നീ പോടാ പരട്ടെ' എന്നു പറയും. അരവിന്ദേട്ടന്റെ ഏറ്റവും വലിയ ചീത്ത 'മ്ലേച്ഛന്‍' എന്നാണ്. അതിലപ്പുറം ഒരു വാക്കുപോലും പറയില്ല.
1991 മാര്‍ച്ച് 15. അന്നും പതിവുപോലെ രാത്രി എട്ടുമണിക്ക് ഫോണ്‍ ഡിസ്‌കണക്ട് ചെയ്ത് ഉറങ്ങാന്‍ കിടന്നു. ലാന്‍ഡ്‌ഫോണ്‍ മാത്രമുള്ള കാലമാണത്. ഫോണ്‍ ശബ്ദം കേട്ടാല്‍ ഉറക്കം തടസ്സപ്പെടുമെന്ന് കരുതിയതുകൊണ്ടാണ് ഡിസ്‌കണക്ട് ചെയ്യുന്നത്. പിറ്റേ ദിവസം രാവിലെ എഴുന്നേറ്റ് കട്ടന്‍കാപ്പി കുടിച്ചുകൊണ്ടിരിക്കുമ്പോഴാണ് ബേക്കറിയിലെ ഉണ്ണിക്കൃഷ്ണന്‍ ഗേറ്റിനടുത്തെത്തി ചോദിച്ചത്.
''ഇതെന്താ ബാലേട്ടന്‍ പോകുന്നില്ലേ?''
എനിക്കൊന്നും മനസിലായില്ല.
''അല്ല ബാലേട്ടന്‍ അറിഞ്ഞില്ലേ, നമ്മുടെ അരവിന്ദന്‍ സാര്‍... ഇന്നത്തെ പത്രത്തില്‍ വാര്‍ത്തയുണ്ട്.''
ഷോക്കേറ്റതുപോലെയാണ് തോന്നിയത്. അപ്പോള്‍ത്തന്നെ ഗോപാലകൃഷ്ണനെ (ഗോഷ്മ) വിളിച്ചു. അരവിന്ദേട്ടന്റെ മനസ്സാക്ഷിസൂക്ഷിപ്പുകാരനാണ് ഗോഷ്മ. ഉണ്ണിക്കൃഷ്ണന്‍ പറഞ്ഞതു ശരിയാണ്. തലേദിവസം രാത്രി അരവിന്ദേട്ടന്‍ മരിച്ചു. ഇക്കാര്യം പറയാന്‍വേണ്ടി വിളിച്ചെങ്കിലും എന്നെ ഫോണില്‍ കിട്ടിയില്ല. മനസില്‍ വല്ലാത്തൊരു ശൂന്യത തോന്നി. അരവിന്ദേട്ടന്‍ ഇനി ഒപ്പമുണ്ടാവില്ലെന്ന തിരിച്ചറിവ് വല്ലാതെ വേദനിപ്പിച്ചു. അപ്പോള്‍ത്തന്നെ അരവിന്ദേട്ടന്റെ തിരുവനന്തപുരത്തെ വീട്ടിലേക്കു പോയി. മൃതദേഹം കിടത്തിയ മുറിയില്‍ കയറാതെ പുറത്തുനിന്നു. പൊതുദര്‍ശനത്തിനുവച്ച വി.ജെ.ടി ഹാളിനു മുമ്പിലും പിന്നീട് ശ്മശാനത്തിലും പോയിട്ടും ആ മൃതദേഹം കണ്ടില്ല. അരവിന്ദേട്ടന്റെ ജീവനില്ലാത്ത മുഖം എനിക്കു കാണാന്‍ കഴിയില്ലായിരുന്നു. അതുകൊണ്ടാവാം മനസിലുള്ളത് അരവിന്ദേട്ടന്റെ ചിരിച്ച മുഖമാണ്.
Comments