അമ്മയും അച്ഛനും അഭിനേതാക്കളാവുമ്പോള്‍ മകനും അഭിനയിക്കാന്‍ മോഹമുണ്ടാകുന്നത് സ്വാഭാവികം. എന്നാല്‍ പുതുമുഖമായ മകനുവേണ്ടി അമ്മ വാശി കാണിച്ചാല്‍ എന്തുസംഭവിക്കും? സിനിമയില്‍നിന്നും ഔട്ടാവും. അതാണ് സത്താറിന്റെയും ജയഭാരതിയുടെയും നടനായ ക്രിഷിനും സംഭവിച്ചത്.
പഠിക്കുമ്പോള്‍ യൂണിവേഴ്‌സിറ്റി തലത്തില്‍ ഗുഡ് സ്റ്റുഡന്റായിരുന്ന ക്രിഷിന് ബാല്യം മുതല്‍ തമിഴ് സിനിമകളോടായിരുന്നു താല്‍പ്പര്യം. കമലഹാസന്‍, രജനീകാന്ത്, അജിത്ത്, വിജയ് എന്നിവരുടെ ഒറ്റ സിനിമയും വിടാറില്ല. അഭിനയിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചപ്പോള്‍ തല്‍ക്കാലം വേണ്ടെന്ന് ജയഭാരതിയുടെ മറുപടി. അവര്‍ ക്രിഷിനെ എന്‍ജിനിയറിംഗ് പഠിക്കാന്‍ യു.കെയിലേക്കയച്ചു. പഠനം കഴിഞ്ഞപ്പോള്‍ റോയ്‌ട്ടേഴ്‌സിന്റെ കൊമേഴ്‌സ്യല്‍ മാനേജരായി ജോലി കിട്ടി. ന്യൂയോര്‍ക്കില്‍ വര്‍ക്ക് ചെയ്തുകൊണ്ടിരിക്കെ അവന്‍ ഷെയ്ക്‌സ്പിയര്‍ നാടകങ്ങളില്‍ അഭിനയിച്ചുതുടങ്ങി. ചെന്നൈയിലെ ഏതോ ചടങ്ങില്‍വച്ചാണ് സംവിധായകന്‍ സിദ്ധിഖ് ക്രിഷിനെ കണ്ടത്. അഭിനയിക്കാന്‍ വിടുമോയെന്ന് ചോദിച്ചു. വെക്കേഷനില്‍ വരുമ്പോള്‍ നോക്കാമെന്ന് ജയഭാരതിയുടെ മറുപടി. അതാണ് 'ലേഡീസ് ആന്റ് ജന്റില്‍മാനി'ലേക്ക് വഴി തുറന്നത്. അഭിനയിക്കാന്‍ വരുന്നതിനു മുമ്പുതന്നെ ജയഭാരതി ചോദിച്ചത് കഥയെക്കുറിച്ചാണ്. പിന്നീട് മകന്റെ വേഷത്തെക്കുറിച്ചും. പൊതുവെ ശാന്തസ്വഭാവക്കാരനായ സിദ്ധിഖ് ഒട്ടും നീരസം പ്രകടിപ്പിക്കാതെ അതെല്ലാം പറഞ്ഞുകൊടുത്തു. ഇനിയുമുണ്ടായിരുന്നു, നിബന്ധനകള്‍.
''ഷൂട്ടിംഗ് തീരുന്നതുവരെ ക്രിഷിനൊപ്പം ഞാനുമുണ്ടാവും. രണ്ടുപേര്‍ക്കും താമസിക്കാന്‍ കൊച്ചിയിലെ മുന്തിയ ഹോട്ടല്‍ തന്നെ വേണം.''
മലയാളത്തിലെ സീനിയറായ നടിയായതിനാല്‍ നിര്‍മ്മാതാവും ഉടക്ക് പറഞ്ഞില്ല. മോഹന്‍ലാലിന്റെ ഉടമസ്ഥതയിലുള്ള 'ട്രാവന്‍കൂര്‍ കോര്‍ട്ടി'ല്‍ താമസവും ഭക്ഷണവും ഏര്‍പ്പാട് ചെയ്തു. 'ലേഡീസ് ആന്റ് ജന്റില്‍മാന്‍' ഷൂട്ട് കഴിഞ്ഞ് റിലീസായി. സംവിധാനം ചെയ്ത എല്ലാ സിനിമകളും ഹിറ്റായ ചരിത്രമേ അതുവരെ സിദ്ധിഖിനുണ്ടായിരുന്നുള്ളൂ. എന്നാല്‍ നിര്‍ഭാഗ്യമെന്നു പറയട്ടെ 'ലേഡീസ് ആന്റ് ജന്റില്‍മാന്‍' പൊട്ടി. അതോടെ ക്രിഷ് കുറേനാള്‍ വീട്ടിലിരുന്നു. ഇടയ്ക്ക് മലയാളത്തില്‍നിന്ന് ചിലരൊക്കെ വിളിച്ചു.
''ആദ്യം അമ്മ കഥ കേള്‍ക്കണം. അതിനുശേഷമേ അഭിനയിക്കാന്‍ കഴിയുകയുള്ളൂ''
എന്നായിരുന്നു അവന്റെ മറുപടി. പൊട്ടിയ സിനിമയില്‍ സഹതാരമായി അഭിനയിച്ച പയ്യന് ഇത്രയും നിബന്ധനയോ എന്നോര്‍ത്ത് അവരൊക്കെ പിന്‍വാങ്ങി.
അതിനുശേഷം '22 ഫീമെയില്‍ കോട്ടയം' എന്ന സിനിമയുടെ തമിഴ്, തെലുങ്ക് വേര്‍ഷനുകളില്‍ അഭിനയിച്ചു. അവിടെയും ജയഭാരതി നേരിട്ടിടപെട്ട് കഥ കേട്ടാണ് മകന് അഭിനയിക്കാന്‍ അനുമതി നല്‍കിയത്.
കഴിഞ്ഞവര്‍ഷം അനില്‍ബാബുമാരിലെ ബാബു ആദ്യമായി സംവിധാനം ചെയ്ത 'നൂറാവിത്ത് ലൗവി'ലേക്ക് വിളിച്ചപ്പോഴും ജയഭാരതി പറഞ്ഞു.
''എനിക്ക് കഥ കേള്‍ക്കണം. കഥാപാത്രത്തെക്കുറിച്ചറിയണം. എന്നിട്ടേ സമ്മതിക്കുകയുള്ളൂ.''
ബാബുവും നിര്‍മ്മാതാവും കഥ പറഞ്ഞു. ജയഭാരതിക്കിഷ്ടപ്പെട്ടു. കോഴിക്കോട്ടായിരുന്നു ലൊക്കേഷന്‍. ഫൈവ്‌സ്റ്റാര്‍ ഹോട്ടലായ ടാജില്‍ രണ്ടുപേര്‍ക്ക് താമസവും ഭക്ഷണവും വേണമെന്നായി അടുത്ത വാശി. പെട്ടുപോയതിനാല്‍ എല്ലാം സമ്മതിക്കേണ്ടിവന്നു. ആ പടവും നിലംതൊടാതെ പൊട്ടി. എന്നിട്ടും ജയഭാരതിയുടെയും ക്രിഷിന്റെയും നിബന്ധനകള്‍ക്ക് മാറ്റം വന്നില്ല. അതോടെ സംവിധായകരും നിര്‍മ്മാതാക്കളും വിളിക്കാതായി. റോളൊന്നും കിട്ടാതെ വന്നതോടെ മകനെ ലണ്ടനിലേക്കുതന്നെ തിരിച്ചയച്ചു എന്നാണ് ഏറ്റവുമൊടുവിലത്തെ വാര്‍ത്ത.
Comments